Sorry, you need to enable JavaScript to visit this website.
Tuesday , August   11, 2020
Tuesday , August   11, 2020

റബർ വിപണിയിൽ ഉണർവ്; വില വർധിച്ചു

അന്താരാഷ്ട്ര റബർ മാർക്കറ്റിലെ ഉണർവ് കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ ഷീറ്റിനായി ആഭ്യന്തര വിപണിയെ സമീപിച്ചു.  കൊച്ചി, കോട്ടയം വിപണികളിലാണ് ഇവർ കൂടുതൽ താൽപര്യം കാണിച്ചത്. ജപ്പാനീസ് മാർക്കറ്റായ ടോക്കോമിൽ റബർ അവധി വിലകൾ ഉയർന്നത് കണ്ട് തായ്‌ലണ്ട് അടക്കമുള്ള ഉൽപാദന രാജ്യങ്ങളിൽ ഷീറ്റിൽ പിടിമുറുക്കി. വിദേശത്തെ ഉണർവിൽ കേരളത്തിൽ നാലാം ഗ്രേഡ് റബർ വില 11,800 ൽ നിന്ന് 12,500 രൂപയായി. ക്വിന്റലിന് പെടുന്നനെ 700 രൂപ ഉയർന്നെങ്കിലും വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഷീറ്റ് ലഭ്യത ഉയർന്നില്ല. അഞ്ചാം ഗ്രേഡ് 700 രൂപയുടെ മികവുമായി 11,600-12,200 രൂപയിലാണ്. ഉത്തരേന്ത്യൻ വ്യവസായികൾ 8200 രൂപയ്ക്ക് ലാറ്റക്‌സ് ശേഖരിച്ചു. അനുകൂല കാലാവസ്ഥയിൽ റബർ ടാപ്പിങിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പലരും.

എന്നാൽ വില കുറവ് മൂലം തോട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരും നിരവധിയാണ്. ഇതിനിടയിൽ ആഭ്യന്തര അവധി വിലകൾ വീണ്ടും ഉയർത്താൻ ഊഹക്കച്ചവടക്കാർ നീക്കം നടത്തിയാൽ താൽക്കാലിക ഉണർവ് തുടരാം. ടോക്കോമിലേയ്ക്ക് തിരിഞ്ഞാൽ സെപ്റ്റംബർ അവധി 147 യെന്നിലാണെങ്കിലും 151 യെന്നിൽ പ്രതിരോധമുണ്ട്.
വിദേശ കുരുമുളക് വരവ് കനത്തതോടെ ഉത്തരേന്ത്യയിൽ നിന്നും ആവശ്യം കുറഞ്ഞു. ആകർഷമായ വിലയ്ക്ക് വിദേശ ചരക്ക് ലഭ്യമായതോടെ വാങ്ങലുകാർ നാടൻ മുളക് സംഭരണം കുറച്ചത് വിപണിയെ തളർത്തി. കൂർഗ്ഗ് മുളകിനും ഡിമാന്റ് മങ്ങിയത് ദക്ഷിണേന്ത്യൻ വിപണികളെ മൊത്തതിൽ ബാധിച്ചു. അതേ സമയം ഉത്സവ കാല ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ചരക്ക് സംഭരണം മാസാവസാനത്തോടെ ഊർജിതമാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽ കണ്ട് ഇടനിലക്കാർ ചരക്ക് സംഭരിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 4300 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് 30,000 രൂപ.


ഏലക്ക വിളവെടുപ്പ് രംഗം ഊർജിതമായതിനിടയിൽ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ഉയർന്നു. പല അവസരത്തിലും അര ലക്ഷം കിലേയ്ക്ക് മുകളിൽ ചരക്ക് ലേലത്തിന് എത്തി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ സജീവമായതോടെ ഈ മാസം നടന്ന ലേലങ്ങളിൽ കിലോ രണ്ടായിരം രൂപക്ക് മുകളിലാണ്. വാരാന്ത്യം ഏലക്ക കിലോ 2229 രൂപയിലാണ്.
അറബ് രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. ടെർമിനൽ വിപണിയിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പലരും ചുക്ക് ശേഖരിച്ചത്  വിലക്കയറ്റത്തിന് തടസ്സമായി. ചുക്കിന് വിദേശ ആവശ്യക്കാരുണ്ടെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. അതേ സമയം വിൽപനയ്ക്ക് എത്തുന്ന ചുക്ക് കയറ്റുമതിക്കാർ ശേഖരിക്കുന്നുണ്ട്. മീഡിയം ചുക്ക് 25,500 രൂപ ബെസ്റ്റ് ചുക്ക് 27,500 രൂപ. 


നാളികേരോൽപന്നങ്ങളുടെ വില ഇരുപത്തി അഞ്ച് ദിവസത്തിന് ശേഷം ഉയർന്നു. തമിഴ്‌നാട്ടിൽ കൊപ്ര വില ചെറിയ അളവിൽ കയറിയതാണ് വെളിച്ചെണ്ണയ്ക്ക് നേട്ടമായത്. ജൂൺ മധ്യം മുതൽ ക്വിന്റലിന് 14,500 ൽ നിലകൊണ്ട വെളിച്ചെണ്ണ വാരാവസാനം 14,600 ലേയ്ക്ക് കയറി. കൊപ്ര 9825 രൂപയിലാണ്. വർഷാരംഭത്തിൽ തുടങ്ങിയ തിളക്കം ആഭരണ വിപണികൾ നിലനിർത്തി. തുടർച്ചയായ ഏഴാം മാസവും മഞ്ഞലോഹം തിളങ്ങിയതിനിടയിൽ പവൻ  ജനുവരിയിലെ 29,640 ൽ നിന്ന് ഇതിനകം 36,000 രൂപ മറികടന്നു. പിന്നിട്ടവാരം 35,960 രൂപയിൽ നിന്ന് 36,600 വരെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ച ശേഷം ശനിയാഴ്ച പവൻ 36,520 ലാണ്.