Sorry, you need to enable JavaScript to visit this website.

സൂചികയിലെ മുന്നേറ്റം നിക്ഷേപകരെ അടുപ്പിച്ചു

ഓഹരി ഇൻഡക്‌സുകളുടെ സാങ്കേതിക ചലനങ്ങളെ മുറുകെ പിടിച്ച് ധനകാര്യ സ്ഥാപനങ്ങൾ കരുനീക്കം ശക്തമാക്കി. ഓഹരി വിപണി ഒരു കൺസോളിഡേഷനുള്ള ശ്രമത്തിലാണ്. അതായത് ഒരു സാങ്കേതിക തിരുത്തലിൽ സാധ്യത തെളിയുന്നതിനാൽ ചെറുകിട നിക്ഷേപകർ കരുതലോടെ മാത്രമാവും വരും ദിനങ്ങളിൽ വിപണിയെ സമീപിക്കുക. ഒരു വിഭാഗം ഫണ്ടുകൾ പുതിയ വാങ്ങലിനും ഷോട്ട് സെല്ലിങിനും ഇനിയുള്ള ദിവസങ്ങളിൽ നീക്കം നടത്താൻ ഇടയുള്ളതിനാൽ സ്റ്റോപ്പ് ലോസിന് പ്രാധാന്യമേറും, ഒപ്പം വൻ ചാഞ്ചാട്ട സാധ്യതയും. ഇന്ത്യൻ ഇൻഡക്‌സുകൾ തുടർച്ചയായ നാലാം വാരവും നേട്ടത്തിലാണ്. സൂചികയിലെ മുന്നേറ്റം നിക്ഷേപകരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. ഈ വർഷം ആദ്യമായാണ് ബി എസ് ഇ, എൻ എസ് ഇ സൂചികയിൽ ഇത്തരം ഒരു മുന്നേറ്റം. പിന്നിട്ടവാരം സെൻസെക്‌സ് 573 പോയന്റും നിഫ്റ്റി 75 പോയന്റും ഉയർന്നു.


മുൻ നിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപയുടെ വർധന. ആർ ഐ എൽ, ടി സി എസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ്, എച്ച്ഡി എഫ്‌സി എന്നിവയുടെ വിപണി  മൂല്യം ഉയർന്നപ്പോൾ ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. ബോംബെ സെൻസെക്‌സ് 36,021 ൽ നിന്ന് 36,828 വരെ ഉയർന്നങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 36,594 ലാണ്. ഈവാരം 36,276 ലെ സപ്പോർട്ട് നിലനിർത്തി 36,870 ലേയ്ക്ക് പ്രവേശിക്കാനുള്ള ശ്രമം വിജയിച്ചാൽ സ്വാഭാവികമായും 37,146 പോയന്റിലെ പ്രതിരോധം അകലയല്ല. എന്നാൽ ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ സെൻസെക്‌സ് 35,958 ലേയ്ക്കും തുടർന്നുള്ള ദിവസങ്ങളിൽ 35,364 റേഞ്ചിലേയ്ക്കും നീങ്ങാം.  


സെൻസെക്‌സിന്റെ മറ്റ് സാങ്കേതിക ചലനങ്ങൾ ഡെയ്‌ലി ചാർട്ടിൽ പരിശോധിച്ചാൽ സൂപ്പർ ട്രന്റ്, പാരാബോളിക്ക് എസ് എ ആർ എന്നിവ ബുള്ളിഷ് മൂഡിൽ തുടരുകയാണ്. നിഫ്റ്റി മുൻവാരത്തിലെ 10,607 ൽ നിന്ന് 10,723 ലേയ്ക്ക് ഓപണിങിൽ ഉയർന്നു. അന്ന് തന്നെ സൂചിക 10,751 ലെ ആദ്യ പ്രതിരോധം ഭേദിച്ചെങ്കിലും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 10,895 മറികടക്കാനായില്ല. ഒരുവേള നിഫ്റ്റി 10,848 വരെ കയറിയതിനിടയിൽ ഫണ്ടുകളിൽ നിന്നുള്ള വിൽപന സമ്മർദവും മൂലം നിഫ്റ്റി 10,768 ലേയ്ക്ക് താഴ്ന്നു. ഈവാരം നിഫ്റ്റിക്ക് ആദ്യ തടസ്സം 10,852 പോയന്റിലാണ്. ഇതിന് മുകളിലുള്ള പ്രതിരോധം 10,936 ലാണ്. എല്ലാത്തിലും ഉപരി മുൻവാരത്തിലും സൂചിപ്പിച്ച 11,059 ലെ സൂപ്പർ ട്രെന്റ് പ്രതിരോധം തന്നെയാവും. വാരമധ്യം വരെ കൺസോളിഡേഷന് വിപണി ശ്രമിക്കാം. എന്നാൽ രണ്ടാം പകുതിയിൽ  തിരുത്തലിന് ഇടയുണ്ട്. നിഫ്റ്റിയുടെ താങ്ങ് 10,680-10,592 പോയന്റിലുമാണ്. 


വിനിമയ വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ ഓഹരി വിപണിയിലേയ്ക്കുള്ള വിദേശ ഫണ്ട് പ്രവാഹം ചുരുങ്ങുന്നതായി വേണം വിലയിരുത്താൻ. രൂപയുടെ മൂല്യം 74.63 ൽ നിന്ന് 75.18 ലേയ്ക്ക് നീങ്ങി. 75.44 ലെ തടസ്സം ഭേദിച്ചാൽ വിനിമയ നിരക്ക് 75.62 ലേയ്ക്ക് ദുർബലമാകാം. അതേ സമയം കേന്ദ്ര ബാങ്ക് നീക്കമുണ്ടായാൽ മൂല്യം 74.80 ലേയ്ക്ക് ശക്തി പ്രാപിക്കാം. 
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 27.05 ൽ നിന്ന് 24.81 ലേയ്ക്ക് താഴ്ന്നു. പോയവാരം സൂചിക മൂന്ന്  ശതമാനം താഴ്ന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. മാർച്ച് ആദ്യ വാരത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന തലത്തിലാണ് വോളാറ്റിലിറ്റി സൂചിക. കോവിഡ് പ്രശ്‌നത്തിൽ ഓഹരി സൂചിക തകർന്ന മാർച്ച് അവസാനം ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 83.75 ലേയ്ക്ക് ഉയർന്ന് നിക്ഷേപകർക്ക് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. 


ന്യൂയോർക്കിൽ സ്വർണം 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില ദർശിച്ചു. 1786 ഡോളറിൽ നിന്ന് സ്വർണം 1815 ഡോളർ വരെ കയറിയ ശേഷം വ്യാപാരാന്ത്യം 1799 ഡോളറിലാണ്. ഈ വാരം 1826 ഡോളർ വരെ സഞ്ചരിക്കാം. അതേ സമയം 1853 ഡോളറിലെ രണ്ടാം പ്രതിരോധം മറികടന്നാൽ വൈകാതെ 1922 ലെ റെക്കോർഡ് പുതുക്കാൻ നീക്കം നടത്താം. എന്നാൽ ആഗോള തലത്തിൽ തൊഴിൽ ഇല്ലായ്മ രൂക്ഷമാക്കുന്നതിനാൽ സ്വർണത്തിലെ വാങ്ങൽ താൽപര്യം ചുരുങ്ങും. 2021 രണ്ടാം പകുതിയിൽ സ്വർണം വീണ്ടും താഴ്ന്ന റേഞ്ചിലേയ്ക്ക് സഞ്ചരിക്കാം. 

Latest News