Sorry, you need to enable JavaScript to visit this website.

ഓച്ചാൻ തുരുത്തിൽ സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം 

പനമ്പ് നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
ഓച്ചാൻ തുരുത്ത് സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ ഫലകം ചെയർമാൻ കെ.ജെ. ജേക്കബ് അനാഛാദനം ചെയ്യുന്നു. 

സംസ്ഥാന ബാംബൂ കോർപറേഷൻ എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഏറ്റവുമധികം പനമ്പു നെയ്ത്ത് തൊഴിലാളികളുള്ള ചേരാനെല്ലൂരിൽ ഈ കേന്ദ്രം വഴി അമ്പതിലേറെ പേർക്ക് തൊഴിൽ ലഭിക്കും. താമസിയാതെ ബാംബു കോർപറേഷൻ ചുള്ളിയിലും ഇത്തരമൊരു കേന്ദ്രം തുറക്കും.  7.8 കോടിയുടെ പദ്ധതിയാണ് ഇതിനായി ആവിഷകരിച്ചിരിക്കുന്നത്. അമ്പതു പേർക്ക് രേിട്ടും നൂറോളം തൊഴിലാളികൾക്ക് അനുബന്ധമായും ഇവിടെ തൊഴിൽ ലഭിക്കും. യന്ത്രത്തിന്റെ സഹായത്തോടെ അളിയെടുത്ത് നൽകുന്നതിലൂടെ തൊഴിലാളിക്ക് ഉൽപാദനം വർധിപ്പിക്കാനും കൂലി കൂടുതൽ ലഭ്യമാക്കാനും കഴിയും. ഓഫീസ് പ്രവർത്തനങ്ങൾ കംപ്യൂട്ടർവത്കരിച്ചു കഴിഞ്ഞു. തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. ദിവസം മൂന്നോ നാലോ പനമ്പ് നെയ്തിരുന്നിടത്ത് അതിന്റെ ഇരട്ടി പനമ്പുകൾ യന്ത്രവത്കൃത സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. ഇതുവഴി 350 രൂപ കൂലി കിട്ടിയിരുന്നത് ഇരട്ടിയായി വർധിപ്പിക്കാനും സാധിക്കും. 


മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കൂടുതൽ ഉൽപാദനവും വരുമാനവും മാത്രമല്ല തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും കൂലിയും ലഭ്യമാക്കാൻ സഹായിക്കുന്നതാണ് സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ബാംബൂ കോർപറേഷൻ വികസനത്തിന്റെ പാതയിലാണ്. കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായവും നൽകി. കോർപറേഷൻ സ്വയം പര്യാപ്തത നേടുന്നതിന് വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്. കഴിഞ്ഞ നാലുവർഷത്തിൽ നടത്തിയ ആധുനിക വത്കരണവും വൈവിധ്യവത്കരണവും സ്ഥാപനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. തൊഴിലാളി ക്ഷേമത്തിന് ഊന്നൽ നൽകി നടത്തിയ വികസന പ്രവർത്തനങ്ങൾ ഫലം കണ്ടു. വിദേശത്തേക്കും മുളയുത്പന്നങ്ങൾ കയറ്റി അയക്കുന്ന സ്ഥാപനമായി കോർപറേഷൻ വളർന്നു. ബഹ്‌റൈനിലേക്ക് രണ്ട് ലോഡ് മുളയുത്പന്നങ്ങൾ കയറ്റി അയച്ചു. 15 യന്ത്രവത്കൃത പമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതു വഴി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ടൈൽ നിർമാണം പൂർത്തിയാക്കി വിപണിയിലിറക്കി. കൂടുതൽ മുളകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണ്. കണ്ണൂർ ആറളത്ത് 300 ഏക്കർ വനഭൂമിയിൽ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒപ്പം തിരുവനന്തപുരത്ത് കിള്ളിയാറിന്റെ തീരത്തും മുള വെച്ച് പിടിപ്പിക്കും. കുമരകത്തെ ബാംബൂ ഷോറൂം നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ബാംബൂ കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് ഫലകം അനാഛാദനം ചെയ്തു. പനമ്പ് നെയ്ത്ത് കേന്ദ്രം നിർമിച്ച വി.വി. സന്തോഷ് കുമാറിനെ ചെയർമാൻ ചടങ്ങിൽ ആദരിച്ചു. മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദുൾ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം സാനി ജോർജ് അധ്യക്ഷത വഹിച്ചു. ബാംബൂ കോർപറേഷൻ ഡയറക്ടർമാരായ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ. സലിം കുമാർ, മാനേജർ ആർ.കെ. അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News