Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

സർക്കാറും മരണത്തിന്റെ വ്യാപാരികളാകരുത്

മനുഷ്യ സമൂഹം അനിതര സാധാരണമായ ഒരു കാലത്തിലൂടെ കടന്നുപോകുമ്പോൾ ഉത്തരവാദിത്ത ബോധത്തോടെയുള്ള സമീപനവും നടപടികളുമാണ് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടത്. അതിൽ മാതൃകയാകേണ്ടത് സർക്കാർ തന്നെയാണ്. അതിനാൽ ആദ്യ വിമർശനവും സർക്കാറിനെതിരാവണം. ഒപ്പം ഇന്നത്തെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രതിപക്ഷവും എല്ലാ വിഭാഗം ജനങ്ങളും തയാറാകുകയും വേണം. അല്ലാത്തപക്ഷം വൻദുരന്തമായിരിക്കും നാം നേരിടാൻ പോകുന്നത്. 

കോവിഡ് കാലത്ത് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലും നടന്ന സമരങ്ങൾ തീർച്ചയായും ഭയപ്പെടുത്തുന്നതാണ്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സമരങ്ങൾ നടത്തിയത്. പലയിടത്തും സമരം കോവിഡ് പ്രോട്ടോകോളിന്റെ ലംഘനം തന്നെയായിരുന്നു. അക്കാര്യത്തിൽ സർക്കാർ നടപടി എടുക്കുക തന്നെ വേണം. അതിനിടെ പൂന്തുറയിൽ നടന്ന സംഭവങ്ങളും ഏറെ ചർച്ചയായി.
സമരം നടത്തുന്നവരെ മരണത്തിന്റെ വ്യാപാരികളെന്നു വിശേഷിപ്പിച്ച് വൻതോതിലുള്ള പ്രചാരണം നടക്കുന്നുണ്ട്. അതു നടക്കട്ടെ. എന്നാൽ ഇത്തരം സമയത്ത് ഭരണകൂടത്തിനുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടോ എന്ന വിഷയം കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. പ്രതിപക്ഷത്തിനും അത് യുക്തിസഹജമായി ഉന്നയിക്കാനാകുന്നില്ല. ഇത്തരം മഹാമാരിയുടെ കാലത്ത് തർക്കവിഷയങ്ങളിൽ നിന്നു മാറിനിൽക്കാനും വലിയൊരു വിഭാഗം ജനങ്ങൾക്ക് എതിർപ്പുള്ളതും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികൾ സ്വീകരിക്കാതിരിക്കാനാണ് ജനകീയ സർക്കാറുകൾ തയാറാകേണ്ടത്. എന്നാൽ അത്തരമൊരു സമീപനം സർക്കാറിന്റെ ഭാഗത്തുനിന്നു പോലും ഇല്ലെങ്കിൽ പ്രതിപക്ഷത്തിൽ നിന്ന്് എന്താണ് മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?
സ്പ്രിംഗ്ളർ, ബെവ്കോ ആപ്, മണൽ വാരൽ, ഇ ബസ്, പ്രവാസികളുടെ വരവ്, സ്വർണകടത്ത് - ഇതെല്ലാം സമീപ കാലത്തുണ്ടായ വിവാദങ്ങളാണല്ലോ. ഇവയിലെല്ലാം സർക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടെന്ന് നിഷ്പക്ഷമതികളായ ആരും സമ്മതിക്കും. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പല നടപടികളും തിരുത്തിയത്. ഇപ്പോഴത് സ്വർണക്കടത്തിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യം ഏതു പ്രതിപക്ഷവും എന്നും ഉന്നയിക്കുന്നതു തന്നെ. അതു വിട്ടുകളയാം. അപ്പോഴും സംശയത്തിന്റെ മുനയിൽ തന്നെയാണ് സർക്കാർ. ഐ ടി സെക്രട്ടറി ശിവശങ്കറിനെ മാറ്റി നിർത്തിയാൽ ദൂരീകരിക്കുന്നതല്ല ആ സംശയങ്ങൾ. പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണത് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും തൃപ്തികരമല്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവർ സുരക്ഷിതരായി ബാംഗ്ലൂരിലേക്ക് എത്തിയതു പോലും ദുരൂഹമാണ്. കൊവിഡിന്റെ കാലത്തെങ്കിലും ഭരണതലത്തിൽ സുതാരത്യയുണ്ടാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. തീർച്ചയായും ഇതൊന്നും പ്രോട്ടോകോൾ ലംഘിച്ചു സമരം ചെയ്യാനുള്ള ന്യായീകരണമല്ല. പ്രതിപക്ഷത്തെ പോലെ സർക്കാറും പ്രതിക്കൂട്ടിലാണെന്നു ഓർമിപ്പിക്കുന്നു എന്നു മാത്രം..
ഇനി ജനകീയ പ്രശ്‌നങ്ങളിലേക്കു വരാം. വലിയൊരു വിഭാഗം ജനങ്ങൾ എതിർക്കുന്നതും പലപ്പോഴും ശക്തമായ പോരാട്ടങ്ങൾ നടന്നിട്ടുള്ളതുമായ പല പദ്ധതികളും പൊടിതട്ടിയെടുക്കാനും സർക്കാർ ഈ ദുരിതകാലം ഉപയോഗിക്കുന്നത് ന്യായീകരിക്കത്തക്കതാണോ? അതിരപ്പിള്ളിയായാലും പമ്പയിലെ മണലെടുക്കലായാലും പശ്ചിമഘട്ടത്തിലെ ക്വാറികളായാലും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനമായാലും ദേശീയ പാതയിലെ കുടിയിറക്കലാണെങ്കിലും ചെറുവള്ളിയിലെ വിമാനത്താവളമാണെങ്കിലും പുതുവൈപ്പിനിലെ എൽ പി ജി ടെർമിനലായാലും ഇക്കാലത്ത് കുത്തിപ്പൊക്കേണ്ടതാണോ? ഇവയിൽ മിക്കതും കോവിഡിനേക്കാൾ  ഭീഷണിയായാണ് തദ്ദേശീയ ജനങ്ങൾ കാണുന്നത്. മാത്രമല്ല, ഇവക്കെല്ലാമെതിരെ എത്രയോ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരിക്കുന്നു. അവയുമായി മുന്നോട്ടു പോയാൽ ഇനിയും സമരങ്ങൾ നടക്കുമെന്ന് ആർക്കാണറിയാത്തത്. എന്നിട്ടും 10 ൽ കൂടുതൽ പേർ സംഘടിക്കരുതെന്ന് പ്രോട്ടോകോൾ ഇറക്കി, ഈ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഈയവസരത്തിലെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? അതിനെതിരെ പ്രതികരിക്കുന്നവരെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിക്കുന്നതിൽ എന്തർത്ഥം. എങ്കിൽ ആദ്യവ്യാപാരി സർക്കാർ എന്നു തന്നെ പറയേണ്ടിവരും. സർക്കാറിനു കോവിഡ് കാലമെന്ന ജാഗ്രതയില്ലെങ്കിൽ ജനങ്ങൾക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ? 
പൂന്തുറയിൽ കഴിഞ്ഞ ദിവസമുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിലും അവിടത്തെ ജനങ്ങളെ ആക്ഷേപിച്ച് സർക്കാറിന് കൈകഴുകാനാകില്ല. സർക്കാറിന്റെ നയവൈകല്യങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളെ കമാന്റോകളെ ഇറക്കിയും വംശീയമായി അധിക്ഷേപിച്ചും നേരിടുന്ന സർക്കാറിന്റേയും ന്യായീകരണക്കാരുടേയും നിലപാടാണ് ആദ്യം പ്രതിസ്ഥാനത്ത് വരുന്നത്. റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയവരെ സർക്കാർ തന്നെ പറയുന്നതിന്റെ തുഛം സൗകര്യം പോലുമില്ലാത്തയിടത്തേക്കു മാറ്റിയിടത്തുനിന്നാണ്  പ്രശ്‌നങ്ങൾ ആരംഭിച്ചത്. തലേന്ന് രാത്രി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അവശ്യവസ്തുക്കൾ എത്തിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. മരുന്നുകൾ പോലും ലഭിച്ചില്ല. ജനസാന്ദ്രത ഏറെയുള്ള, അല്ലെങ്കിൽ തന്നെ ദാരിദ്ര്യവും ഇപ്പോൾ പട്ടിണിയുമായവരാണ് ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ  അവിടത്തെ ജനങ്ങൾ എന്നു പോലും അധികാരികൾ ഓർത്തില്ല.  ആർക്കൊക്കെ കോവിഡ് ഉണ്ട്, ആരെയൊക്കെ ഐസൊലേറ്റ് ചെയ്യണം എന്നുള്ള പ്രാഥമിക വിവരങ്ങൾ പോലും സർക്കാറിന്റെ കയ്യിലുണ്ടായിരുന്നില്ല. അതിനിടെയാണ് ഇവിടെ രോഗകേന്ദ്രമായി ചാപ്പ കുത്തുന്ന പ്രചാരണവും തോക്ക് എന്തിയ കാമണ്ടോകൾ പരത്തിയ അനാവശ്യ ഭീതിയും പടർന്നത്. പലയിടത്തും അവിടത്തുകാർ അപമാനിക്കപ്പെട്ടു. 
ഗർഭിണിക്കു പോലും ചികിത്സ നിഷേധിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു അവിടെ പ്രതിഷേധമുയർന്നത്. തീർച്ചയായും അവരുടെ സമര രീതി ശരിയാണെന്നു വാദിക്കാനാവില്ല. പക്ഷേ അതിനവസരമുണ്ടാക്കിയത് ഉത്തരവാദപ്പെട്ട ഭരണകൂടമാണെന്നു മറക്കരുത്. പിറ്റേന്ന് പ്രത്യേക കോവിഡ് ആശുപത്രി സ്ഥാപിക്കാൻ നീക്കമാരംഭിക്കുകയും അവശ്യവസ്തുക്കൾ ലഭ്യമാക്കുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നത് മറക്കരുത്. അതിനു പകരം കമാന്റോകളെ കൊണ്ട് കോവിഡിനെ തുരത്താൻ ശ്രമിച്ചതാണ് സർക്കാറരിനു പറ്റിയ തെറ്റ്.
ചുരുക്കത്തിൽ മനുഷ്യ സമൂഹം അനിതര സാധാരണമായ ഒരു കാലത്തിലൂടെ കടന്നുപോകുമ്പോൾ ഉത്തരവാദിത്ത ബോധത്തോടെയുള്ള സമീപനവും നടപടികളുമാണ് എല്ലാവരിൽ നിന്നും ഉണ്ടാകാണ്ടത്. അതിൽ മാതൃകയാകേണ്ടത് സർക്കാർ തന്നെയാണ്. അതിനാൽ ആദ്യവിമർശനവും സർക്കാറിനെതിരാവണം. ഒപ്പം ഇന്നത്തെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രതിപക്ഷവും എല്ലാ വിഭാഗം ജനങ്ങളും തയാറാകുകയും വേണം. അല്ലാത്തപക്ഷം വൻ ദുരന്തമായിരിക്കും നാം നേരിടാൻ പോകുന്നത്.
 

Latest News