Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ; 88.78 ശതമാനം വിജയം; രാജ്യത്ത് ഒന്നാമതെത്തി തിരുവനന്തപുരം

ന്യൂദൽഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 88.78 ശതമാനം വിജയം. മുൻവർഷത്തെക്കാൾ 5.38% വർധനയുണ്ട്. തിരുവനന്തപുരം മേഖലയിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന വിജയശതമാനം. 97.67%. വിദേശ സ്‌കൂളുകളിൽ മുൻവർഷത്തെക്കാൾ വിജയശതമാനം കുറഞ്ഞു. 94.26 %. cbscresults.nic എന്ന വെബ്‌സൈറ്റിൽനിന്ന് ഫലം അറിയാം.

പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 92.15% പേരും ആൺകുട്ടികളിൽ 86.19% പേരും വിജയിച്ചു. ട്രാൻസ്‌ജെൻഡർ വിദ്യാർഥികളിൽ 66.67% പേരാണ് വിജയിച്ചത്. 3.24% പേർ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 90%ത്തിനു മുകളിൽ മാർക്കു നേടിയത് 13.24% പേരാണ്. 7.35% വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും തോറ്റു.

ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൂല്യനിർണയത്തിന് ഒരേ രീതിയാണ്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്കു നൽകും. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയിട്ടുള്ള വിദ്യാർഥികൾക്ക്, ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു ലഭിക്കുക. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ നാന്നൂറ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി അടിസ്ഥാനമാക്കിയാണു മാർക്ക് നിശ്ചയിച്ചത്. ഇതിൽ 400 പേരുടെ കാര്യത്തിൽ ഈ മൂല്യനിർണയരീതി അനുസരിച്ചു മാർക്ക് കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയത്. ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.
മാർക്കിൽ അതൃപ്തിയുള്ളവർക്കു കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യം മാറുന്ന വേളയിൽ പരീക്ഷ വീണ്ടും എഴുതാൻ അവസരമുണ്ടാകും.  തോൽവി എന്ന വാക്ക് ഒഴിവാക്കിയാണ് ഇക്കുറി ഫലപ്രഖ്യാപനം. പകരം, വീണ്ടുമെഴുതേണ്ടതുണ്ട് (എസെൻഷ്യൽ റിപ്പീറ്റ്) എന്നാവും സി.ബി.എസ്.ഇ രേഖകളിലും വെബ്‌സൈറ്റിലും രേഖപ്പെടുത്തുക.

 

 

Latest News