കൊച്ചി- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്ത് ദിവസത്തേക്ക് കസ്റ്റ്ഡിയില്‍ വിടണമെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ട് കൊടുക്കുന്നതിന് മറ്റു തടസ്സങ്ങളില്ലെന്നും കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ തന്നെയാണ് സാധ്യതയെന്നും നിയമവൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ വൈകാതെ കോടതിയെ സമീപിക്കും. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്‌നയേയും സന്ദീപിനേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.
സ്വപ്നയെ എത്തിച്ച സാഹചര്യത്തില്‍ തൃശ്ശൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ ശക്തമായ നീരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാല് വനിത പോലീസുകാരുള്‍പ്പെടെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. അമ്പിളിക്കല ഹോസ്റ്റലിന്റെ പരിസരത്ത് പോലീസ് കാവല്‍ ശക്തമാക്കിയിരുന്നു.