Sorry, you need to enable JavaScript to visit this website.

കള്ളക്കടത്ത് സ്വർണം പിടൂകൂടാൻ കേരളം എന്തു ചെയ്തു; വിശദീകരണവുമായി തോമസ് ഐസക്

കൊച്ചി-കള്ളക്കടത്ത് സ്വർണം പിടികൂടാൻ കേരള സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഐസകിന്റെ വിശദീകരണം. ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കള്ളക്കടത്ത് സ്വർണ്ണം പിടികൂടാൻ കേരളത്തിലെ നികുതി വകുപ്പ് എന്തു ചെയ്തുവെന്ന ചോദ്യം ചിലർ ഉന്നയിച്ചു കണ്ടു. ഇന്ത്യയിലേയ്ക്ക് ഒരു വർഷം 250 ടൺ സ്വർണ്ണമാണ് കള്ളക്കടത്തായി കൊണ്ടുവരുന്നത്. ഇത് തടയുന്നതിനാണ് കസ്റ്റംസ്. അവർ പിടിക്കുന്നതാകട്ടെ മഞ്ഞുകട്ടയുടെ അരികു മാത്രം. എന്തുകൊണ്ട് കേരള നികുതി വകുപ്പിന് ഇതു കഴിയില്ല? എയർപോർട്ടുകൾ വഴിയാണല്ലോ കള്ളക്കടത്ത്. അവിടെ നികുതി വകുപ്പിന് ഒരു സ്ഥാനവുമില്ല. സ്വർണ്ണം എയർപോർട്ടിനു പുറത്തു കടത്തിയാൽ പിന്നെ എവിടെ കൊണ്ടുപോകണമെങ്കിലും ഒരു രേഖയും വേണ്ട.

എങ്കിലും കഴിഞ്ഞ വർഷം 2019-20 ൽ സംസ്ഥാന നികുതി വകുപ്പ് 110 കിലോ സ്വർണ്ണം വാഹന പരിശോധനയിലൂടെ പിടിച്ചു. പക്ഷെ, നികുതിയും തുല്യമായ തുകയും അടച്ചാൽ സ്വർണ്ണം വിട്ടുകൊടുത്തേ പറ്റൂ. അങ്ങനെ 110 കിലോ സ്വർണ്ണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടി രൂപ മാത്രമാണ്. അത് കള്ളക്കടത്തുകാർക്ക് മൂക്കിപ്പൊടി പോലെയുള്ളൂ. അതേസമയം കസ്റ്റംസിനു സ്വർണ്ണം കണ്ടുകെട്ടാം.

സ്വർണ്ണം സംബന്ധിച്ച് ജിഎസ്ടി നിയമത്തിൽ രണ്ട് വകുപ്പുകളാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. അതിൽ പറയുന്ന കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്. നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥനു സ്വർണ്ണം വിട്ടുകൊടുക്കണം. രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വർണ്ണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. പക്ഷെ, കേരള ഹൈക്കോടതി 2018 ൽ വിധിച്ചത് ഇപ്രകാരമാണ് – 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽ മാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണ്ണം കണ്ടുകെട്ടാൻ പാടുള്ളൂ.

ഇതാണ് ഇന്ത്യയിൽ ഇന്നിപ്പോൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സ്വീകരിച്ചു വരുന്ന നടപടി ക്രമം. കേന്ദ്ര നികുതി വകുപ്പ് സ്വർണ്ണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ദക്ഷിണ സംസ്ഥാനങ്ങളിലെല്ലാം നേരിട്ടു വിളിച്ചു വിവരം ആരാഞ്ഞു. അവരുടെയും നിലപാട് ഇതാണ്.

ഈ പശ്ചാത്തലത്തിൽ സ്വർണ്ണ നികുതി വരുമാനം ഉയർത്താൻ സംസ്ഥാന സർക്കാർ താഴെപ്പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

1) ഒരേസമയം 64 കടകൾ പരിശോധന നടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് 6 സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സി-ഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബു തന്നെ സ്ഥാപിച്ചു.

2) സ്വർണ്ണ മേഖലയിൽ ഊന്നിക്കൊണ്ട് എൻഫോഴ്സ്മെന്റിന് ഒരു ജോയിന്റ് കമ്മീഷണറെ നിയോഗിച്ചു.

3) വാഹന പരിശോധനയുടെ കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ.

ഇതിന്റെ ഫലമായി സ്വർണ്ണ നികുതി വരുമാനം 2018-19ൽ 630 കോടി രൂപയെന്നത് 2019-20ൽ 758 കോടി രൂപയായി (20.4%) വർദ്ധിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഉണ്ടായ മറ്റൊരു സംഭവവികാസം, ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയാണ്. ആ വിധി പ്രകാരം ഒരു ജഡ്ജി 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണ്ണം കണ്ടുകെട്ടാം എന്നു വിധിച്ചു. എന്നാൽ രണ്ടാമത്തെ ജഡ്ജി ഇതു സംബന്ധിച്ച് കൂടുതൽ സ്പഷ്ടീകരണം അധികൃതർ നൽകണമെന്നാണ് പറഞ്ഞത്. ഈ വിധിയുടെ അടിസ്ഥാനത്തിൽ സ്വർണ്ണം കണ്ടുകെട്ടുന്നത് നിയമപരമാണോയെന്ന് പരിശോധിക്കുന്നതിന് നിയമവകുപ്പിന്റെ ഉപദേശത്തിന് അയക്കുന്നതിന് കേരള നികുതി വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.

Latest News