ചികിത്സ കിട്ടാന്‍ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി; ഒടുവില്‍ 18 കാരന്‍ മരിച്ചു

കൊല്‍ക്കത്ത- അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയില്‍ പ്രവേശനം നേടിയ 18 കാരന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. മൂന്ന് ആശുപത്രികളില്‍നിന്ന് തിരിച്ചയച്ചതും ആശുപത്രിയില്‍നിന്നുണ്ടായ അശ്രദ്ധയുമാണ് പ്രമേഹ രോഗിയായ മകന്റെ മരണത്തിനു കാരണമായതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.


 കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് (കെ.എം.സി.എച്ച്) സുബ്രജിത് ചതോപാധ്യായ മരിച്ചത്. അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് മെഡിക്കല്‍ കോളേജില്‍ പോലും അഡ്മിറ്റ് ചെയ്യാന്‍ തയാറായതെന്ന്  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ അച്ഛന്‍ പറഞ്ഞു.


ഇക്കാര്യം  പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അജോയ് ചക്രബര്‍ത്തി  പറഞ്ഞു. ജുവനൈല്‍ പ്രമേഹ രോഗിയായ സുബ്രജിത്തിന് വെള്ളിയാഴ്ച രാവിലെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. കാമര്‍ഹട്ടിയിലെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  ഐസിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന് സ്വകാര്യ നഴ്‌സിംഗ് ഹോമിലെത്തിച്ചപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഫലം പോസിറ്റീവ് ആയതിനുശേഷം ബെഡ് ഒഴിവില്ലെന്ന് അവരും പറഞ്ഞു.  സാഗര്‍ ദത്ത സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശനം നിഷേധിച്ചതായി സുബ്രജിത്തിന്റെ അമ്മ പറഞ്ഞു. പോലീസാണ് കെഎംസിഎച്ചിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്.
കോവിഡ് 19 രോഗിയാണെന്ന് അറിഞ്ഞിട്ടും കെഎംസിഎച്ച് ആദ്യം  പ്രവേശനം  ആഗ്രഹിച്ചില്ല. ചികിത്സിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് തന്റെ ഭാര്യ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ആശുപത്രി ജീവനക്കാരുടെ മനസ്സലിഞ്ഞതെന്ന് സുബ്രജിത്തിന്റെ അച്ഛന്‍ പറഞ്ഞു. മകന് കെ.എംസി.എച്ചില്‍ മരുന്നുകളൊന്നും നല്‍കിയില്ലെന്നും തങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു വാര്‍ഡിലേക്ക് കൊണ്ടുപോയെന്നും പിതാവ് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കില്‍  മകനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും  കെ.എം.സി.എച്ചില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News