Sorry, you need to enable JavaScript to visit this website.

നാട്ടുകാരനെ ബന്ദിയാക്കിയ ബംഗ്ലാദേശുകാർ റിയാദിൽ അറസ്റ്റിൽ

റിയാദ്- സ്വന്തം നാട്ടുകാരനെ ബന്ദിയാക്കി സ്വദേശത്തുള്ള ബന്ധുക്കളിൽനിന്ന് 25,000 റിയാൽ മോചനദ്രവ്യം തേടിയ മൂന്നു ബംഗ്ലാദേശുകാരെ റിയാദിൽനിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. ബംഗ്ലാദേശുകാരനെ ബന്ദിയാക്കിയ അജ്ഞാതർ ബംഗ്ലാദേശിലുള്ള ബന്ധുക്കളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ബംഗാളിയെ വിട്ടയക്കാൻ 25,000 റിയാൽ മോചനദ്രവ്യം തേടുന്നതായി റിയാദ് പോലീസിൽ വിവരം ലഭിക്കുകയായിരുന്നു. അന്വേഷണത്തിലൂടെ ബംഗ്ലാദേശുകാരനെ ബന്ദിയാക്കിയ സ്ഥലം കുറ്റാന്വേഷണ വകുപ്പ് കണ്ടെത്തി. ലബൻ ഡിസ്ട്രിക്ടിലെ ഫഌറ്റിലാണ് ബംഗ്ലാദേശുകാരനെ ബന്ദിയാക്കിയിരുന്നത്. ബംഗാളിയെ മോചിപ്പിച്ച സുരക്ഷാ വകുപ്പുകൾ പ്രതികളെ അറസ്റ്റ് ചെയ്തു. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള മൂന്നു ബംഗ്ലാദേശുകാരാണ് അറസ്റ്റിലായത്. 
റിയാദിൽ ചൂതാട്ടത്തിലേർപ്പെട്ട പതിനേഴു ബംഗ്ലാദേശുകാരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അൽഅമൽ ഡിസ്ട്രിക്ടിലെ ഫഌറ്റ് റെയ്ഡ് ചെയ്താണ് സംഘത്തെ പിടികൂടിയത്. ഇരുപതിനായിരം റിയാൽ പ്രതികളുടെ പക്കൽ കണ്ടെത്തി. പ്രതികൾക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പോലീസ് പൂർത്തിയാക്കിയതായി കേണൽ ശാകിർ അൽതുവൈജിരി പറഞ്ഞു.


 

Latest News