Sorry, you need to enable JavaScript to visit this website.

ജനം തെരുവിലിറങ്ങിയത് സഹികെട്ട് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- തീരദേശത്ത് ജനങ്ങൾ സഹികെട്ട് തെരുവിലിറങ്ങുകയാണു ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതിൽ രാഷ്ട്രീയമില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. നഗരത്തിൽ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങൾ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. 
അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് സർക്കാർ പൊടുന്നനെയുള്ള  നിയന്ത്രണം കൊണ്ടുവന്നത്. തീരദേശത്ത് കോവിഡിന്റെ കർശനമായ നിയന്ത്രണങ്ങൾ സാധാരണജീവിതത്തെ ബാധിച്ചിരിക്കുന്നു. കോവിഡ് ഭീഷണിയും സർക്കാരിന്റെ കടുത്ത നിയന്ത്രണവുംമൂലം തീരദേശവാസികൾ നരകയാതനയിലൂടെ കടന്നുപോവുകയാണ്. കടലിൽ പോകാനോ, മീൻ പിടിക്കാനോ, മീൻ വിൽക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്. അവശ്യസാധനങ്ങൾ ലഭിക്കാതെ ജനങ്ങൾ വീർപ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല. നഗരപ്രദേശങ്ങളിൽ നിത്യവും ജോലിക്കു പോയി ഉപജീവനം തേടുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പുറത്തുപോയി ജോലി ചെയ്യുന്നവർക്ക് വാഹനസൗകര്യം ഇല്ലാതായി. ശമ്പളമോ വരുമാനമോ ഇല്ലാതെ അവരും അക്ഷരർത്ഥത്തിൽ ഞെരുങ്ങി ജീവിക്കുകയാണെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കർശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം. സൗജന്യ റേഷൻ  വിതരണം ചെയ്യുക, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമ പെൻഷനുൾ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങൾക്കും 1000 രൂപ വീതം ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉടനടി നടപ്പാക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൂന്തുറയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ മുന്നൊരുക്കമില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂന്തുറയിലെ ജനങ്ങൾക്ക് വെള്ളം കിട്ടുന്നില്ല, ഭക്ഷണം കിട്ടുന്നില്ല, കടകൾ തുറക്കുന്നില്ല, ക്വാറന്റൈനിൽ പോയവർ ബുദ്ധിമുട്ടുന്നു.
പൂന്തുറ പ്രശ്‌നത്തിൽ ഞാൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. പോലീസ് സാധനങ്ങൾ വീടുകളിൽ എത്തിക്കണം. അല്ലെങ്കിൽ ചില ഇളവുകൾ നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ കടകൾ തുറക്കാനുള്ള ചില നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി എനിക്ക് ഉറപ്പു തന്നിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകർ മാത്രമല്ല സി.പി.എം നേതാക്കളും അവിടെ പ്രതിഷേധത്തിന് വന്നിരുന്നു. ആരോഗ്യമന്ത്രി അതൊന്നും കാണുന്നില്ല. അവർ യു.ഡി.എഫിന്റെ തലയിൽ കയറുകയാണ്. അവിടെ നന്നായി പ്രവർത്തിക്കുന്ന വി.എസ്. ശിവകുമാർ എം.എൽ.എയെ അപമാനിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന് സംഭവിച്ച വീഴ്ച യു.ഡി.എഫിന്റെ തലയിൽ വയ്ക്കുകയും പൂന്തുറക്കാരെ അപമാനിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. അത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News