Sorry, you need to enable JavaScript to visit this website.

ചരിത്രം പറഞ്ഞ് ജയിച്ചത് കാനം

1965 ലെ ലീഗ് - സി.പി.എം സഖ്യത്തിന്റെ ചരിത്രം ചികഞ്ഞുള്ള വാക്‌പോരിൽ ഒടുവിൽ വിജയം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് 1965 മറക്കരുത് എന്ന് കാനത്തെ പ്രകോപിപ്പിച്ച് വിവാദത്തിന് തുടക്കമിട്ടത്.  ലീഗുമായി ചേർന്നല്ലേ അന്ന് ജയിച്ചതെന്ന് സി.പി.എമ്മിനെ അടുത്ത ദിവസം കാനം കടന്നാക്രമിച്ചു. കാനം സി.പി.എമ്മിനെതിരെ അപ്രകാരം ശക്തമായി പ്രതികരിച്ചതിന്റെ കാരണമറിയാൻ അക്കാലത്തെ രാഷ്ട്രീയ ചരിത്രം ചെറുതായൊന്ന് ഓർത്തെടുക്കേണ്ടി വരും. സി.പി.ഐ ഓർക്കാൻ ഇഷ്ടപ്പെടുന്ന കാലമല്ല അതെന്ന് സി.പി.എമ്മിനറിയാം. അതായിരുന്നു മർമം നോക്കിയുള്ള ഈ പ്രകോപനം. 1964-65 ന്റെ പ്രത്യേകത കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായി പിളർന്ന കാലമായിരുന്നു അതെന്നതാണ്. അജയ ഘോഷിന്റെ കാലഘട്ടം മുതൽ ആരംഭിച്ച അഭിപ്രായ വ്യത്യാസം പൊതിഞ്ഞു കെട്ടി വെക്കുകയായിരുന്നു. പിളർപ്പോ, കമ്യൂണിസ്റ്റ് പാർട്ടിയിലോ എന്ന് അന്നും പാർട്ടി ഭക്തർ അതിശയം പ്രചരിപ്പിച്ചിരുന്നു. ഒടുവിലത് തന്നെ സംഭവിച്ചു. പാർട്ടി നെടുകെ പൊട്ടിപ്പിളർന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് നടന്ന മീററ്റ് കലാപത്തിൽ ജയിലിലായ എസ്.എ. ഡാങ്കെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തു എന്ന തർക്കത്തിൽ വഷളായ ബന്ധത്തിന്റെ മുറിവിൽ അന്ന് മുളക് പുരട്ടിയത് പാർലമെന്റിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവ് എ.കെ. ഗോപാലനായിരുന്നു. ഡാങ്കെ എഴുതിയ മാപ്പപേക്ഷാ കത്ത് താൻ കണ്ടുവെന്ന എ.കെ.ജിയുടെ വെല്ലുവിളി നേരിടാൻ ഡാങ്കെ പക്ഷവും രംഗം ശരിയാക്കുന്നുണ്ടായിരുന്നു. ഡാങ്കേക്കെതിരെയുള്ള ആരോപണത്തെ അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ കെട്ടുകഥ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. 101 അംഗ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കൗൺസിലിൽ നിന്ന് എ.കെ.ജിയുടെ നേതൃത്വത്തിൽ 32 അംഗങ്ങൾ ഇറങ്ങിപ്പോയി പുതിയ പാർട്ടി ഉണ്ടാക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തി. 


ഇപ്പറഞ്ഞതിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പതിവ് കോവിഡ്19 വിശദീകരണ പത്രസമ്മേളനത്തിൽ മറുപടി പറഞ്ഞു. മറുപടിയിലെ വാക്കുകൾ ഇങ്ങനെ- '1965 ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം അവർക്കെതിരെ മത്സരിച്ചാണ് സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സി.പി.എമ്മിന് ഒറ്റക്ക് 40 സീറ്റ് കിട്ടിയ ആ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് മൂന്ന് സീറ്റാണ് കിട്ടിയത്. പലർക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ആ തെരഞ്ഞെടുപ്പിന്റെ പാഠം പാർട്ടികൾ ശരിയായി ഉൾക്കൊണ്ടു. പിന്നീടുള്ള സഖ്യ രൂപീകരണത്തിന് അത് അടിത്തറയായി. സി.പി.എം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ആദ്യമായി മത്സരിച്ച തെരഞ്ഞെടുപ്പാണത്. ആ തെരഞ്ഞെടുപ്പിൽ ലീഗുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്തിരുന്നു എന്നത് നേരാണ്. എന്നാൽ മലപ്പുറത്തടക്കം ലീഗിന് സ്വാധീനമുള്ള പല മണ്ഡലങ്ങളിലും ലീഗും സി.പി.എമ്മും തമ്മിലായിരുന്നു മത്സരം. ചിലയിടത്തൊക്കെ സി.പി.എം സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. കോൺഗ്രസിനെതിരെ യോജിച്ച് പോരാടണമെന്ന ആവശ്യം സി.പി.ഐയും ആർ.എസ്.പിയും അന്ന്  അംഗീകരിച്ചില്ല.' 


അടുത്ത ദിവസം പിണറായി വിജയന്റെ നിലപാടിന് മറുപടി പറയവേ കാനം രാജേന്ദ്രൻ തന്റെ നിലപാട് സ്ഥാപിക്കാൻ ഇ.എം.എസിനെ തന്നെ കൂട്ടുപിടിക്കുന്നതാണ് കേട്ടത്. 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി സി.പി.ഐ പറഞ്ഞത് ചരിത്ര വസ്തുതയാണെന്ന് കാനം കോടിയേരിയെയും പിണറായി വിജയനെയും ഓർമിപ്പിച്ചു. 1965 ലെ തെരഞ്ഞെടുപ്പ് ചരിത്രത്തെപ്പറ്റി പരാമർശിച്ച കോടിയേരി അത് നന്നായി മനസ്സിലാക്കണമെന്നാണ് കാനം ഉപദേശിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞതിനെതിരെയും കാനം രോഷം കൊള്ളുകയുണ്ടായി.  അദ്ദേഹം പഴയ പാർട്ടി സെക്രട്ടറിയെന്ന രീതിയിലോ പി.ബി അംഗമോ ആയാണ് ആ പ്രതികരണം നടത്തിയത്.
1965 ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇ.എം.എസിന്റെ ലേഖനമാണ് മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയെന്ന് വിശദീകരിച്ച കാനം  ഇ.എം.എസിന്റെ ലേഖന ഭാഗങ്ങൾ വിജയ ചിരിയോടെ വായിച്ചു കേൾപ്പിച്ചു.   


ചിന്താ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഇ.എം.എസ് സമ്പൂർണ കൃതികളിൽ അത് രേഖപ്പെട്ടിട്ടുണ്ട്. സഞ്ചിക 31 ലും 35 ലും 1965 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെ ലേഖനം ഉൾപ്പെടുത്തിരിക്കയാണ്. അന്നത്തെ തെരഞ്ഞെടുപ്പിനെപ്പറ്റി  ഇ.എം.എസ് പ്രതിപാദിച്ചിട്ടുള്ളതു തന്നെയാണ് ഞാനും പറഞ്ഞത്. 1965 ൽ സി.പി.എം ഒറ്റക്കല്ല മത്സരിച്ചത്. മുസ്ലിം ലീഗും എസ്.എസ്.പിയുമായി ധാരണയുണ്ടാക്കിയിരുന്നു. 29 സീറ്റുകളിലാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടായതെന്ന് ഇ.എം.എസ് തന്നെ പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കിയതിനെപ്പറ്റിയും ഒന്നിലധികം ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കരുതുന്നില്ല. അദ്ദേഹം മറച്ചു വെക്കുകയാണ് ചെയ്തത്. സി.പി.ഐ ചൂണ്ടിക്കാട്ടിയ രാഷ്ട്രീയത്തിന് സി.പി.എം മറുപടി പറഞ്ഞതിന് ചരിത്ര വസ്തുതകൾ താൻ ഉദ്ധരിച്ചുവെന്ന് മാത്രമേയുള്ളൂവെന്ന് കാനം തന്റെ വാക്കുകളിൽ വിജയിയായി.  


1965 മാർച്ച് നാലിനായിരുന്നു വിവാദമായ തെരഞ്ഞെടുപ്പ്. നിലനിൽപിന് വേണ്ടി സർവ വഴികളും തേടുന്ന സി.പി.എം. ഭരണ കുത്തക കൈവിടാൻ തയാറല്ലാത്ത കോൺഗ്രസ്, നവ പാർട്ടിയായ കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടികളും പി.എസ്.പിയും ലയിച്ചുണ്ടായ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നിവയൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്. മുസ്‌ലിം ലീഗും കേരള കോൺഗ്രസും തെരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്നു. സി.പി.എമ്മും ആർ.എസ്.പിയും സംയുക്ത സോഷ്യലിസ്റ്റുകളും സഖ്യ കക്ഷികൾ. സി.പി.ഐയും കോൺഗ്രസും ഒറ്റക്ക് തന്നെ പൊരുതി നിന്നു. എല്ലാവരുടെയും മുഖ്യ ശത്രു കോൺഗ്രസ്. അതിലിടക്ക് എസ്.എസ്.പിയും മുസ്‌ലിം ലീഗും തമ്മിൽ ചില സ്ഥലങ്ങളിൽ നീക്കുപോക്കുണ്ടായി. മറ്റൊരു വഴിക്ക് എസ്.എസ്.പിയും സി.പി.എമ്മും സഖ്യകക്ഷിയായതിനാൽ പല സ്ഥലത്തും സി.പി.എമ്മുകാരും ലീഗുകാരും സംയുക്തമായി വോട്ടു ചെയ്യുക എന്ന സ്ഥിതിയുണ്ടായി എന്നതാണ് യാഥാർഥ്യം.  


ഏതായാലും കോൺഗ്രസിനെ തോൽപിക്കുക എന്ന ഏക ലക്ഷ്യം പൂർത്തിയായെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ വിളിച്ചു ചേർക്കുക പോലും ചെയ്തില്ല. കോൺഗ്രസിതര കക്ഷികൾക്കെല്ലാം കൂടി 97 സീറ്റുണ്ടായിട്ടാണ് ഈ സ്ഥിതിയെന്നോർക്കണം. കോൺഗ്രസിന് സ്വന്തമായി ലഭിച്ച സീറ്റ് 35. 1965 മാർച്ച് 24 ന് ഗവർണർ അജിത് പ്രസാദ് ജെയിൻ നിയമസഭ പിരിച്ചുവിട്ടതോടെ ആ അധ്യായം അടഞ്ഞു. ചരിത്രത്തിലെവിടെയോ മറന്നു കിടന്ന അധ്യായമാണ് കോടിയേരി ബാലകൃഷ്ണന്റെ മുൻകൈയിൽ ഒരിക്കൽ കൂടി കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് കയറ്റി വെച്ചത് -നല്ല കാര്യം. ചരിത്രം മറക്കാനുള്ളതല്ല ഇടക്കിടെ ഓർക്കാനുമുള്ളതാണെന്ന ഓർമപ്പെടുത്തലാണിത്.

Latest News