Sorry, you need to enable JavaScript to visit this website.

കോവിഡിന് മുന്നില്‍ ട്രംപിന്റെ വാശി അയഞ്ഞു; മാസ്‌ക് ധരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍- ഏത് സാഹചര്യത്തിലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി മാസ്‌ക് ധരിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച സൈനിക ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് മാസ്‌ക് ധരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കയില്‍ കോവിഡ് വ്യാപിക്കുമ്പോഴും മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
 സൈനിക ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ട്രംപ് നയം മാറ്റിയത്. മെരിലാന്‍ഡ് സ്‌റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ശനിയാഴ്ച ട്രംപ് സന്ദര്‍ശിക്കുന്നത്.
പരിക്കേറ്റ സൈനികരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ ഞാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ട്. അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കും. ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നു-ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് കൂട്ടാക്കിയില്ല.
 

Latest News