ദമാം- മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി മങ്ങാട്ടുപറമ്പൻ അബ്ദുൽ ജലീൽ (38) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. ദമാമിലെ ഒരു സ്വീറ്റ് വാട്ടർ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുമ്പ് ദമാം സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മൻഹ, അയ്മൻ എന്നിവരടങ്ങുന്ന കുടുംബം ദമാമിലാണ് താമസം. സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂർ, സി പി ശരീഫ്, ജൌഹർ കുനിയിൽ, സാമൂഹ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.