തബ്‌ലീഗ് സമ്മേളനത്തിനുപോയ മലപ്പുറം സ്വദേശിയെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി- ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലപ്പുറം സ്വദേശിയെ കാണാതായതായി ഹൈക്കോടതിയില്‍ ഹരജി.

മലപ്പുറം ചങ്ങരംകുളം സ്വദേശി അഷ്‌റഫ് പുള്ളിയിലിനെ കാണാതായത് സംബന്ധിച്ച് സുഹൃത്ത് എം.വി. അഹമ്മദ് ഉണ്ണിയാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് പൊലീസ് അന്യായ തടങ്കലില്‍ വെച്ചിരിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും എത്രയും വേഗം കണ്ടെത്താനും മോചിപ്പിക്കാനും എതിര്‍ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഉത്തര്‍പ്രദേശ് പോലീസിന്റേയും കേരള പോലീസിന്റേയും വിശദീകരണം തേടി.

കോവിഡ് രോഗവ്യാപനത്തിന് കാരണക്കാരെന്ന കുറ്റം ചുമത്തി സമ്മേളനത്തിന് മലേഷ്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്കൊപ്പം അഷ്‌റഫിനേയും ഉത്തര്‍പ്രദേശ് പോലീസ് പിടികൂടി തടങ്കലിലാക്കിയെന്നാണ് ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പോലീസ് കേസെടുത്തതായോ ഏതെങ്കിലും ജയിലില്‍ പാര്‍പ്പിച്ചതായോ ഹരജിക്കാരനോ ബന്ധുക്കള്‍ക്കോ വിവരം ലഭിച്ചിട്ടില്ല. ലോക്ഡൗണ്‍ മൂലം യാത്രാവിലക്കുള്ളതിനാല്‍ നേരിട്ട് പോയി അന്വേഷിക്കാനും കഴിയുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.

 

Latest News