കോവിഡ് ഗുരുതരമായാല്‍ സോറിയാസിസ് ഇന്‍ജക്ഷന്‍ നല്‍കാന്‍ അനുമതി

ന്യൂദല്‍ഹി- ഗുരുതര ശ്വസനപ്രശ്‌നങ്ങള്‍ പ്രകടമാകുന്ന കോവിഡ് രോഗികള്‍ക്ക് ത്വക് രോഗമായ സോറിയാസിസിന് നല്‍കാറുള്ള ഐറ്റൊലൈസുമാബ്  നല്‍കാനുള്ള നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകരിച്ചു.
 
മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക് ഷനായ ഐറ്റൊലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ നല്‍കാനാണ് നിര്‍ദേശം. കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്ക് പ്രതിരോധിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കരുതുന്നു.  

പള്‍മനോസളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി.ജി സൊമാനി പറഞ്ഞു.

ത്വക് രോഗമായ സോറിയാസിസ് ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഐറ്റോലൈസുമാബ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്പനിയായ ബയോകോണ്‍ ആണ് ഐറ്റൊലൈസുമാബിന്റെ ഉല്‍പാദകര്‍.

 

Latest News