വാളയാറില്‍ വീണ്ടും കുഴല്‍പ്പണവേട്ട


പാലക്കാട്- വാളയാറില്‍ ചരക്ക് ഓട്ടോറിക്ഷയില്‍ അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന 45 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ ഈച്ചനാറി ഗംഗാനഗര്‍ മാച്ചക്കൗണ്ടപാളയം സമ്പത്ത് കുമാര്‍ (46), ചീരത്തോട്ടം ചെമ്മട്ടിക്കോളനിയില്‍ ബാലമുരുകസ്വാമി (40) എന്നിവരെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ വമ്പന്‍ കുഴല്‍പ്പണ വേട്ടയാണിത്. രണ്ടു ദിവസം മുമ്പ് വാളയാര്‍ ടോളിനു സമീപം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത ഒന്നേമുക്കാല്‍ കോടി രൂപ പിടിച്ചെടുത്തിരുന്നു. അന്നും രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന. രണ്ടായിരം രൂപയുടെ ഏഴ് കെട്ട് നോട്ടുകളും അഞ്ഞൂറ് രൂപയുടെ 63 കെട്ട് നോട്ടുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായത് പണം അതിര്‍ത്തി കടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്റുമാര്‍ മാത്രമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് പണം എത്തിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
 

 

Latest News