താഴത്തങ്ങാടി ആക്രമണത്തില്‍ പരിക്കേറ്റ സാലിയും മരിച്ചു

കോട്ടയം- താഴത്തങ്ങാടിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഭര്‍ത്താവ്് മുഹമ്മദ് സാലി (65) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 40 ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

 ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ വീടിനുള്ളില്‍ വെച്ചു തന്നെ കൊല്ലപ്പെട്ടു. സംഭവത്തില്‍ താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്.
ഏക മകള്‍ ഷാനി മസ്‌കത്തില്‍നിന്നെത്തി പിതാവിനെ കണ്ടിരുന്നു. ഇടക്ക് നേരിയ പ്രതീക്ഷ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായെങ്കിലും ഇന്നലെ രാവിലെയോടെ സ്ഥിതി അതീവ ഗുരുതരമായി. കബറടക്കം ശനി 12 മണിക്ക് കോട്ടയം താജ് ജുമാമസ്ജിദില്‍. മരുമകന്‍: സുധീര്‍ തേലക്കാട്ട്, കോതമംഗലം.
അതിനിടെ കേസിലെ പ്രതി ബിലാലിനു മാനസിക രോഗം ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവായി. പ്രതിഭാഗം അഭിഭാഷകനു പ്രതിയെ സ്വകാര്യമായി കാണാന്‍ അനുവാദം നല്‍കി.

 

 

 

Latest News