Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതന്റെ ഖബറടക്കം; മാതൃകയായി ആരോഗ്യ പ്രവർത്തകർ

കാസർകോട്- കോവിഡ് പ്രതിസന്ധിയിൽ എല്ലാ ഘട്ടത്തിലും ജനങ്ങൾക്കായി സുരക്ഷാ കവചം തീർക്കുന്ന തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. മരണാനന്തരം മൃതദേഹം പരിപാലിക്കുന്ന കാര്യത്തിലും ആരോഗ്യ പ്രവർത്തകർ നിതാന്ത ജാഗ്രതയാണ് പുലർത്തുന്നത്. ജനങ്ങളുടെ പൂർണ സഹായം കൂടി ലഭിക്കുന്നതോടെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കപ്പെടുന്നത്. 
കർണാടകയിൽ ജോലി ചെയ്തിരുന്ന മൊഗ്രാൽപുത്തൂരിലെ മധ്യവയസ്‌കന്റെ ഖബറടക്കമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വൈകാരിക വൈഷമ്യങ്ങളെല്ലാം മറച്ചുവെച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പ്രകാരം മൃതദേഹം ഖബറടക്കാൻ പൂർണ പിന്തുണ നൽകിയ കുടുംബവും നാട്ടുകാരുടെ പ്രശംസ നേടുകയാണ്. കുടുംബത്തിന്റെ സഹകരണത്തോടെ യാതൊരു പാളിച്ചകളുമില്ലാതെയാണ് ആരോഗ്യ പ്രവർത്തകർ ഖബറടക്കം നടത്തിയത്. 
കർണാടക ഹുബ്ലിയിൽ 25 വർഷത്തോളമായി ജോലി ചെയ്തിരുന്നയാളാണ് കോട്ടക്കുന്നിലെ അബ്ദുൽ റഹ്മാൻ. ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നു. കോട്ടക്കുന്ന്, മൊഗ്രാൽ സ്വദേശികളായ രണ്ട് പേർക്കൊപ്പമാണ് ഈ മാസം ഏഴിന് പുലർച്ചെ തലപ്പാടി ചെക്‌പോസ്റ്റിലെത്തിയത്. ഇങ്ങോട്ട് വരുമ്പോൾ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. പിന്നീട് പരിശോധനയിൽ കോവിഡ്19 സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും നേരിട്ട് കോട്ടക്കുന്ന് മസ്ജിദ് പരിസരത്ത് ഖബറടക്കാനാണ് കൊണ്ടുപോയത്. 
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാനമായി വീട്ടിലെത്തിയത്. സംസ്‌കരണ വേളയിലും കുടുംബത്തിന് ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കുടുംബം ഒന്നൊഴിയാതെ പാലിക്കുകയായിരുന്നു. വളരെ ശ്രമകരമായ സംസ്‌കാര നടപടികൾക്ക് മൊഗ്രാൽപുത്തൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുന്ദരനും ചെങ്കളയിലെ ജൂനിയർ ഇൻസ്‌പെക്ടർമാരായ കൃഷ്ണപ്രസാദുമാണ് നേതൃത്വം നൽകിയത്. 
ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫ് പ്രോട്ടോകോൾ പാലനം നിരീക്ഷിച്ചു. സന്നദ്ധ പ്രവർത്തകരായ അഷ്‌റഫ് എടനീർ, മുജീബ് കമ്പാർ, ബഷീർ കടവത്ത്, കബീർ പേരൂർ, ഹമീദ് ബെള്ളൂർ, സിദ്ദീഖ് ബദർ നഗർ എന്നിവർ ഖബറടക്കം നടത്തി.
 

Latest News