Sorry, you need to enable JavaScript to visit this website.

അരച്ചും പൊടിച്ചും അരയിൽ കെട്ടിയും സ്വർണം; പൊളിച്ചടുക്കി കസ്റ്റംസ് 

കൊണ്ടോട്ടി - സ്വർണക്കടത്തിന് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് കളളക്കടത്ത് സംഘവും അവ പൊളിച്ചടുക്കി കസ്റ്റംസും. സ്വർണ ബിസ്‌കറ്റുകൾ, കോയിനുകൾ, ഇലക്ട്രോണികസ് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തൽ തുടങ്ങിയ പതിവ് രീതിയാണ് അടുത്തിടെയായി കളളക്കടത്തുകാർ ഒഴിവാക്കിയത്. സ്വർണം രൂപം മാറ്റിയാണ് കളളക്കടത്തായി എത്തിക്കുന്നത്. 
സ്വർണം ദ്രവ മിശ്രിതമാക്കി പാക്കറ്റുകളിൽ നിറച്ച് കാലിലും ശരീര ഭാഗങ്ങളിലും ഷൂ പോലുളളവയിലും കെട്ടിവെച്ചും തുന്നിച്ചേർത്തും കടത്തുന്നതാണ് കൂടുതലായി കണ്ടെത്തുന്നത്. ഇത്തരം സ്വർണക്കടത്ത് സാധാരണ പരിശോധനയിൽ കണ്ടെത്താൻ വളരെ പ്രയാസമാണ്.സ്വർണം മറ്റേതെങ്കിലും ഉൽപന്നത്തിന്റെ ബോട്ടിലിൽ ലായനിയാക്കി കൊണ്ടുവരുന്ന വിരുതന്മാരും കുറവല്ല. ഇത്തരം സ്വർണം വേർതിരിച്ചെടുക്കാനും കസ്റ്റംസിന് മണിക്കുറുകൾ വേണ്ടിവരുന്നു. ഇലക്ട്രോണിക്‌സിന്റെ അകത്ത് സ്വർണം ഒളിപ്പിക്കുന്നതിന് പകരം അവക്കുളളിലെ പാർട്‌സുകൾ മാറ്റി ഇവയിൽ സ്വർണം ഉരുക്കി ഒഴിച്ച് കടത്തുകയാണ് പുതിയ രീതി. ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ കമ്പനിയിലെ ജീവനക്കാരെ പോലും ഇതിനായി സ്വർണക്കടത്ത് സംഘം പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ഇനം മോട്ടോർ പമ്പുകൾ, മിക്‌സി, ഗ്രൈൻഡർ, ഇസ്തിരിപ്പെട്ടി, വാക്വം ക്ലീനർ, എമർജൻസി ലാമ്പ്, ലാപ്‌ടോപ്, കംപ്യൂട്ടർ ഗെയിം, സ്റ്റിക്ക് എന്നിവയുടെ ഭാഗങ്ങൾ മാറ്റിയാണ് സ്വർണം ഒളിപ്പിക്കുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ബെൽറ്റിന്റെ ബക്കിൾ, ഫാൻസി ഭാഗിന്റെ അലങ്കാര ഭാഗങ്ങൾ, ട്രാവലർ ഭാഗിന്റെ റീപ്പർ, തുണിത്തരങ്ങൾക്കുളളിൽ കടലാസ് പെട്ടിയുടെ പാളികൾക്കിടയിൽ, സൈക്കിളിന്റെ പെടൽ, ഷാഫ്റ്റ്, ഹാൻഡ്ൽ തുടങ്ങി സർവ വസ്തുക്കളിലും സ്വർണം ഒളിപ്പിക്കുന്നത് രൂപം മാറ്റിയാണ്. മൊബൈൽ ഫോണിന്റെ ചാർജർ മാറ്റി പകരം സ്വർണക്കട്ടി ഒളിപ്പിച്ചുവെച്ചതും അടുത്തിടെ പിടികൂടിയിരുന്നു. ഇന്നലെ അരയിൽ കെട്ടിയ സ്വർണ മിശ്രിതവും പൊടിയുമാണ് കണ്ടെത്തിയത്. കളളക്കടത്തിന്റെ പുതിയ തന്ത്രങ്ങളും പെളിച്ചടുക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ.

Latest News