Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് വ്യാജപ്രചാരണം നടത്തുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡുമായി ബന്ധപ്പെട്ട് പൂന്തുറയിലും മറ്റും യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മേഖലയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ്പിലൂടെ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആൻറിജൻ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കിൽ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ പോയാൽ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീർക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാൽ ഓരോരുത്തർക്കും സർക്കാർ സഹായം കിട്ടും എന്ന ദുർബോധനപ്പെടുത്തലും നടന്നു.

ഇതിൻറെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടി. കാരക്കോണം മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കൾക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും കടകൾ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെൻറ് സോണിൽ നിന്നും പുറത്തു പോകുന്നതിന് അനുമതി നൽകുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളിൽ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേർത്ത് പൂന്തുറയിലെ രോഗികൾ എന്ന പേരിലാണ് മാധ്യമങ്ങളിൽ വാർത്തവരുന്നത്. ഇത് പൂന്തുറ നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലർ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, ഡെപ്യൂട്ടി കളക്ടർ, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

പൂന്തുറയിൽ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിൻറെ പേരു പറയാൻ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോൾ പൊന്നാനി എന്നും കാസർകോടിനെ കാസർകോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ സ്വഭാവികമായും അതിൻറേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവൻ മുൻനിർത്തിയാണ്. പ്രതിരോധ പ്രവർത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്‌പ്പെടുത്താമെന്നു വന്നാൽ നാളെ ഒരിടത്തും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങൾക്ക് ചിലർ മറ്റു മാനങ്ങൾ നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ മുളയിലേ നുള്ളാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോധപൂർവം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരിൽ ഒരു വീട്ടിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന പരാതിയാണ് ചിലർ ഉയർത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവർത്തകർക്കു മുന്നിൽ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങൾ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലർ ചെയ്യിക്കുന്നതാണ്. അതിനുപിന്നിൽ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആൻറിജൻ ടെസ്റ്റിനെ പറ്റി ബോധപൂർവം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉൾ ഭാഗവും പ്രോട്ടിൻ എന്ന പുറം ഭാഗവും. പിസിആർ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആൻറിജൻ ടെസ്റ്റ് പ്രോട്ടീൻ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിർണ്ണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ നാലു മുതൽ ആറു മണിക്കൂർ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആൻറിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയിൽ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരിൽ പിസിആർ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിൻറെ ചില ഭാഗങ്ങൾ തുടർന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആൻറിജൻ ടെസ്റ്റ് ചെയ്താൽ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരിൽ ആൻറിജൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആർ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആൻറിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന ആൻറി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആൻറിബോഡി ടെസ്റ്റ് ചെയ്യുന്നത്.

കോവിഡ് സ്‌ക്രീനിങ്ങിനായി ആൻറിജൻ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാൽ മൂക്കിൻറെ പിൻഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിൻറെ സാന്നിദ്ധ്യം കൂടുതൽ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആൻറിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടർക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

ഇന്ന് ഒരു മാധ്യമത്തിൽ ഒരു ഡസൻ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവർ സ്വയം വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിൻറെയും സമൂഹത്തിൻറെയും നിലനിൽപ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവർത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

സമരങ്ങൾ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്‌സ് ക്വാറൻറൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മൽപിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അണികൾ എങ്കിലും അതിനു തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

Latest News