Sorry, you need to enable JavaScript to visit this website.

ഭാര്യയല്ല, സീസറാണ് സംശയത്തിനതീതമായിരിക്കേണ്ടത്

ഏതു സമൂഹത്തിലും ഒരുപാട് പഴഞ്ചൊല്ലുകളും വാമൊഴികളും നിലവിലുണ്ട്. ഏതു കാലത്തും പ്രസക്തമാണെന്ന മട്ടിലാണ് അവ സാധാരണ ഉപയോഗിക്കാറ്. എന്നാൽ ശരിയായ അർത്ഥത്തിൽ പരിശോധിച്ചാൽ അവയൊന്നും എക്കാലത്തേക്കും ശരിയാണെന്നോ എവിടെയും ഉപയോഗിക്കാവുന്നതോ അല്ല എന്ന് വ്യക്തമാകും. കാലം കഴിയുന്തോറും മനുഷ്യ സമൂഹം ആർജിക്കുന്ന വിവേകത്തിനും സംസ്‌കാരത്തിനുമനുസരിച്ച് അവയിൽ പലതും അപ്രസക്തമാകും. എന്നാലവയൊന്നും പരിഗണിക്കാതെ നമ്മളവ പ്രയോഗിക്കുകയും ചെയ്യും.


സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം പലരും ഉദ്ധരിക്കുന്നതു കേട്ടു. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഐ.ടി വകുപ്പിന്റെയും സെക്രട്ടറിയായ ശിവശങ്കറിനെതിരെ നടപടിയെടുത്തുമാണ് ഈ വാചകം ഉദ്ധരിക്കുന്നത്. ഭാര്യക്കെതിരെ പ്രജകൾ ആരോപണം ഉന്നയിച്ചപ്പോൾ അന്വേഷിക്കുക പോലും ചെയ്യാതെ നടപടിയെടുക്കുകയായിരുന്നല്ലോ സീസർ. പ്രജകളിൽ ചിലർ സീതക്കെതിരെ അപവാദം പറഞ്ഞപ്പോൾ അന്വേഷിക്കുക പോലും ചെയ്യാതെ അഗ്നിശുദ്ധി വരുത്താൻ ആവശ്യപ്പെട്ട രാമനെ പോലെ തന്നെ. രാജഭരണ കാലത്തെ ഈ പുരാണത്തിനൊക്കെ ജനാധിപത്യ കാലത്ത് എന്തു പ്രസക്തിയാണുള്ളത?  രാജാവിനുള്ള പോലെ ജനനം കൊണ്ട് ലഭിക്കുന്ന അധികാരമൊന്നുമല്ലല്ലോ ഇന്നത്തെ സീസർക്കും രാമനുമൊക്കെയുള്ളത്. ജനങ്ങളാണവരെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അവരാണ് സംശയത്തിന് അതീതരായിരിക്കേണ്ടത്. അവരാണ് അഗ്നിശുദ്ധി തെളിയിക്കേണ്ടത്. അഥവാ, അന്വേഷണം പോലും നടത്താതെ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കി ആ പഴഞ്ചൊല്ല് ഉദ്ധരിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നർത്ഥം.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടത് അന്വേഷണം നടത്തി കുറ്റം തെളിയിച്ച ശേഷമാണ്. സംശയത്തിന് അതീതനാകേണ്ടത് ജനപ്രതിനിധികളാണ്. ഇവിടെയത് മുഖ്യമന്ത്രി തന്നെയാണ്. 
വാസ്തവത്തിൽ ശിവശങ്കറിനെ പുറത്താക്കിയതിൽ എന്തു ന്യായമാണുള്ളത്. ഇതുവരെയും തെളിയിക്കപ്പെടാത്ത, എന്നാൽ ആരോപണ വിധേയായ സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധം (ഉദ്ദേശിക്കുന്നത് അവിഹിത ബന്ധം തന്നെ) ഉണ്ടെന്ന പൊതുബോധത്തെ തൃപിതപ്പെടുത്താനായിരുന്നു നടപടി. അതെ, സീസറുടെ ഭാര്യയുടെയും സീതയുടെയും സ്ഥാനത്താണ് ഇവിടെ ശിവശങ്കർ. എന്നാൽ അന്നത്തെ പോലെ പ്രജകൾ പറയുന്നത് കേട്ട് നടപടിയെടുക്കുന്ന രാജാവല്ലല്ലോ ഇന്നത്തെ മുഖ്യമന്ത്രി. ഇവിടെ പൊതുബോധം എന്നു പറയുന്നത് നമ്മുടെ കപടമായ സദാചാര ബോധം തന്നെയാണല്ലോ. അഥവാ സദാചാര പോലീസിംഗാണല്ലോ നടക്കുന്നത്. അതനുസരിച്ചാണോ ഒരു ജനാധിപത്യസംവിധാനത്തിൽ നടപടിയെടുക്കേണ്ടത്? സംശയ രഹിതനാണെന്നു തെളിയിക്കാനാണെങ്കിൽ രാജിവെക്കേണ്ടത് ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയല്ലേ. 


കള്ളക്കടത്തു വിഷയത്തിൽ അദ്ദേഹത്തിന്റെ ഓഫീസിനു പങ്കുണ്ടെന്നല്ലേ ആരോപണം. അദ്ദേഹമതു ചെയ്യാതെ പൊതുബോധത്തിന്റെ പേരിലെടുത്ത ഈ നടപടി ഇന്നത്തെയവസ്ഥയിൽ ന്യായീകരിക്കത്തക്കതല്ല. ശിവശങ്കറിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് നാളെ തെളിഞ്ഞാൽ അപ്പോഴാണ് നടപടിയെടുക്കേണ്ടത്. സ്പ്രിംഗഌറടക്കം പല വിഷയത്തിലും അദ്ദേഹത്തിനെതിരെ ആരോപണം വന്നപ്പോഴൊന്നും നടപടി എടുത്തില്ലല്ലോ. ഇപ്പോഴത്തെ നടപടിക്കു കാരണം സ്വപ്‌ന എന്ന, മുഖ്യമന്ത്രിയുടെ ഭാഷയിൽ, വിവാദ വനിതയുടെ സാന്നിധ്യമാണെന്നു വ്യക്തം. അതു പുരുഷനായിരുന്നെങ്കിൽ ഈ നടപടി ഉണ്ടാകുമായിരുന്നോ? അതായത് വിഷയം സമൂഹത്തിന്റെ കപടമായ സദാചാര പൊതുബോധത്തെ തൃപ്തിപ്പെടുത്തൽ മാത്രം. അതായത് സദാചാര പോലീസിംഗ് തന്നെ. 


ഏകദേശം അഞ്ചു വർഷം മുമ്പ്, ഉമ്മൻ ചാണ്ടി ഭരണത്തിന്റെ അവസാന ഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് പലരും പറയുന്നുണ്ടല്ലോ. ശരിയാണ്, അന്നും നമ്മുടെ പ്രധാന താൽപര്യം സരിതയെന്ന സ്ത്രീയുമ്ായി ബന്ധപ്പെട്ട കഥകളായിരുന്നു.  അന്ന് സരിതയുടെ പേരിലായിരുന്നു വിവാദങ്ങളെങ്കിൽ ഇപ്പോൾ സ്വപ്നയുടെ പേരിലാണെന്നു മാത്രം. സോളാർ അഴിമതിയുടെ പേരു പറഞ്ഞ് എന്തിനെല്ലാമായിരുന്നു കേരളം അന്ന് സാക്ഷ്യം വഹിച്ചത്. ഒരു അഴിമതി നടന്നാൽ അന്വേഷിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ അതായിരുന്നില്ല അന്ന് കേരളത്തെ പിടിച്ചുകുലുക്കിയത്. 


സോളാറിൽ കുറ്റമാരോപിക്കപ്പെട്ട സരിതയുമായി ആർക്കൊക്കെ ബന്ധങ്ങളുണ്ടെന്നായിരുന്നു രാഷ്ട്രീയക്കാരും മാധ്യമങ്ങളും മിക്കവാറും മലയാളികളും ചർച്ച ചെയ്തത്. സരിതക്കു പകരം ഒരു പുരുഷനാണെങ്കിൽ ഇത്രമാത്രം കോലാഹലമുണ്ടാകുമായിരുന്നോ? വർഷങ്ങൾക്കു മുമ്പേ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസും നമ്മൾ ആഘോഷിച്ചത് അങ്ങനെയായിരുന്നല്ലോ. വിവാദ കാസറ്റ് തേടിയുള്ള യാത്രയും തിരുവനന്തപുരത്തെ സ്തംഭിപ്പിച്ചു നടന്ന സമരാഭാസങ്ങളും സരിത ആരുടെയൊക്കെ കൂടെ നിൽക്കുന്നു, അവരുടെയാക്കെ ഫോട്ടോകളുമായി അക്ഷരാർത്ഥത്തിൽ കേരളം ആഘോഷിച്ചു തിമർക്കുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നു പ്രത്യകിച്ചു ഓർമപ്പെടുത്തേണ്ടതില്ലല്ലോ. ചാരക്കേസിനും എന്താണ് സംഭവിച്ചതെന്നു നാം കണ്ടു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാകാൻ തന്നെ കാരണം ഒരു നേതാവിന്റെ കാറിൽ ഒരു സ്ത്രീ യാത്ര ചെയ്തതാണ് എന്നു കൂടി ഇപ്പോൾ ഓർക്കുന്നത് നന്ന്.


ഇപ്പോൾ അഴിമതിയുടെ ഗ്രാവിറ്റിയിൽ സോളാറിനേക്കാൾ വലുതെന്നു തോന്നിപ്പിക്കുന്ന സ്വർണക്കടത്തായിരിക്കുന്നു നമ്മുടെ വിഷയം. തീർച്ചയായും  അഴിമതി അന്വേഷിക്കണം. ഏതു കുറ്റവാളിയാണെങ്കിലും ശിക്ഷിക്കപ്പെടണം. എന്നാലത് സീസർ, രാമൻ കഥകളെ പോലെയാകരുത്. പക്ഷേ കാര്യങ്ങളുടെ പോക്ക് സോളാർ വഴിയിലൂടെ തന്നെയാണ്. പ്രതിപക്ഷത്തിന് മധുരമായ പകരം വീട്ടലിന്റെ അവസരമായിരിക്കും ഇത്.  


എന്നാൽ എത്രമാത്രം അധഃപതിച്ച ഒരവസ്ഥയിലേക്കാണ് നാം പോകുന്നതെന്ന് ഈ കോലാഹലങ്ങൾ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.. സ്വപ്നയുടെ ഫ്ളാറ്റിൽ എന്തൊക്കെ സംഭവിക്കുന്നു, അവർ ആരുടെയൊക്കെ കൂടെ നിൽക്കുന്നു, ആരൊക്കെയുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട് എന്നൊക്കെ അറിയാനാണ് നമുക്ക് താൽപര്യം. മാധ്യമങ്ങൾ അതു നൽകുന്നുമുണ്ട്. 
'സ്വപ്‌ന സുന്ദരി ഉന്നതരുടെ ഇഷ്ട തോഴിയോ ' എന്നൊക്കെയാണ് മാധ്യമങ്ങളുടെ ചർച്ചാവിഷയം. ഈ നിലക്ക് ഇപ്പോഴത്തെ അവസ്ഥയിൽ വരുംദിവസങ്ങളിൽ ഈ വൃത്തികെട്ട യുദ്ധം രൂക്ഷമാകാനാണ് സാധ്യത. സോളാറിന്റെ ആവർത്തനം തന്നെ. അതേസമയം താൻ നിരപരാധിയാണെന്നും ബലിയാടാവുകയാണെന്നും സ്വപ്‌ന പറയുന്നു. എങ്കിൽ സംഭവിക്കുക യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുക എന്നതു മാത്രമായിരിക്കും. 

Latest News