Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് ഖത്തർ പ്രവാസികളുടെ അത്താണി 

അഡ്വ. നിസാർ കോച്ചേരി

കൊറോണ കാലത്ത് നാടണയാൻ പ്രയാസപ്പെടുന്ന പാവപ്പെട്ടവർക്ക് വേണ്ടി വിമാനം ചാർട്ടർ ചെയ്ത പ്രവാസി കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായ കോച്ചേരി നിരവധി നിയമ ബോധവൽക്കരണ പരിപാടികളിലൂടെയും മാതൃകാപരമായ സേവനങ്ങളിലൂടെയുമാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന് വേണ്ടി അദ്ദേഹം നടത്തിയ ലീഗൽ കഌനിക്കുകളും പ്രമുഖ പ്രാദേശിക ഇംഗഌഷ് ദിനപത്രത്തിലെ ലീഗൽ കോളവും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

പ്രവാസ ലോകത്ത് വേറിട്ട സാമൂഹ്യ ജനസേവന പ്രവർത്തനങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങൾ കീഴടക്കിയ നിയമജ്ഞനാണ് അഡ്വ. നിസാർ കോച്ചേരി. ഖത്തറാണ് തന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ തട്ടകമായി തെരഞ്ഞെടുത്തതെങ്കിലും വിവിധ ഗൾഫ് രാജ്യങ്ങളിലും നാട്ടിലും അദ്ദേഹത്തിന്റെ നിയമോപദേശവും ഇടപെടലുകളും കാരണം രക്ഷപ്പെട്ടവർ നിരവധിയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളാൽ തൊഴിൽ രംഗത്ത് ആരോഗ്യകരമായ മാറ്റങ്ങളാണ് സംഭവിച്ചത്.


കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ ദുരിതമകറ്റാൻ നിയമ സെമിനാർ സംഘടിപ്പിച്ച് അതിലൂടെ സമാഹരിച്ച 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃക കാണിച്ച കോച്ചേരി സേവനത്തിന് ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല.
കടൽക്കൊള്ളയും മോഷണ ശ്രമവും ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ കുടുങ്ങിയ അഞ്ച് കൊച്ചി സ്വദേശികളെ മോചിപ്പിക്കാൻ ടോംഗോ കോടതിയിൽ ഹാജരായ നിസാർ കോച്ചേരി ഭൂഖണ്ഡങ്ങൾ ഭേദിക്കുന്ന മാനവ സ്‌നേഹത്തിന്റെ മഹിത മാതൃകയാണ് സമ്മാനിച്ചത്.


കെനിയൻ ജയിലിൽ നിന്നും മലയാളികളെ മോചിപ്പിക്കാൻ മുൻകൈ എടുത്ത അഡ്വ. നിസാർ കോച്ചേരിയുടെ സേവനമനുഭവിച്ചാസ്വദിച്ചവർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധിയാണ്.
കണ്ണും കാതും തുറന്നു പിടിച്ച് നടന്നാലും ജീവിതം കാരാഗൃഹത്തിലാവാൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ മതി. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും ഭാഷാ പരിജ്ഞാനക്കുറവുമെല്ലാം ജയിലഴിക്കുള്ളിൽ ജീവിതം ഹോമിക്കപ്പെടുവാൻ കാരണങ്ങളാവാറുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്തിനു പോലും ജയിലിലകപ്പെടുന്നവർക്കുള്ള പ്രതീക്ഷയും സാന്ത്വനവുമായി അഡ്വക്കറ്റ് നിസാർ കോച്ചേരി സാമൂഹ്യ സേവനത്തിന്റെ കോച്ചേരി സ്പർശമാണ് അടയാളപ്പെടുത്തുന്നത്. ഗൾഫ് നാടുകളിലെ കോടതികളിലും ഖത്തറി വക്കീലന്മാരുടെ ഓഫീസുകളിലും കയറിയിറങ്ങി ഈ നിയമജ്ഞൻ ജീവിതത്തിലേക്ക് തിരികെയെത്തിച്ച പ്രവാസി ഇന്ത്യക്കാരുടെ പട്ടിക ചെറുതല്ല. പാവപ്പെട്ടവരോടും നിരപരാധികളോടുമുള്ള കടപ്പാടും തന്റെ അർപ്പിത ബോധവും മാത്രമാണ് ഈ വക്കീലിന്റെ പ്രവർത്തനത്തിലെ ചാലക ശക്തിയെന്നതും പ്രത്യേക പരാമർശമർഹിക്കുന്നു.
ജീവിതത്തിൽ നീതി നിഷേധിക്കപ്പെട്ടതിന്റെ എല്ലാ പ്രയാസങ്ങളും നേടിട്ടനുഭവിച്ചതും ദുരന്തങ്ങളിൽ നിന്നും വിസ്മയകരമായി രക്ഷപ്പെട്ടതുമൊക്കെയാകാം കോച്ചേരി ജനസേവകനെയും സാമൂഹ്യ പ്രവർത്തകനെയും സവിശേഷമാക്കുന്നത്. ജീവിതത്തിൽ നേരിട്ട നീതി നിഷേധത്തെ പറ്റി ചോദിക്കുമ്പോൾ ആർക്കും നീതി നിഷേധിക്കാൻ കഴിയില്ലെന്നും തടസ്സപ്പെടുത്താനോ താമസിപ്പിക്കുവാനോ കഴിഞ്ഞേക്കാമെന്നുമാണ് അദ്ദേഹം പറയുക.


1986 ഫെബ്രുവരി 26 നു കൊച്ചി റിഫൈനറിയിൽ ഉണ്ടായ ദുരന്തത്തിൽ പരിക്കേറ്റ നാലുപേരിൽ മാത്യു, ചാക്കോ, അനിൽ, പ്രസാദ് എന്നിവർ ഈ ലോകത്തോട് വിട പറഞ്ഞു. അതീവ ഗുരുതരമായി പരിക്കേറ്റു കോച്ചേരിക്ക്. കൺപോളകൾക്ക് ഏറ്റ ക്ഷതം പോളകളുടെ പ്രവർത്തനത്തെയും കണ്ണീർ ഗ്രന്ഥികളെയും ബാധിച്ചു. കണ്ണീർ ഗ്രന്ഥിയുടെ നഷ്ടപ്പെടൽ കോച്ചേരിക്ക് കരച്ചിൽ നിഷേധിച്ചു. ഇരുപത്തിരണ്ട് ജനറൽ അനസ്‌ത്തേഷ്യക്ക് വിധേയനാക്കപ്പെട്ട് നാട്ടിലും മദ്രാസിൽ അപ്പോളോ ആശുപത്രിയിലുമായിരുന്നു ശരീരത്തിന്റെ പുനഃസൃഷ്ടി. ദീർഘകാലത്തെ ചികിത്സക്കു ശേഷം മനസ്സിന്റെ ഊർജം നഷ്ടപ്പെടാതെ റിഫൈനറിയിൽ തിരിച്ചെത്തിയ കോച്ചേരിക്ക് നീതി നിധേഷിക്കപ്പെടുകയായിരുന്നു.


പേഴ്‌സണൽ ഡിപ്പാർട്ടുമെന്ററിലേക്ക് മാറ്റപ്പെട്ടുവെങ്കിലും അർഹത അംഗീകരിക്കാൻ മേലുദ്യോഗസ്ഥർ വൈമുഖ്യം കാണിച്ചു. തന്റേതല്ലാത്ത കാരണം കൊണ്ടാണ് ദുരന്തത്തിന്റെ വേദന അനുഭവിക്കേണ്ടി വന്നതെന്ന യാഥാർത്ഥ്യം മാനേജ്‌മെന്റിനു വ്യക്തവുമായിരുന്നു. പോരാടി ജയിക്കുകയെന്നതിലുപരി ഭീഷണിയെ അവസരമാക്കുക എന്ന വിശ്വാസ പ്രമാണത്തിന്റെ ഉടമസ്ഥനായ കോച്ചേരി റിഫൈനറിയിൽ നിന്നു അവധിയെടുത്ത് തിരുവനന്തപുരം ലോയോള കോളേജിൽ എം.എസ്.ഡബ്ല്യൂ പഠനം തുടരുവാൻ തീരുമാനിച്ചു. ഇതിനിടയിൽ കേരള യൂനിവേഴ്‌സിറ്റി വിഭജിക്കപ്പെട്ട് കേരള എം.ജി സർവകലാശാലകളായി മാറിയിരുന്നു. ഇക്കാരണത്താലാണ് കോച്ചേരി ലോയോള കോളേജിൽ പഠനം തുടർന്നത്. എന്നാൽ രണ്ടു വർഷം പഠനം പൂർത്തിയാക്കിയ കോച്ചേരിയുടെ അഡ്മിഷൻ സാധുവല്ലെന്ന സിൻഡിക്കേറ്റിന്റെ തീരുമാനം ഹൈക്കോടതിയിലെത്തി.


പിന്നീട് ഹൈക്കോടതി ജഡ്ജിയായ എം.രാമചന്ദ്രനുമായി കോച്ചേരിക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധത്തിന്റെ ഫലമായി അദ്ദേഹം കോച്ചേരിക്കു വേണ്ടി ഹൈക്കോടതിയിൽ സൗജന്യമായി കേസ് നടത്തി. കോടതി വിധിയിലൂടെ പരീക്ഷയെഴുതുവാനുള്ള അവസരം ലഭിച്ച കോച്ചേരി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോൾ ലൊയോള കോളേജിലെ പേഴ്‌സണൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു.
പഠന കാലത്ത് ആൾ കേരള പേഴ്‌സനൽ മാനേജ്‌മെന്റ് സ്റ്റുഡന്റ് അസോസിയേഷൻ രൂപീകൃതമാവുകയും സ്ഥാപക പ്രസിഡന്റായി നിസാർ കോച്ചേരി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ഈ സമയത്താണ് പേഴ്‌സനൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കായി ഒരു പ്രൊഫഷനൽ ജേർണൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.


മരണം വീണ്ടും തന്നെ പിന്തുടർന്ന സാഹചര്യം കോച്ചേരിക്കുണ്ടായത് ഒരു  യാത്രയിലാണ്. ലൊയോള കോളേജിൽ നിന്നു രാജഗിരിയിലേക്കായി പ്രൊഫസർ ഗോപാലകൃഷ്ണൻ നൽകിയ ഒരു സുപ്രധാന ഡോക്യുമെന്റുമായി പോകുന്ന വഴി വേഗത്തിൽ എത്തുവാനായി ബസിൽ കയറാതെ വാനിൽ യാത്ര ചെയ്യവേയുണ്ടായ അപകടത്തിൽ നിന്നു കോച്ചേരി രക്ഷപ്പെട്ടതു അതിശയിപ്പിക്കുന്ന വിധത്തിലാണ്. വാനിൽ തനിക്കു ലഭിച്ച സീറ്റ് സഹയാത്രികന്റെ അപേക്ഷ പ്രകാരം നൽകി. തുടർന്നുണ്ടായ അപകടത്തിൽ ആ സഹയാത്രികൻ മരിച്ചു.
കൊറോണ കാലത്ത് നാടണയാൻ പ്രയാസപ്പെടുന്ന പാവപ്പെട്ടവർക്ക് വേണ്ടി വിമാനം ചാർട്ടർ ചെയ്ത പ്രവാസി കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായ കോച്ചേരി നിരവധി നിയമ ബോധവൽക്കരണ പരിപാടികളിലൂടെയും മാതൃകാപരമായ സേവനങ്ങളിലൂടെയുമാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന് വേണ്ടി അദ്ദേഹം നടത്തിയ ലീഗൽ കഌനിക്കുകളും പ്രമുഖ പ്രാദേശിക ഇംഗഌഷ് ദിനപത്രത്തിലെ ലീഗൽ കോളവും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.


ഖത്തറിലെ പ്രമുഖ ഓയിൽ കമ്പനി ഉദ്യോഗസ്ഥനായി 1990 കളുടെ ആദ്യത്തിലാണ് കോച്ചേരി ദോഹയിലെത്തിയത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും കോച്ചേരിയുടെ പാഷനുമായി കൂടുതൽ യോജിക്കുന്ന തൊഴിൽ നിയമ സഹായമായിരുന്നു. അതിനാൽ കൊച്ചിയിലെത്തിയ നിസാർ എൻറോൾ ചെയ്തു മുഴുവൻ സമയവും നിയമ രംഗത്ത് നിലയുറപ്പിച്ചു. ഇന്ത്യൻ മാനേജ്‌മെന്റ് അസോസിയേഷന്റെ രാജ്യത്തിനു വെളിയിലുള്ള ആദ്യത്തെ ഘടകം 2001 ൽ കോച്ചേരി ദോഹയിൽ സ്ഥാപിച്ചു. 2010 ൽ സിംഗപ്പുരിൽ സംഘടിപ്പിക്കപ്പെട്ട ബെസ്റ്റ് ബി. സ്‌കൂൾസ് അവാർഡുകളിൽ മാനേജ്‌മെന്റ് രംഗത്തുള്ള സേവനങ്ങൾക്ക് പ്രത്യേക അവാർഡ് ലഭിച്ചു. ഏഷ്യൻ മാനേജ്‌മെന്റ് ഓർഗനൈസേഷന്റെ പ്രത്യേക ക്ഷണിതാവു കൂടിയാണ്. ദോഹയിലെ ഖത്തറീ വക്കീലന്മാരുമായി നല്ല സൗഹൃദ ബന്ധം സ്ഥാപിക്കുവാനുള്ള ശ്രമം അബ്ദുള്ള അൽ അൻസാരി ലീഗൽ ഫേമുമായി സഹകരിക്കുവാനുള്ള അവസരമൊരുക്കി.


2001 ൽ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെ ക്ഷണപ്രകാരം സക്കാത്ത് വിതരണത്തിനായി ഖത്തർ ജയിലിലെത്തിയ കോച്ചേരിക്ക് അവിടെ കുടുങ്ങിപ്പോയ നിരപരാധികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുവാനുള്ള അവസരമുണ്ടായി. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ജയിലിലുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു സെല്ലിനു രൂപം കൊടുക്കുവാൻ ഇതര സംഘടനകളുമായി സഹകരിച്ചു യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജയിലിലുള്ളവരെ സഹായിക്കുന്നതിനുള്ള ശ്രമത്തിന്റെ പ്രാരംഭ നടപടിയായിരുന്നു ഇത്. ഇതിനെ തുടർന്നാണ് ഇന്ത്യൻ എംബസി ജയിലുകൾ സന്ദർശിക്കുന്നത് പതിവാക്കിയത്. 
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സുലൈമാന്റെയും സുലൈഖയുടെയും നാലു മക്കളിൽ രണ്ടാമനാണ് കോച്ചേരി. റിസ്വിൻ, റിഷാദ്, റിഹാൻ എന്നിവരാണ് മക്കൾ. എറണാകുളത്ത് അഭിഭാഷകയായ ആലുവ സ്വദേശി സജിതയാണ് ഭാര്യ.


 

Latest News