Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് കേസ്; യു.എ.ഇ. കോണ്‍സുലേറ്റിലെ  അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി ഇന്ത്യ

ന്യൂദല്‍ഹി-തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അനുമതി തേടി. യു.എ.ഇ. എംബസിക്കാണ് ഇന്ത്യ കത്ത് നല്‍കിയത്. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിനെ കുറിച്ച് ചോദിച്ചറിയാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ സ്വപ്ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ടെന്നും ഹൈക്കോടതിയില്‍ എന്‍ഐഎ വ്യക്തമാക്കി.
എന്‍ഐഎയുടെ 16,17,18 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും ചോദ്യം ചെയ്യുന്നതിനു വേണ്ടി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. ഇ ഫയലിംഗ് വഴിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നതോടെ ഒളിവിലായ സ്വപ്ന സുരേഷ് ബുധനാഴ്ച രാത്രിയാണു സ്വപ്ന ഓണ്‍ലൈന്‍ വഴി ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യഹര്‍ജിയില്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരായാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ടി.കെ.രാജേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.
 

Latest News