കര്‍ഷകരില്‍ നിന്ന് ചാണകം സംഭരിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍; വിദ്യാഭ്യാസമുള്ളവരെ ചാണകം വാരിക്കുന്നുവെന്ന് ബിജെപിയുടെ പരിഹാസം

റായ്പൂര്‍- കര്‍ഷകരില്‍ നിന്ന് ചാണകം സംഭരിക്കുന്ന പദ്ധതി ജൂലൈ 20 മുതല്‍ ആരംഭിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്നും കന്നുകാലികളുടെ ചാണകം കിലോയ്ക്ക് 1.50 രൂപയ്ക്ക് സംഭരിക്കുമെന്നും മൃഗസംരക്ഷണത്തെ ലാഭകരമായ ബിസിനസ് ആക്കി വളര്‍ത്തിയെടുക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചിരുന്നു.'ഗൗധന്‍ ന്യായ് യോജന' എന്ന പദ്ധതിയുടെ ലക്ഷ്യം ജൈവകൃഷി പ്രോത്സാഹിപ്പിക്കലും കര്‍ഷകരുടെ വരുമാനം വളര്‍ത്തലുമാണ്.

ചാണകവും ഗോമൂത്രവും അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ പ്രചാരകരെന്ന് അവകാശപ്പെടുന്ന ബിജെപി പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് എതിരാണ്. അവര്‍ പഠനം ഉപേക്ഷിച്ച് ചാണകം വാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ അജയ് ചന്ദ്രക്കര്‍ പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മുദ്രയാക്കി ചാണകത്തെ മാറ്റിക്കോളൂവെന്നും ഇതാണോ പുതിയ ഛത്തീസ്ഗഡിനെ നിര്‍മിക്കാനുള്ള വഴിയെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പരിഹസിക്കുന്നു. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ചാണകം വാങ്ങുകയാണെന്ന് ബിജെപിയുടെ മുന്‍മുഖ്യമന്ത്രി രാമന്‍ സിങ് പറഞ്ഞു.എന്നാല്‍ ബിജെപിയുടെ വിമര്‍ശം തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അറിയിച്ചു.
 

Latest News