ഗുണ്ടാ നേതാവിന്റെ അറസ്റ്റ് നാടകം ചോദ്യം ചെയ്ത് കൊല്ലപ്പെട്ട പോലീസുകാരുടെ ബന്ധുക്കള്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ അറസ്റ്റ് നാടകത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ക്കു പുറമെ, കൊല്ലപ്പെട്ട പോലീസുകാരുടെ ബന്ധുക്കളും രംഗത്ത്. വികാസ് ദുബെയുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊലപ്പെടുത്തിയ എട്ട് പോലീസുകാരില്‍ മൂന്ന് പേരുടെ ബന്ധുക്കളാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്നുവെന്ന് പറയുന്ന വികാസിന്റെ അറസ്റ്റ് നേരത്തെ തയാറാക്കിയ കീഴടങ്ങല്‍ പദ്ധതിയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു.
അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും സഹായമില്ലാതെ വികാസ് ദുബെക്ക് ഒരിക്കലും നാല് സംസ്ഥാനങ്ങള്‍ കടന്ന് മധ്യപ്രദേശില്‍ എത്താനാവില്ലെന്ന് കൊല്ലപ്പെട്ട ബിഹാവുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ദേവേന്ദ്ര മിശ്രയുടെ ബന്ധു കമല്‍ കാന്ത് പറഞ്ഞു. കുപ്രസിദ്ധ ഗുണ്ടയെ രക്ഷിക്കാനായി തയാറാക്കിയ കീഴടങ്ങലാണിതെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ പിതാവിനേയും എഴ് പോലീസ് ഉദ്യോഗസ്ഥരേയും വികാസിന്റെ ആള്‍ക്കാര്‍ കൊലപ്പെടുത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് മിശ്രയുടെ മകള്‍ വൈഷ്ണവി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വികാസിന് പോലിസില്‍നിന്നുതന്നെ ലഭിക്കുന്ന പിന്തുണയെ കുറിച്ച് തന്റെ പിതാവ് തെളിവുകള്‍ സഹിതം ആഭ്യന്തര വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ വകവരുത്തിയതെന്നും വൈഷ്ണവി പറയുന്നു.
കൊല്ലപ്പെട്ടവരില്‍ പ്രയാഗ്‌രാജില്‍നിന്നും പ്രതാപ്ഗഢില്‍നിന്നുമുള്ള രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ബന്ധുക്കളും വികാസ് ദുബെ എങ്ങനെ ഉജ്ജയിനിലെത്തിയെന്ന ചോദ്യം ഉയര്‍ത്തുന്നു. ഗുണ്ടാ തലവന് വധശിക്ഷ  ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കാണ്‍പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എസ്.ഐ അനൂപ് സിംഗിന്റെ പിതാവ് രമേശ് ബഹാദുര്‍ സിംഗ് പറഞ്ഞു. പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം അടച്ച യു.പി അതിര്‍ത്തി കടന്ന് വികാസ് എങ്ങനെ ദല്‍ഹി,ഹരിയാന വഴി ഉജ്ജയിനിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. പ്രയാഗ് രാജ് സ്വദേശിയായ മറ്റൊരു എസ്.ഐ നെബുലാലിന്റെ കുടുംബാംഗങ്ങളും വികാസിന്റെ അറസ്റ്റ് സംശയാസ്പദമാണെന്ന് ആരോപിക്കുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും പോലീസ് നടപടികളില്‍ ഒട്ടും തൃപ്തിയില്ലെന്ന് നെബുലാലിന്റെ മകന്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. വികാസ് ഉജ്ജയിനില്‍ കീഴിടങ്ങിയത് ആസൂത്രിതമാണെന്നും ഇതിനായി പോലീസിലേയും രാഷ്ട്രീയക്കാരിലേയും യജമാനന്മാരാണ് അയാളെ സഹായച്ചതെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

 

Latest News