Sorry, you need to enable JavaScript to visit this website.

സോളാർ ലേലത്തിൽനിന്ന് ചൈനീസ് കമ്പനികൾക്ക് വിലക്ക്

ന്യൂദൽഹി- അതിർത്തി സംഘർഷത്തിൽ ഇപ്പോഴും പൂർണമായി അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ലഡാക്കിലെ സോളാർ പദ്ധതി ലേലത്തിൽ പങ്കെടുക്കുന്നതിൽനിന്നും ചൈനീസ് കമ്പനികളെ വിലക്കാനൊരുങ്ങി സർക്കാർ. 7,500 മെഗാ വാട്ടിന്റെ സോളാർ പദ്ധതി ലേലത്തിൽ പങ്കെടുക്കാനായി ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ഊർജ മേഖലയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ഊർജ മന്ത്രി ആർ.കെ സിംഗ് അടുത്തയിടെ പരാമർശം നടത്തിയിരുന്നു. ലഡാക്കിലെ സോളാർ പദ്ധതിയുമായ ബന്ധപ്പെട്ട ലേലത്തിൽ പൊതു മേഖല സ്ഥാപനങ്ങളെ കൂടുതൽ പങ്കെടുപ്പിക്കുകയും വിദേശ കമ്പനികളെ നിരുത്സാഹപ്പെടുത്തുകയുമാണ് സർക്കാർ ലക്ഷ്യം.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സോളാർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ദേശീയ ഗ്രിഡുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യുകയാണ് ലക്ഷ്യം. വിദേശ കമ്പനികളെ ലേലത്തിൽ പങ്കെടുപ്പിക്കാതിരിക്കുക എന്ന നയം സ്വീകരിക്കുമ്പോൾ തന്നെ ചൈനയിൽ നിന്നുള്ള കമ്പനികളെ തന്നെയാണ് സർക്കാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതിർത്തി മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിനൊപ്പം പ്രദേശത്ത് ഊർജ സുരക്ഷ കൂടി ഉറപ്പു വരുത്തുക എന്നതാണ് സോളാർ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

 

Latest News