Sorry, you need to enable JavaScript to visit this website.

പരമാധികാരം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധം-ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യ

ന്യൂദൽഹി- അതിർത്തികളിൽ ഇന്ത്യയുടെ പരമാധികാരവും അന്തസ്സും ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യ -ചൈന അതിർത്തി കാര്യങ്ങൾക്കുള്ള ഏകോപനത്തിനും കൂടിയാലോചനയ്ക്കുമുള്ള യോഗം (ഡബ്യു.എം.സി.സി) ഉടൻ ചേരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരും. അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും തകരുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും നടത്തിയ ചർച്ചയിൽ ധാരണയായതാണ്. യഥാർഥ അതിർത്തി നിയന്ത്രണ രേഖയെ മാനിക്കണം എന്നത് തന്നെയായിരുന്നു ആ ചർച്ചയിലെ സുപ്രധാന ധാരണയും.
അതിർത്തിയിലെ സേന പിൻമാറ്റത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ ചില അഭിപ്രായങ്ങൾ പുറത്തു വരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഗൽവാൻ താഴ്‌വരയിലെ ചൈനയുടെ അവകാശവാദങ്ങൾ അതിശയോക്തി കലർന്നതും സമർഥിക്കാൻ സാധ്യമല്ലാത്തതുമാണെന്നും സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.  യഥാർഥ നിയന്ത്രണ രേഖ കർശനമായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. അത് അതിർത്തി മേഖലകളിലെ സമാധാനത്തിനും സ്വസ്ഥതയ്ക്കും അനിവാര്യവുമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതിർത്തിയിലെ അന്തരീക്ഷം സമാധാനപരമാണെന്നും നില പുരോഗമിക്കുന്നുണ്ടെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ വ്യക്തമാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്ത് അതിർത്തി വിഷയത്തിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ വീണ്ടും ആരംഭിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  
അതിർത്തിയിൽനിന്നുള്ള ചൈനയുടെ സേനാ പിൻമാറ്റം മന്ദഗതിയിലാണ് നടക്കുന്നത്. ഓരോ പോയിന്റുകളിൽനിന്നും ചൈനയുടെ സൈന്യം പിൻമാറുന്ന അത്രയും തന്നെ ദൂരമാണ് ഇന്ത്യൻ സേനയും പിൻമാറുന്നത്. ഹോട്ട് സ്പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്നുള്ള ചൈനയുടെ പിന്മാറ്റം ഇന്നലെ പൂർത്തിയായി. ഗൽവാൻ താഴ്‌വര, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നീ പോയിന്റുകളിൽ ഇരു സേനകൾക്കും ഇടയിൽ ഇപ്പോൾ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ബഫർ സോൺ ആയിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് ഗോഗ്രയിലെ പട്രോളിംഗ്് പോയിന്റ് 17ൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമി പൂർണമായും പിൻമാറിയത്. മൂന്ന് പോയിന്റുകളിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷം ഇരു പക്ഷത്തു നിന്നുള്ള കോർ കമാൻഡർമാരുടെ നേതൃത്വത്തിലുള്ള ചർച്ച അടുത്ത ദിവസങ്ങളിൽ നടക്കും.
എന്നാൽ, പാങ്ങോംഗ് തടാകത്തിലെ ഫിംഗർ നാലിൽ നിന്ന് ചൈനീസ് സാന്നിധ്യം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. തടാകത്തിലെ എട്ടു ഫിംഗറുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം സൈനികതല ചർച്ചയിലും നയതന്ത്ര ചർച്ചയിലും വിഷയമാകും. ഫിംഗർ നാലിൽ നിന്ന് ചൈനീസ് സൈന്യത്തിന്റെ ഒരു ഭാഗവും വാഹനങ്ങളും ടെന്റുകളും ഫിംഗർ അഞ്ചിലേക്ക് മാറിയിരുന്നു. പക്ഷേ, ഫിംഗർ നാല് മുൻനിരയിൽ നിന്ന് അവർ പൂർണമായും പിൻവാങ്ങിയിട്ടില്ല. വിവിധ പോയിന്റുകളിൽ നിന്നു സേനാ പിൻമാറ്റം നടക്കുമ്പോഴും ഡെസ്പാംഗ് സമതലത്തിൽ ചൈനയുടെ വലിയ സൈനിക സാന്നിധ്യമുണ്ട്. എന്നാൽ, ലഡാക്ക് മേഖലയിലെ വ്യോമാഭ്യാസം ചൈന കുറച്ചിട്ടുണ്ട്. ഷിൻജിംയാംഗ്, ടിബറ്റ് മേഖലകളിൽ ചൈനയുടെ സേന സുസജ്ജമായി നിലയുറപ്പിക്കുകയും ചെയ്യുന്നു.

 

Latest News