Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര വിമാന സർവീസ് ഉടൻ പുനരാരംഭിക്കണം -എം.ഡി.എഫ്  

എം.ഡി.എഫ് അവകാശ പ്രഖ്യാപന പത്രിക യു.എ.നസീർ കുഞ്ഞാലിക്കുട്ടി എം.പിക്ക് കൈമാറുന്നു. എസ്.എ.അബൂബക്കർ, അബ്ദുറഹിമാൻ എടക്കുനി, വി.പി.സന്തോഷ്, ഒ.കെ.മൻസൂർ സമീപം. 

മലപ്പുറം- നിർത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) തുടങ്ങുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ഇന്നലെ കാലത്ത് എം.പിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അവകാശ പ്രഖ്യാപന പത്രിക എം.ഡി.എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ യു.എ.നസീർ കുഞ്ഞാലിക്കുട്ടി എം.പിക്ക് കൈമാറി. നാട്ടിൽ കുടുങ്ങിപ്പോയ കുട്ടികളെ അവരുടെ അമ്മമാരുടെ അടുത്ത് എത്തിക്കുക, വിദേശ രാജ്യങ്ങളിലേക്ക് വിമാന സർവീസ് സാധാരണ ഗതിയിൽ ഉടൻ പുനരാരംഭിക്കുക, മഹാമാരി കാലത്ത് പ്രവാസികളുടെ അത്താണിയായ ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുക. 
വന്ദേ ഭാരത് മിഷൻ സൗദിയിലെ പ്രവാസി യാത്രക്കാരോട് കാണിച്ച വിവേചനം അവസാനിപ്പിക്കുന്നതിന് ഇടപെടുക, ജോലി നഷ്ടപ്പെട്ട് മടങ്ങിവന്ന പ്രവാസികൾക്ക് അടിയന്തര പാക്കേജ് പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക, വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ ആശ്രിതർക്ക് അടിയന്തര സഹായവും തൊഴിലും ഉറപ്പ് വരുത്തുന്നതിനായി അടിയന്തരമായി മുഖ്യമന്ത്രിയുമായി സംസാരിക്കുക എന്നീ ആവശ്യങ്ങളാണ് എം.ഡി.എഫ് എം.പിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഈ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ശ്രദ്ധയിൽപെടുത്തി അനുവദിച്ചു കിട്ടുവാൻ സകല അധികാരവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. എം.ഡി.എഫ് പ്രസിഡണ്ട് എസ്.എ.അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എടക്കുനി, ട്രഷറർ വി.പി.സന്തോഷ്, സെകട്ടറി ഒ.കെ.മൻസൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News