Sorry, you need to enable JavaScript to visit this website.

പ്രബലമാകുന്ന പ്രവാസി തിരസ്‌കാരം

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലേക്ക് മാറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ രാജ്യത്ത് തങ്ങാൻ അനുവദിക്കേണ്ടതില്ലെന്ന അമേരിക്കയുടെ തീരുമാനം ഇതിന്റെ പ്രതിഫലനമാണ്. ഈ തീരുമാനം ആയിരക്കണക്കിനു വിദ്യാർഥികളെയാവും ബാധിക്കുക. നിലവിൽ പൂർണമായും ഓൺലൈനിലേക്ക് മാറിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന എഫ്-1, എം-1 വിദ്യാർഥികൾക്ക് യു.എസിൽ താമസിക്കാൻ കഴിയില്ലെന്നാണ് ഇമിഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) പുറയുന്നത്. 

കോവിഡ്19 ലോകത്ത് സൃഷ്ടിച്ചതും സൃഷ്ടിക്കാനിരിക്കുന്നതുമായ മാറ്റങ്ങൾ വിവരണാതീതമാണ്. കാണാത്തതു പലതും നാം കണ്ടു. അനുഭവിക്കാത്തത് പലതും നാം അനുഭവിച്ചു. എല്ലാം നേടിയെന്ന് ഭാവിച്ച് അഹങ്കാരത്തിന്റെ ഉത്തുംഗത്തിലെത്തിയ ഹേ മനുഷ്യാ....നീ എത്ര നിസ്സാരം എന്നും നമ്മെ കാണിച്ചു തന്നു. പക്ഷേ, ഇതൊന്നുമല്ല പ്രശ്‌നം, മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതും ഇനി നേരിടാൻ പോകുന്നതുമായ ഏറ്റവും വലിയ പ്രശ്‌നം ഉപജീവനത്തിന്റേതാണ്. പ്രത്യേകിച്ച് വിദേശത്ത് തൊഴിൽ തേടി പോയവരും പഠിച്ച് തൊഴിൽ കണ്ടെത്താൻ പോയവരും പുതിയ മേച്ചിൽപുറങ്ങളും പുതിയ രീതികളും അവലംബിക്കേണ്ടി വന്നിരിക്കുകയാണ്. പല വിദേശ രാജ്യങ്ങളും അവരുടെ ജനസംഖ്യയേക്കാളുപരിയായും അതല്ലെങ്കിൽ ആനുപാതികമായി വേണ്ടതിനേക്കാളും കൂടുതൽ വിദേശികളാൽ പൊറുതിമുട്ടുകയാണ്. കോവിഡ് പോലുള്ള മഹാമാരി വന്നപ്പോഴാണ് വിദേശികളുടെ ബാഹുല്യത്താൽ സ്വന്തം പൗരന്മാർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുന്നുവെന്ന തോന്നൽ പല രാഷ്ട്രങ്ങൾക്കും  ഉണ്ടാവാൻ തുടങ്ങിയത്. അതിന്റെ അലയൊലികൾ വന്നു തുടങ്ങി. വിദേശികളുടെ എണ്ണം കുറക്കണമെന്ന നിർദേശം പല രാജ്യങ്ങളിൽനിന്നും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്നും ഉയർന്നിരിക്കുകയാണ്. ഇതിൽ ഒരു പടി കടന്നു നിൽക്കുന്നത് കുവൈത്താണ്. അവസാനം സൗദിയിൽനിന്നു വരെ ഈ ആവശ്യം പൊന്തിയിട്ടുണ്ട്.


കുവൈത്തിൽ ഇതു ശക്തമാണ്. അതിനു കാരണവുമുണ്ട്. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 43 ലക്ഷത്തിൽ 30 ലക്ഷവും വിദേശികളാണ്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 30 ശതമാനമാക്കാണ്ടേതുണ്ടെന്ന് ???ഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് കരട് പ്രവാസി ക്വാട്ട  ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമ നിർമാണ സമിതി അംഗീകരിച്ചു കഴിഞ്ഞു. ഇതു പ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി പരിമിതപ്പെടുത്താം. ഇതു മന്ത്രിസഭ അംഗീകരിക്കുകയും നിയമമാവുകയും ചെയ്താൽ കുറഞ്ഞത് 8 ലക്ഷത്തോളം ഇന്ത്യക്കാർക്ക് കുവൈത്ത് വിടേണ്ടിവരും. നിലവിൽ 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണിത്. പാക്കിസ്ഥാൻ, ??ലിപ്പൈൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ അതിനനുകൂല നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ പുതിയ സാധ്യതകൾ കുറയുമെന്നു മാത്രമല്ല, ഉള്ളവരുടെ ജോലി നഷ്ടമാവും സംഭവിക്കാൻ പോകുന്നത്. സൗദിയിലും ഇതേ ആവശ്യം ഉയരാൻ തുടങ്ങി. വിദേശികളുടെ പരമാവധി താമസക്കാലം രണ്ടു മുതൽ മൂന്നു വർഷം വരെയായി പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗൺസിൽ അംഗം ഫഹദ് ബിൻ ജുംഅയുടെ നിർദേശം പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ബിനാമി ബിസിനസ് ഇല്ലാതാക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 


ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ സൗദി അറേബ്യ വിട്ടുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഈ വർഷമാദ്യം ലോക്‌സഭയെ അറിയിച്ചിരുന്നു.  2017  സെപ്റ്റംബറിൽ 32,53,901 ഇന്ത്യക്കാർ ഉണ്ടായിരുന്നത് 25,94,947 ആയി കുറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിനു മുൻപുള്ള കണക്കായിരുന്നു ഇതെങ്കിൽ അതിനു ശേഷം തൊഴിൽ നഷ്ടപ്പെട്ട ആയിരങ്ങൾ കൂടി ഈ ഗണത്തിൽ പെടുമ്പോൾ ഗ്രാഫ് വീണ്ടും താഴേക്കു പോകുമെന്നുറപ്പ്. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2011 ൽ ആരംഭിച്ച നിതാഖാത്, 2017 മുതൽ നടപ്പാക്കിയ വിദേശികൾക്കുള്ള ലെവി, ബിനാമി ബിസിനസ് ഇല്ലാതാക്കൽ, വനിതാവൽക്കരണം തുടങ്ങി വിവിധ കാരണങ്ങളാൽ പതിനായിരങ്ങൾക്കാണ് തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യ വിടേണ്ടി വന്നത്. ഇപ്പോൾ കോവിഡ് കൂടിയായപ്പോൾ അതു കൂടുതൽ ശക്തമായിരിക്കുകയാണ്. ലോകത്ത് 203 രാജ്യങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. മാത്രമല്ല, ഗൾഫിൽ കഴിയുന്നവർ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനും അവരുടെ വരുമാനത്തിന്റെ നല്ല പങ്കും സ്വന്തം രാജ്യത്ത് ചെലഴിക്കാനും ഇഷ്ടപ്പെട്ടിരുന്നവരാണ്. എന്നാൽ ഇന്ന് അവരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. 


കോവിഡ്19 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മലയാളികളിൽ 65 ശതമാനം പേരും തൊഴിൽ ഭീഷണി നേരിടുന്നതായാണ് അടുത്തിടെ ഒരു പ്രവാസി മാഗസിൻ നടത്തിയ പഠനത്തിൽ പറയുന്നത്. 13.50 ശതമാനം പേർക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടുവെന്നും 26.02 ശതമാനം പേർ തൊഴിൽ നഷ്ടപ്പെടലിന്റെ വക്കിലാണെന്നും 18.44 ശതമാനം പേർക്ക് ശമ്പളക്കുറവും 7.32 ശതമാനം പേർക്ക് ശമ്പളം തീരെ ഇല്ലാതായെന്നും പഠനത്തിൽ പറയുന്നു.  ആറു ഗൾഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴിൽ, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന 7223 പേരിൽ നടത്തിയ സർവേയെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട്. ഇതൊരു സൂചനയാണ്. വിദേശികളുടെ എണ്ണം കുറക്കണമെന്ന വാദം ഗൾഫ് രാജ്യങ്ങളിൽ ശക്തിപ്പെട്ടാൽ സ്ഥിതി വളരെ ഗുരുതരമായിരിക്കും. പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിതി ഭിന്നമല്ല. അമേരിക്ക ഇക്കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ്. പാശ്ചാത്യ രാജ്യങ്ങളിലേക്ക ചേക്കേറിയവരിൽ അധികപേരും പഠനത്തിന്റെ ആനുകൂല്യത്തിലായിരുന്നു. എന്നാൽ പഠനം ഓൺലൈനിലാണെങ്കിൽ പിന്നെന്തിന് രാജ്യത്ത് അവരുടെ സാന്നിധ്യം എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. 


കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലേക്ക് മാറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ രാജ്യത്ത് തങ്ങാൻ അനുവദിക്കേണ്ടതില്ലെന്ന അമേരിക്കയുടെ തീരുമാനം ഇതിന്റെ പ്രതിഫലനമാണ്. ഈ തീരുമാനം ആയിരക്കണക്കിനു വിദ്യാർഥികളെയാവും ബാധിക്കുക. നിലവിൽ പൂർണമായും ഓൺലൈനിലേക്ക് മാറിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന എഫ്-1, എം-1 വിദ്യാർഥികൾക്ക് യു.എസിൽ താമസിക്കാൻ കഴിയില്ലെന്നാണ് ഇമിഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) പുറയുന്നത്. യൂറോപ്യൻ രാജ്യങ്ങളും ഈ രീതി അവലംബിച്ചാൽ പതിനായിരക്കണക്കിനു ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിലേക്കു മടങ്ങേണ്ടി വരും. ഇങ്ങനെ തൊഴിൽ രംഗത്തും പഠന രംഗത്തും വിദേശത്ത് തുടരുന്നതിന് വൻഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മറ്റു പോംവഴികളെ കുറിച്ച് വ്യക്തിതലത്തിലും സർക്കാർ തലത്തിലും പഠനങ്ങളും ചർച്ചകളും അനിവാര്യമായിരിക്കുന്നു.

Latest News