Sorry, you need to enable JavaScript to visit this website.

നിർമലയെ മാറ്റുമ്പോൾ

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിൽ പുതുമയൊട്ടില്ലതാനും. എന്നാൽ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിലെ മാറ്റത്തിന് പ്രാധാന്യമേറെയാണ്. ഈ വർഷം തുടങ്ങുമ്പോഴേ സമ്പദ്ഘടനയുടെ പ്രകടനം തൃപ്തികരമായിരുന്നില്ല. വളർച്ചയുടെ ഒരു ലക്ഷണവുമില്ല. ഓട്ടോമൊബൈൽ വ്യവസായത്തിന്റെ നില പരുങ്ങലിലായിരുന്നു. അപ്പോഴാണ് കൂനിന്മേൽ കുരു പോലെ കോവിഡ്19 എന്ന പേരിൽ കൊറോണയുടെ കടന്നു കയറ്റം. 
ആർഎസ്എസിന്റെ മുതിർന്ന നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിജെപി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി പ്രധാനമന്ത്രി പുനഃസംഘടയെ കുറിച്ച് ചർച്ച നടത്തി. ധനം, റെയിൽവേ തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല ഈ രംഗത്തെ വിദഗ്ധരെ ഏൽപിക്കാനാണ് നീക്കം. കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂൽ കോൺഗ്രസിൽ നിന്നെത്തിയ മുകുൾ റോയ്, വടക്കുകിഴക്കൻ മേഖലയിലെ ശക്തനായ നേതാവ് ഹിമന്ത ബിസ്വ ശർമ എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളായേക്കും എന്നാണ് ശ്രുതി. . 


ധനമന്ത്രാലയത്തിലും റെയിൽവേയിലും മറ്റും രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിച്ചേക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളും അവരുടെ പ്രകടനങ്ങളും ഇതിനായി വിലയിരുത്തി വരികയാണ്. ഭരണ മികവ് ഇല്ലാത്ത മന്ത്രിമാരെ പുറത്താക്കാനാണ് ആലോചന. 
വിദേശകാര്യ വകുപ്പിന്റെ ചുമതല മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ ഏൽപിച്ചത് പോലെ വിദഗ്ധരെ നിയമിക്കാനാണ് ഒരുങ്ങുന്നത്. ധനകാര്യം, റെയിൽവേ വകുപ്പ് മന്ത്രിമാരെ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമനെ ഒഴിവാക്കിയേക്കുമെന്ന് കുറച്ചു കാലമായി സൂചനയുണ്ട്. 


ജെ.എൻ.യുവിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ തിളങ്ങി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര  ബിരുദമുള്ള നിർമല പ്രായോഗിക തലത്തിൽ വേണ്ടത്ര ശോഭിച്ചില്ലെന്നാണ് വിലയിരുത്തൽ. പ്രസംഗ കലയിൽ അവർ മിടുക്കിയാണെന്നതിൽ മലയാളികൾക്ക് ഏതായാലും സംശയമുണ്ടാവില്ല. തലസ്ഥാന നഗരത്തിനടുത്ത തീരദേശങ്ങളിൽ ഓഖി ആഞ്ഞു വീശിയ നാളുകളിൽ കേരളത്തിലെ ഫിഷറീസ് മന്ത്രിയെ ജനം കൂവി ഓടിച്ചപ്പോൾ ജനഹൃദയങ്ങൾ കീഴടക്കിയത് തമിഴ് ഭാഷയിൽ നിർമല നടത്തിയ പ്രസംഗമായിരുന്നു. 
ധനമന്ത്രി നിർമല സീതാരാമന്റെ പെർഫോമൻസ് തൃപ്തികരമല്ലെന്ന് സൂചിപ്പിച്ച് 2019 ഒക്ടോബറിൽ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരക്കല പ്രഭാകർ ദ ഹിന്ദു പത്രത്തിന്റെ ഓപ്പെഡ് പേജിലെഴുതിയ ലേഖനം നന്നായി വായിച്ചത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണെന്ന് വേണം മനസ്സിലാക്കാൻ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കൂവെന്നായിരുന്നു ഭർത്താവിന്റെ ഉപദേശം. സർദാർ വല്ലഭായ് പട്ടേലിന്റെ ആശയമൊക്കെ കൊള്ളാം. രാജ്യത്തിന് നല്ലത് നരസിംഹ റാവു-മൻമോഹൻ സിംഗ് മോഡലിലെ കാഴ്ചപ്പാടുകളാണെന്ന് അദ്ദേഹം തുറന്നടിക്കുകയുണ്ടായി. 


2019 ന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. കോവിഡ് കൂടി പൊട്ടിപ്പുറപ്പെട്ടതോടെ സാമ്പത്തിക രംഗം തകർച്ചയിലാണ്. രാജ്യത്തെ സാമ്പത്തിക രംഗത്തെ കൈപിടിച്ച് ഉയർത്താൻ വിദഗ്ധരെ തന്നെ നിയമിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. 
 ബ്രിക്‌സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്റെ പേരാണ്  മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. സാമ്പത്തിക വിദഗ്ധനായ നന്ദൻ നിലേകാനി, മോഹൻദാസ് പൈ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പുറത്തേക്ക് പോയേക്കുമെന്നാണ് വിവരം.  ബിഹാറും കേരളവും ഉൾപ്പെടെ വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യം വെച്ചുള്ളതാകും പുതിയ നിയമനങ്ങൾ. കേരളത്തിൽ നിന്ന് വി മുരളീധരനെ കൂടാതെ മറ്റൊരു നേതാവിനെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയെ പരിഗണിക്കാനും സാധ്യതയുണ്ട്. 


ഒന്നാം മോഡി സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു നോട്ട് റദ്ദാക്കൽ. മൂന്നര  വർഷം മുമ്പായിരുന്നു അത്. 2016 നവംബർ 8 ന് രാത്രി ടെലിവിഷൻ ചാനലുകളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യക്കാർ ഇത് കേട്ടത്. ആയിരം, അഞ്ഞൂറ് നോട്ടുകൾ ഇതോടെ റദ്ദായി. അഴിമതിയും ഭീകരതയും ഇല്ലാതാക്കാനുള്ള ഒറ്റമൂലിയെന്ന നിലയ്ക്കാണ് ഇത് അവതരിപ്പിച്ചത്. പ്രചാരത്തിലുള്ള കറൻസി നോട്ടുകളിൽ 86 ശതമാനം ഒറ്റയടിക്ക് പിൻവലിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. തുടർന്നിങ്ങോട്ട് മാസങ്ങളോളം ജനം ഇതിന്റെ ദുരിതം പേറി. എ.ടി.എമ്മുകളിൽ ലഭിക്കുന്ന നോട്ടുകൾക്കായി ഇന്ത്യയൊട്ടാകെ ആളുകൾ വരി നിന്നു. പിൻവലിക്കാവുന്ന തുകക്ക് പരിധി ഏർപ്പെടുത്തി. ഇന്ത്യൻ സമ്പദ്ഘടനയുടെ കുതിപ്പ് മാറി കിതക്കാൻ തുടങ്ങിയത് ഇതോടെയാണെന്ന് പറയാം. കള്ളപ്പണത്തെ തടയാൻ ഇതുകൊണ്ട് സാധിച്ചിട്ടില്ലെന്ന് വ്യക്തം. 
മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരിക്കേ ഇന്ത്യ ചൈനയുമായി മത്സരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരം ഷാങ്ഹായ് പോലെയായി മാറുമെന്ന് കരുതി. 2008 ലെ ആഗോള മാന്ദ്യത്തിൽ സമ്പന്ന രാജ്യങ്ങൾ പോലും ഉലഞ്ഞപ്പോൾ ഇന്ത്യയെ ഒട്ടും ബാധിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.  


ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് രാജ്യത്തിന്റെ ജി.ഡി.പിയുടെ നാൽപത്തഞ്ച് ശതമാനവും. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. നോട്ട് റദ്ദാക്കലിന്റെയും ജി.എസ്.ടിയുടെയും പ്രഹരമേറ്റു വാങ്ങി തളർന്നിരിക്കുകയാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ്-ഭവന നിർമാണ രംഗവും. നോട്ട് റദ്ദാക്കലിനെ തുടർന്ന് നിശ്ചലമായ റിയൽ എസ്റ്റേറ്റ് മേഖലക്ക് കർശന നിയന്ത്രണങ്ങൾ  തിരിച്ചടിയാവുകയായിരുന്നു.  
സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളിലുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും  അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ. ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായ വേളയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്കായിരുന്നു പ്രസക്തി. റഷ്യൻ ചേരിയിൽ ഉറച്ചു നിന്ന ഇന്ത്യയെ നയിച്ച ഇന്ദിരാഗാന്ധിയും സാമൂഹ്യ സമത്വത്തിനായി പ്രയത്‌നിച്ചു. 


ആദ്യ പഞ്ചവത്സര പദ്ധതികളിൽ ദാരിദ്ര്യം ഉച്ചാടനം ചെയ്യാനുള്ള പദ്ധതികൾക്ക് രാജ്യം നൽകിയ പ്രത്യേക പരിഗണനയിൽനിന്ന് ഇത് വ്യക്തമാണ്. സമ്പന്നരുടെ താൽപര്യത്തിന് ഊന്നൽ നൽകിയിരുന്ന ഇന്ത്യയിലെ ബാങ്കുകൾക്ക് മൂക്കുകയറിട്ടത് ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്താണ്. പ്രധാന നഗരങ്ങളിൽ മാത്രം പ്രവർത്തിക്കാനായിരുന്നു അവർക്ക് താൽപര്യം. ഈ നിലപാട് മാറ്റിയെടുത്തതിന് കാരണം കേന്ദ്ര സർക്കാറിന്റെ ബാങ്ക് ദേശസാൽക്കരണ നയമാണ്. ഇന്ത്യ കണ്ട് ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരയാണ് എല്ലാ എതിർപ്പുകളും അതിജീവിച്ച് ബാങ്ക് ദേശസാൽക്കരണം യാഥാർഥ്യമാക്കിയത്. കുത്തക വ്യവസായികൾക്ക് മാത്രം ലഭ്യമായിരുന്ന ബാങ്ക് വായ്പ ഗ്രാമീണ മേഖലയിലെ ആവശ്യക്കാർക്ക് പോലും ലഭിക്കുമെന്നായി. ഇടതുപക്ഷ ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങളായിരുന്നു ഇന്ദിരയുടേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാറിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്‌കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ  പിൻവലിച്ചത്. 


പി.വി നരസിംഹ റാവു സർക്കാർ അധികാരത്തിലേറിയ 90 കളിലാണ് രാജ്യം സാമ്പത്തിക രംഗത്തെ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ് പിന്നണിയിലും പ്രവർത്തിച്ച കാലത്താണ് ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിയത്. സാമ്പത്തിക ഉദാരവൽക്കരണ പ്രക്രിയയുടെ ഫലമായി ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ തലയെടുപ്പുള്ള ശക്തിയായി മാറി. 
ലോക ബാങ്കിന്റെ കണക്കിൽ ആദ്യ പട്ടികകളിൽ സ്ഥാനമുണ്ടായിരുന്ന ഇന്ത്യ തകർച്ചയെ നേരിടുന്നതാണ് നോട്ട് ബന്ദിക്ക് ശേഷം കണ്ടത്. നോട്ട് റദ്ദാക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയം മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം.  ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. ഇതിനെക്കുറിച്ചൊക്കെ ധാരണയുള്ളവർ മന്ത്രാലയത്തിന് ചുക്കാൻ പിടിക്കുന്നതാവും ഉചിതം. 


പുതിയ ധനമന്ത്രി ആരായാലും ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നിശ്ചലമായിട്ട് മാസങ്ങളായി. കോവിഡ് വ്യാപനം ചെറുകിട വ്യവസായ രംഗത്തെ പ്രതികൂലമായി ബാധിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ കണ്ട പലായനം രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ രേഖാചിത്രമാണ് പകർന്നു നൽകുന്നത്. രണ്ടാം മോഡി സർക്കാർ ഭരണം തുടങ്ങിയ വേളയിൽ നിന്ന് വളർച്ചാ നിരക്ക് ഏറെ താഴോട്ട് പോയെന്ന് വ്യക്തം. 


ആഭ്യന്തര വിപണിയെ ഉണർത്തിയതുകൊണ്ട് മാത്രമായില്ല. നിലവിലെ സാഹചര്യത്തിൽ ചൈനയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം ഭരിക്കുന്ന സർക്കാർ. ഇന്ത്യയുടെ ഉൽപാദന മേഖലയ്ക്ക് കരുത്ത് പകരേണ്ടതുണ്ട്. കുറെ മുമ്പ് സംഘ പരിവാർ സ്വദേശി ഉൽപന്നങ്ങളുടെ ഉപഭോഗം വർധിപ്പിക്കാൻ സ്വദേശി ജാഗരൺ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കാമ്പയിൻ നടത്തിയിരുന്നു. അതിനേക്കാൾ തീവ്രമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ മാറുന്നത്. എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും കുറഞ്ഞ നിരക്കിൽ ബദൽ എത്തിക്കാൻ ഇന്ത്യക്ക് കഴിയണം. നിർമല സീതാരാമനെ മാറ്റുകയാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ള ഒരാളെ കണ്ടെത്തേണ്ടതുണ്ട്. 

Latest News