തിരുവനന്തപുരം- വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് സൂചന. ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് ഈ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ പുരോഗമിക്കുകയാണ്.
സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വർണക്കടത്തിലെ കണ്ണികൾ മാത്രമാണ്. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാൻ ഇയാൾ ശ്രമം നടത്തിയത്.
ഉദ്യോഗസ്ഥന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം അയക്കുന്നത് യു.എ.ഇ മലയാളിയായ അബ്ദുൾ ഫാസിലാണ്. ഇത് കൈപ്പറ്റി കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി വിമാനത്താവളത്തിന് പുറത്ത് എത്തിക്കേണ്ട ചുമതലയാണ് സരിത്തിനും സ്വപ്നയ്ക്കുമുള്ളത്. വിമാനത്താവളത്തിന് പുറത്തുകടത്തുന്ന സ്വർണം ഇവർ സന്ദീപിന് കൈമാറും. സന്ദീപാണ് സ്വർണം ഫൈസൽ ഫരീദിന് എത്തിക്കുന്നത്. എന്നാൽ ആർക്ക് വേണ്ടിയാണ് ഫൈസൽ സ്വർണം വാങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടില്ല.