ലക്‌നൗ- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (ബി എച്ച് യു) കീഴിലുള്ള സുന്ദര്‍ലാല്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ അസ്വാഭാവികമായി നടന്ന മരണങ്ങളെ കുറിച്ച് കേന്ദ്ര, സംസ്ഥാന സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാതകം രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കുന്നതിനായി ഉപയോഗിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചികിത്സകള്‍ക്കായി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത വാതകമാണ് ഓപറേഷന്‍ കാത്തു കിടന്ന രോഗികളില്‍ പ്രയോഗിച്ചത്. ഈ രോഗികളാണ് മരിച്ചത്. ആശുപത്രിക്ക് ഈ വാതകം എത്തിച്ചത് ബിജെപി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്നും കണ്ടെത്തി.
ഈ വര്‍ഷം ജൂണ്‍ ആറിനും എട്ടിനുമിടയില്‍ ചുരുങ്ങിയത് 14 രോഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 'ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത നൈട്രസ് ഓക്‌സൈഡ് ആശുപത്രിയില്‍ ഉപയോഗിച്ചതായി കണ്ടെത്തി. അനുവദനീയ മരുന്നുകളുടെ ഗണത്തില്‍ ഉള്‍പ്പെടാത്ത വാതകമാണിത്,' ജൂലൈ 18-ന് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ് തന്നെയാണോ രോഗികളുടെ മരണത്തിന് കാരണമായതെന്ന അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിഎച്ച് യു ആശുപത്രിയിലേക്ക് ഈ നൈട്രസ് ഓക്‌സൈഡ് വാതകം എത്തിച്ചു നല്‍കിയ അലഹാബാദിലെ പരെര്‍ഹട്ട് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ്് എന്ന സ്ഥാപനത്തിന് വൈദ്യശാസ്ത്ര ഉപയോഗങ്ങള്‍ക്കുളഅള വാതകം ഉല്‍പ്പാദിപ്പിക്കാനോ വില്‍ക്കാനോ ഉള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സ്ഥാപന ഉടമ അലഹാബാദ് നോര്‍ത്ത് ബിജെപി എംഎല്‍എ ഹര്‍ഷ് വര്‍ധന്‍ ബാജ്പായുടെ അച്ഛനാണെന്നും കണ്ടെത്തി. എം എല്‍ എക്ക് 1.21 കോടി രൂപ വിലമതിക്കുന്ന ഓഹരിപങ്കാളിത്തവും ഈ കമ്പനിയിലുണ്ട്.
ഈ വാതകം ഉല്‍പ്പാദിപ്പിക്കാനുള്ള ലൈസന്‍സ് തങ്ങള്‍ക്കില്ലെന്ന് എം എല്‍ എ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മരണ കാരണം ഈ വാതകമല്ലെന്നും അദ്ദേഹം പറയുന്നു. ലക്‌നൗവിലേയും അലഹാബാദിലേയും മെഡിക്കല്‍ കോളേജുകള്‍ക്കും തങ്ങള്‍ ഈ വാതകം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ലൈസന്‍സ് സര്‍ക്കാര്‍ ഈ കമ്പനിക്ക് നല്‍കിയിട്ടില്ലെന്ന് അലഹാബാദ് അസിസ്റ്റന്റ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കെ ജി ഗുപ്ത വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.