Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

ഫലസ്തീൻ ചരിത്രം വിരൽതുമ്പിൽ

ലൈബ്രറികൾക്കും അറബ്, ഇസ്‌ലാമിക സംസ്‌കാരത്തിനും ഉപയോഗപ്പെടുന്ന തരത്തിൽ നെറ്റ്‌വർക്ക് സജ്ജമാക്കുന്നതിന്ഇൻഫർമേഷൻ വിദഗ്ധർക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളാണ് കെ.എ.പി.എൽ ലഭ്യമാക്കിയത്. 

രണ്ടര ലക്ഷം പേജുകൾ ഡിജിറ്റൈസ് ചെയ്തു

ഫലസ്തീൻ ചരിത്രത്തിലെ രണ്ടര ലക്ഷത്തോളം പേജുകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും ലഭ്യമാക്കി. സൗദിയിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി (കെ.എ.പി.എൽ) യാണ് ഇതിനാവശ്യമായ സഹായം നൽകിയത്. 
അറബ് യൂനിയൻ കാറ്റലോഗിലാണ്  ജറൂസലമിന്റെ ഏറ്റവും വലിയ ചരിത്ര രേഖകൾ റിയാദ് ആസ്ഥാനമായി കെ.എ.പി.എല്ലിന്റെ നേതൃത്വത്തിൽ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.  ജറൂസലം ശരീഅത്ത് കോടതിയിലെ 820 രേഖകൾ ശേഖരിക്കാനും അറബ് യൂനിയൻ കാറ്റലോഗിലെ ഫലസ്തീൻ ചരിത്രത്തിൽ ഉൾപ്പെടുത്താനും ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യൂ.എ) സഹായവും ലഭ്യമായി. ഓരോ ചരിത്ര രേഖയും 150 മുതൽ 500 പേജുകൾ വരെ അടങ്ങുന്നതാണ്. 
പുസ്തകങ്ങളിലും ഭൂപടങ്ങളിലും കൈയെഴുത്തു പ്രതികളിലുമായി 2,50,000 പേജുകളിലധികം വരുന്ന ചരിത്ര ശേഖരം 1528 മുതലുള്ള ജറൂസലമിന്റെ ചരിത്രം ഉൾക്കൊള്ളുന്നു. ഇത് യു.എൻ.ആർ.ഡബ്ല്യൂ.എ ലൈബ്രറീസ് നെറ്റ്‌വർക്കിൽ ലഭ്യമാണ്. 


ലൈബ്രറികൾക്കും അറബ്, ഇസ്‌ലാമിക സംസ്‌കാരത്തിനും ഉപയോഗപ്പെടുന്ന തരത്തിൽ നെറ്റ്‌വർക്ക് സജ്ജമാക്കുന്നതിന് ഇൻഫർമേഷൻ വിദഗ്ധർക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളാണ് കെ.എ.പി.എൽ ലഭ്യമാക്കിയത്. 
അറബ്, ഇസ്‌ലാമിക ചരിത്രവും പൈതൃകവും സംരക്ഷിക്കുകയെന്ന് കെ.എ.പി.എൽ പ്രവർത്തനങ്ങളുടെ പ്രധാന മേഖലയാണ്. അടിത്തറ എന്നു തന്നെ പറയാം.  ഫലസ്തീനുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും രേഖകളുടെയും മാപ്പുകളുടെയും വലിയ ഡാറ്റാബേസ് ലൈബ്രറിയിലുണ്ട്. പുണ്യ കേന്ദ്രങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ഡോം ഓഫ് ദി റോക്ക്, അൽഅഖ്‌സാ പള്ളികൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അൽ അഖ്‌സ എന്ന പേരിൽ കെ.എ.പി.എൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപൂർവ ചിത്രങ്ങളും രേഖകളും ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. 


സമൂഹങ്ങളുടെ ചരിത്രം പൈതൃകത്തിന്റെയും ആഗോള സമൂഹത്തിന്റെയും ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതാണ്.  നേട്ടങ്ങളെയും  നഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ച് പറയുന്ന അതതു സമൂഹത്തിന്റെ ചരിത്ര ചിത്രങ്ങളാണ് സമൂഹ സ്വത്വത്തിന്റെ സുപ്രധാന ഘടകമായി വർത്തിക്കുന്നത്.  വിവിധ സാംസ്‌കാരിക പദ്ധതികളിലൂടെ 30 ലക്ഷത്തിലേറെ പുസ്തകങ്ങളും അപൂർവ ഫോട്ടോകളും രേഖകളും കൈയെഴുത്തു പ്രതികളും ശേഖരിച്ച കെ.എ.പി.എൽ അറബ് ബൗദ്ധിക രംഗത്ത് വലിയ സംഭാവനയാണ് അർപ്പിച്ചിരിക്കുന്നത്. ചരിത്ര ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന നടപടി അറബ്, ഇസ്‌ലാമിക സംസ്‌കാരത്തെയും അതിന്റെ ഉറവിടങ്ങളെയും സംരക്ഷിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യും. സ്വത്വവും ചരിത്രവും ഇല്ലാതായിപ്പോകുന്നതിനെ അതിജീവിക്കാനുള്ള സുപ്രധാന മാർഗമാണ് ഡോക്യമെന്റേഷനെന്ന് ഈ രംഗത്ത് പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന മാജിദ് അൽ അഹ്ദൽ പറയുന്നു.


ജറൂസലം പഴയ നഗരത്തിൽനിന്ന് കണ്ടുകിട്ടിയ നൂറുകണക്കിനു ഫോട്ടോകൾ ഇപ്പോൾ ഡോക്യുമെന്റേഷന്റെ പ്രധാന ഭാഗമണ്. ചരിത്ര സംരക്ഷണ പ്രവർത്തനങ്ങളിൽ ഇവ മുഖ്യ പങ്കു വഹിക്കുന്നു. ഇത്തരം ഫോട്ടോകളെ അടിസ്ഥാനമാക്കി നിരവധി എൻജിനീയറിംഗ്, ആർട്ടിസ്റ്റിക് ആപ്ലിക്കേഷനുകൾ നിർമിക്കാൻ കഴിയും.  ത്രിമാന (3 ഡി) മോഡലിംഗ് സോഫ്റ്റ് വെയറും മറ്റു എൻജിനീയറിംഗ് ആപ്ലിക്കേഷനുകളും സുപ്രധാന പങ്കു വഹിക്കും. പ്രകൃതി ദുരന്തങ്ങളും സംഘർഷവും കാരണം നശിച്ചുപോയ പൈതൃകങ്ങളുടെ ത്രിമാന മാതൃകകൾ പുനഃസൃഷ്ടിക്കാൻ ഫോട്ടോകളിലൂടെ സാധിക്കും. മറ്റൊരു തരത്തിലും വിശദീകരിക്കാനോ രേഖപ്പെടുത്താനോ സാധിക്കാത്ത തരത്തിലുള്ള കെട്ടിടങ്ങൾ, അലങ്കാരങ്ങൾ, ആളുകളുടെ വസ്ത്രങ്ങൾ, സമൂഹത്തിന്റെ ആചാരങ്ങൾ എന്നിവയുടെ വിശ്വസനീയവും ആധികാരികവുമായ രേഖകളായി മാറാൻ ഫോട്ടോകൾക്ക് കഴിയുന്നു.  


വിഷ്വൽ ഡോക്യുമെന്റുകൾ ഉൾപ്പെടുത്തിയുള്ള ലേഖനങ്ങളും ഓഡിയോ ബ്ലോഗുകളും പ്രോത്സാഹിപ്പിക്കേണ്ടുതുണ്ടെന്നും അറബ്, ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് കൂടുതൽ കൃത്യമായ വീക്ഷണം ലഭ്യമാക്കാൻ ഇതു സഹായകമാകുമെന്നും മാജിദ് അൽ അഹ്ദൽ പറയുന്നു. 
ഫലസ്തീൻ ജനതയുടെ ജീവിതത്തെയും ചരിത്രത്തെയും കുറിച്ചുള്ള പതിനായിരത്തിലധികം പ്രിന്റുകളും 85,000 സ്ലൈഡുകളും 70 ലധികം സിനിമകളും അടങ്ങിയ ഫിലിം, ഫോട്ടോഗ്രഫി എന്നിവയുടെ സമ്പന്നമായ ഓഡിയോ വിഷ്വൽ ശേഖരം  2009 ൽ യുനെസ്‌കോ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.