Sorry, you need to enable JavaScript to visit this website.

കോവിഡ് വായുവിലൂടെ പകരുമോ; ഉത്തരം നല്‍കി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി-കൊറോണ വൈറസിന് അന്തരീക്ഷത്തില്‍ തങ്ങാനും പകരാനും കഴിയുമെങ്കിലും അത് പരിമിതമായി മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.


കോവിഡ് വായുവില്‍ കൂടി പകരുമെന്ന ഗവേഷകരുടെ വാദം വലിയ ഭീതിയായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വിശദീകരിച്ചത്.
കോവിഡ്-19 വായുവില്‍ കൂടി പകരുമെന്ന ഒരു സംഘം ഗവേഷകരുടെ വാദം ലോകാരോഗ്യ സംഘടന അംഗീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 32 രാജ്യങ്ങളില്‍ നിന്നുള്ള 230 ഗവേഷകരാണ് കോവിഡ് വായുവില്‍ കൂടിയും പകരുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട്  ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിരുന്നത്.  

എന്നാല്‍ അഞ്ചാംപനിപോലുള്ള വൈറസുകള്‍ വായുവില്‍ കൂടി പകരുന്ന രീതിയില്‍ കോവിഡും പകരുമെന്നല്ല  അർഥമാക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് പറയുന്നു.

എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും പ്രത്യേക ഇടങ്ങളില്‍ ചില സാഹചര്യങ്ങളില്‍ മാത്രമാണ് ഈയൊരു രീതിയിലുള്ള രോഗപ്പകര്‍ച്ച ഉണ്ടാവുകയെന്നും അവർ പറഞ്ഞു. അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ വായുവില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിക്കുന്നവയാണ്. ഇവ വളരെവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും.

എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ എയ്‌റോസോള്‍ മുഖേനെ മാത്രമേ വായുവില്‍കൂടി രോഗപ്പകര്‍ച്ചയുണ്ടാകുവെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

 സംസാരിക്കുമ്പോള്‍, ഉറക്കെ ശമ്പ്ദമുണ്ടാക്കുമ്പോള്‍, പാട്ടുപാടുമ്പോള്‍ അല്ലെങ്കില്‍ നമ്മുടെ നിശ്വാസത്തില്‍ പോലും സ്രവകണങ്ങള്‍ ഉണ്ടാകും. ഇവയൊക്കെ പലവലിപ്പത്തില്‍ ഉള്ളവയാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങള്‍ വലുതായിരിക്കും. ഇവയ്ക്ക് പരമാധി  രണ്ടുമീറ്ററുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഇവ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകള്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങള്‍ ആണ് പുറത്തുവരുന്നതെങ്കില്‍ അവയെ എയ്‌റോ സോളുകള്‍ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കും. മാത്രമല്ല ചെറിയ കാറ്റോ മറ്റോ ഉണ്ടായാല്‍ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വായുവില്‍ ഇവ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്.  അതുകൊണ്ടാണ് കോവിഡ്-19 വായുവില്‍കൂടി പകരുമെന്ന് പറയുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു.

ചില സാഹചര്യങ്ങളില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. ഒരു മുറിയിലോ മറ്റോ ഉള്ളവരില്‍ നിന്ന് മറ്റൊരാളിലേക്ക് ഇങ്ങനെ പകരാം. അതുപോലെ ആശുപത്രികള്‍ക്കുള്ളിലും ഇങ്ങിനെ സംഭവിക്കാം. അതിനര്‍ഥം ഇത് വായുവില്‍ കൂടി പകരുന്ന സാംക്രമിക രോഗമാണെന്നല്ല. അഞ്ചാംപനി പോലെ ഇവയും വായുവില്‍ കൂടി പകരുന്നവയായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അത് എല്ലാവരിലും ബാധിച്ചുകഴിഞ്ഞേനേയെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡ് കൂടുതലും പകരുന്നത് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ആണ്. സാമൂഹിക അകലമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലൂടെ  പ്രതിരോധിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേർത്തു.

Latest News