Sorry, you need to enable JavaScript to visit this website.

ഭാര്യയുടേയും മകന്‍റേയും മുന്നില്‍ യുവാവ് കുത്തേറ്റു മരിച്ചു

മുണ്ടക്കയം- ഭാര്യയുടെയും രണ്ടുവയസ്സായ  മകന്റെയും മുന്നിൽ യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡിലാണ് സംഭവം. പടിവാതുക്കൽ ആദർശ്(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദർശിന്റെ പരിചയക്കാരൻ കരിനിലം പുതുപറമ്പിൽ ജയനെ(43) പോലീസ്‌ കസ്റ്റഡിയിലെടുത്തു. മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
 ഭാര്യ ഹണിയോടും മകൻ ആദിയോടുമൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദർശിന്റെ വാഹനം പുത്തൻചന്തയ്ക്ക് സമീപം ജയന്റെ വാഹനത്തെ മറികടന്നു. കുറച്ചുദൂരം മാറ്റി വാഹനം നിർത്തിയ ജയനും പിന്നാലെയെത്തിയ ആദർശും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനുശേഷം ഇരുവരും മടങ്ങി.

അർധരാത്രിയോടെ തിരികെയെത്തിയ ആദർശുമായി ജയന്റെ വീടിനുസമീപം കരിനിലം റോഡിൽ വീണ്ടും തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആദർശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മുണ്ടക്കയത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുഞ്ഞുമോനും വാസന്തിയുമാണ് ആദർശിന്റെ മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്.

Latest News