Sorry, you need to enable JavaScript to visit this website.

ഇറാനെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം -സൗദി 

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്‌

റിയാദ് - ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ആയുധ ഉപരോധം തുടരണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സൗദിയെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണങ്ങളിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ യു.എൻ രക്ഷാ സമിതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിശകലനം ചെയ്താണ് ആയുധ ഉപരോധം തുടരണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതിവാര മന്ത്രിസഭാ യോഗം നടന്നത്. 
മേഖലയുടെ സുരക്ഷാ ഭദ്രത സൗദി അറേബ്യ ആഗ്രഹിക്കുന്നു. അതിർത്തി ലംഘിക്കാനോ ദേശീയ സുരക്ഷക്ക് കോട്ടം തട്ടിക്കാനോ അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥക്കും ഭീഷണി സൃഷ്ടിക്കാനോ ഇറാനെ അനുവദിക്കില്ല. 


ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണം. ഇറാൻ വികസിപ്പിക്കുന്ന ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഗൗരവത്തോടെ കാണണം. 
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദി അറേബ്യക്കു നേരേ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യു.എൻ രക്ഷാ സമിതി അപലപിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഹൂത്തികളുടെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. യെമനിൽ സമാധാനം വീണ്ടെടുക്കാൻ റിയാദ് സമാധാന കരാർ എത്രയും വേഗം നടപ്പാക്കണം. യെമനിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ സൗദി പിന്തുണക്കുന്നു. യെമനിൽ റിലീഫ് വസ്തുക്കൾ എത്തിക്കുന്നതിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത് ഹൂത്തികൾ അവസാനിപ്പിക്കണം. യു.എൻ രക്ഷാ സമിതി 2254 ാം നമ്പർ പ്രമേയത്തിനും ഒന്നാമത് ജനീവാ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി രാഷ്ട്രീയ പരിഹാരം കാണുകയാണ് സിറിയൻ സംഘർഷം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി. സിറിയൻ സംഘർഷത്തിന് അറുതിയുണ്ടാക്കാൻ യു.എന്നും യു.എൻ പ്രത്യേക ദൂതനും നടത്തുന്ന ശ്രമങ്ങളെ പൂർണമായും പിന്തുണക്കുന്നു. 


ലക്ഷക്കണക്കിന് സിറിയക്കാർക്ക് സൗദി അറേബ്യ ആതിഥ്യം നൽകുകയും അയൽ രാജ്യങ്ങളിലും സിറിയയിലും കഴിയുന്ന സിറിയൻ അഭയാർഥികൾക്ക് സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ മേഖലാ പദ്ധതി സിറിയയുടെ ഭാവിക്ക് ഇപ്പോഴും ഭീഷണിയാണ്. സിറിയയിലെ മുഴുവൻ ഭീകര ഗ്രൂപ്പുകളെയും ചെറുത്തു തോൽപിക്കേണ്ടത് അനിവാര്യമാണെന്നും സൗദി മന്ത്രിസഭ പറഞ്ഞു.
സൗദിയിൽ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സർക്കാർ 142 പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 21,400 കോടിയിലേറെ റിയാലിന്റെ ഉത്തേജക പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഏതാനും ഉത്തേജക പദ്ധതികൾ ദീർഘിപ്പിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർണ തോതിൽ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഇവ ദീർഘിപ്പിച്ചത്. വ്യക്തികൾക്കും വ്യവസായികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പിന്തുണ നൽകാനും കൊറോണ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ആർജിത നേട്ടങ്ങൾ സംരക്ഷിക്കാനും സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് ഉത്തേജക പദ്ധതികൾ ദീർഘിപ്പിച്ചതെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.

Latest News