Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജൻ ഉൽപാദന പദ്ധതി നിയോമിൽ നടപ്പാക്കുന്നു

റിയാദ് - ലോകത്തെ ഏറ്റവും വലിയ ഹൈഡ്രൻ ഉൽപാദന പ്ലാന്റ് സ്ഥാപിക്കാൻ പങ്കാളിത്ത കരാർ ഒപ്പുവെച്ചതായി നിയോം കമ്പനി അറിയിച്ചു. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പ്രദേശത്താണ് 500 കോടി ഡോളർ ചെലവഴിച്ച് ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള കരാറിൽ നിയോം കമ്പനിയും സൗദി കമ്പനിയായ അക്വാപവർ ഗ്രൂപ്പും അമേരിക്കൻ കമ്പനിയായ എയർ പ്രൊഡക്ട്‌സും ഒപ്പുവെച്ചു. 
പരിസ്ഥിതി സൗഹൃദ രീതിയിൽ ഹൈഡ്രജൻ ഉൽപാദിച്ച് ആഗോള വിപണിയിലേക്ക് കയറ്റി അയക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയോം പദ്ധതി പ്രദേശത്ത് ഹൈഡ്രൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ആഗോള ഗതാഗത മേഖലക്ക് സുസ്ഥിര പരിഹാരങ്ങൾ നൽകാനും കാർബൺ ബഹിർഗമനം കുറക്കുന്ന പ്രായോഗിക പരിഹാരങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിട്ടാണ് നിയോം പദ്ധതി പ്രദേശത്ത് ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. 
കാർബൺ രഹിത സമൂഹം വികസിപ്പിക്കാനുള്ള തങ്ങളുടെ അഗാധമായ പ്രതിബദ്ധതയെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതായി നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. ഇത് അസാധാരണവും സുസ്ഥിരവുമായ ജീവിത ശൈലിയുടെ പ്രതീകമാണ്. ബൃഹത്തായ ഈ പദ്ധതിയിലൂടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യാഥാർഥ്യമായി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചപ്പാടുമാണിത്.
മാനവ സമൂഹങ്ങൾക്ക് നവീനവും സമൃദ്ധവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനുള്ള നിയോം ഡയറക്ടർ ബോർഡിന്റെ അഭിലാഷങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിയോം പദ്ധതിയുടെ കാഴ്ചപ്പാടിലും തന്ത്രപരമായ ലക്ഷ്യങ്ങളിലും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിക്ഷേപകർക്കുള്ള വിശ്വാസത്തിന് തെളിവാണ് ഈ പങ്കാളിത്തം. ലോകത്തെ ഏറ്റവും വലിയ പുനരുപയോഗ ഹൈഡ്രജൻ പദ്ധതിയാണിത്. ആഗോള തലത്തിൽ ഹരിത ഹൈഡ്രജൻ, ഹരിത ഇന്ധനം എന്നിവയുടെ ഉൽപാദനത്തിൽ മുൻനിര സ്ഥാനം കൈവരിക്കാനുള്ള നിയോമിന്റെ ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. 
മനുഷ്യ വികസനം ത്വരിതപ്പെടുത്തുന്നതിന് ലോകത്ത് എല്ലായിടത്തും നിന്നുള്ള മികച്ച പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന തരത്തിൽ സുസ്ഥിരമായ പരിഹാരങ്ങൾ നൽകുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറാനുള്ള നിയോമിന്റെ പ്രയാണത്തിലെ കേന്ദ്ര ബിന്ദുവാണ് പുതിയ പദ്ധതി. വിഷൻ 2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായ ശുദ്ധമായ കാർബൺരഹിത ഊർജ സമ്പദ്‌വ്യവസ്ഥാ തന്ത്രത്തെ പിന്തുണക്കുന്നതിൽ ഈ പങ്കാളിത്തം പ്രധാന ഘടകമാകും. നിയോമിലെ പുതിയ ഭാവി രൂപപ്പെടുത്തുന്നതിന് സമാനമായ നിരവധി വലിയ പദ്ധതികളും ഇതിനു പിന്നാലെ നടപ്പാക്കുമെന്ന് എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. 
നൂറു ശതമാനം ഹരിത ഉർജമെന്ന ലോകത്തിന്റെ സ്വപ്‌നം യാഥാർഥ്യമാക്കി മാറ്റുന്നതിന് സാങ്കേതിക വിദ്യാ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പങ്കാളിത്തത്തിൽ കമ്പനി അഭിമാനിക്കുന്നതായി എയർ പ്രൊഡക്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സൈഫി അൽഖാസിമി പറഞ്ഞു. സൗരോർജത്തിന്റെയും കാറ്റിൽ നിന്നുള്ള ഊർജത്തിന്റെയും കാര്യത്തിൽ നിയോമിന്റെ തനതും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ ശുദ്ധമായ ഊർജ സ്രോതസ്സ് എന്നോണം ജലത്തെ ഹൈഡ്രജൻ ആക്കി മാറ്റാൻ പദ്ധതിയെ പ്രാപ്തമാക്കും. ഇതുവഴി ആഗോള കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം പ്രതിവർഷം 30 ലക്ഷം ടൺ തോതിൽ കുറക്കാൻ സാധിക്കുമെന്നും സൈഫി അൽഖാസിമി പറഞ്ഞു. 
മൂന്നു കമ്പനികൾക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയിൽ 2025 ഓടെ ഹൈഡ്രജൻ ഉൽപാദനം ആരംഭിക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ഗതാഗത സംവിധാനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിന് ആഗോള വിപണികളിലേക്ക് കയറ്റി അയക്കും. പ്രതിദിനം 650 ടൺ ഹരിത ഹൈഡ്രജനും പ്രതിവർഷം 12 ലക്ഷം ടൺ അമോണിയവുമാണ് പ്ലാന്റിൽ ഉൽപാദിപ്പിക്കുക. ഇതിലൂടെ പ്രതിവർഷം കാർബൺ ബഹിർഗമനം 30 ലക്ഷം ടൺ തോതിൽ കുറക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
 

Tags

Latest News