Sorry, you need to enable JavaScript to visit this website.

ജിദ്ദയിലും മക്കയിലും വഴിവാണിഭ കേന്ദ്രങ്ങളിൽ റെയ്ഡ്

ജിദ്ദയിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പഴവർഗങ്ങളും പച്ചക്കറികളും നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്നു.

ജിദ്ദ - ജിദ്ദയിലും മക്കയിലും വഴിവാണിഭ കേന്ദ്രങ്ങളിൽ നഗരസഭാധികൃതർ നടത്തിയ റെയ്ഡുകളിൽ ടൺ കണക്കിന് പഴവർഗങ്ങളും പച്ചക്കറികളും മറ്റു ഉൽപന്നങ്ങളും പിടിച്ചെടുത്തു. അൽനുസ്ഹ, അൽറബ്‌വ ഡിസ്ട്രിക്ടുകളിൽ ജിദ്ദ നഗരസഭക്കു കീഴിലെ അൽമതാർ ബലദിയ നടത്തിയ റെയ്ഡുകളിൽ നാലര ടൺ പഴവർഗങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു. പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ ഇവ പിന്നീട് സന്നദ്ധ സംഘടനകൾക്ക് കൈമാറി. 
വഴിവാണിഭക്കാരുടെ 32 ഉന്തുവണ്ടികളും സ്റ്റാളുകളും നഗരസഭാധികൃതർ നശിപ്പിച്ചു. കൊറോണ വ്യാപനത്തിന് ഇടയാക്കും വിധം ആരോഗ്യ വ്യവസ്ഥകളും മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കാതെ വിദേശ തൊഴിലാളികൾ കൂട്ടംകൂടി വഴിവാണിഭം നടത്തിയിരുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. 
മക്ക മൻസൂർ സ്ട്രീറ്റിലെ ഹോശ് ബക്‌റിൽ മക്ക നഗരസഭക്കു കീഴിലെ മിസ്ഫല ബലദിയയും ശുചീകരണ വിഭാഗവും പോലീസും സഹകരിച്ച് നടത്തിയ റെയ്ഡിനിടെ വഴിവാണിഭക്കാരുടെ 70 ഉന്തുവണ്ടികൾ നശിപ്പിക്കുകയും അനധികൃത സ്റ്റാളുകൾ പൊളിച്ചുനീക്കുകയും ചെയ്തു. റെയ്ഡിനിടെ ഏതാനും നിയമ ലംഘകരും പിടിയിലായി. ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 80 ടൺ പഴയ ഫർണിച്ചറും വസ്ത്രങ്ങളും 30 ടൺ പുതിയ വസ്ത്രങ്ങളും പാദരക്ഷകളും ആക്‌സസറീസും റെയ്ഡിനിടെ പിടിച്ചെടുത്ത് നശിപ്പിച്ചതായി മിസ്ഫല ബലദിയ മേധാവി എൻജിനീയർ അയ്മൻ വഖാദ് പറഞ്ഞു.

Tags

Latest News