അലറിക്കരഞ്ഞിട്ടും ആരും വന്നില്ല, ഗര്‍ഭിണി പ്രസവിച്ചത് നിലത്തേക്ക്

കൊല്ലം-  ആശ്രാമം ഇ.എസ്.ഐ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന്  പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്ക് പോകുന്നതിനിടെ പ്രസവിച്ചു. നിലത്ത് വീണ കുഞ്ഞിന് ശ്വാസതടസവും വിറയലും അനുഭവപ്പെട്ട് ആരോഗ്യനില മോശമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഉളിയക്കോവില്‍ സ്വദേശിയായ വിജിയെ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 16 നാണ് പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും കോവിഡ് പരിശോധനക്കായി വന്നപ്പോള്‍ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആറിന് രാത്രി 12 ഓടെ പ്രസവവേദന അനുഭവപ്പെട്ടു. പ്രസവ വേദന തുടങ്ങി പല തവണ പറഞ്ഞിട്ടും രക്തംപോകുന്ന അവസ്ഥയിലെത്തിയിട്ടും ഗര്‍ഭിണിയെ ലേബര്‍ റൂമിലേക്ക് മാറ്റുകയോ ഡോക്ടറെത്തി പരിശോധിക്കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതൊന്നുമല്ല പ്രസവ വേദന, ഇതൊക്കെ സാധാരണമെന്നായിരുന്നു മറുപടിയെന്നും വേദന കൂടിയിട്ടും അലറിക്കരഞ്ഞിട്ടും ആരും എത്തിയില്ലെന്നും വിജിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് രാവിലെ അഞ്ചോടെ വാര്‍ഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ യുവതി പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തില്‍ കുഞ്ഞ് നിലത്തേക്കു തലയിടിച്ചു വീണു. ഇതിനു ശേഷവും ഏറെ നേരം കഴിഞ്ഞാണ് ലേബര്‍ റൂമിലേക്ക് മാറ്റിയത്. അരമണിക്കൂറിന് ശേഷമെത്തിയ ശിശുരോഗ വിദഗ്ധന്‍ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചെങ്കിലും അല്‍പ സമയത്തിനുശേഷം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പാല് കൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്. ഉളിയക്കോവില്‍ സ്വദേശികളായ രാജേഷ്-വിജി ദമ്പതികളുടെ ആദ്യ കുട്ടിയാണിത്. വിജി ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീഴ്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇ.എസ്.ഐ ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം പോലീസിലും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

 

Latest News