Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന്‍ വികസനം; 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍- കോവിഡ് രോഗത്തിനുള്ള വാക്‌സിന്‍ വികസനത്തിനായി 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. കോവിഡ് വാക്‌സിന്‍ വികസനം ത്വരിതപ്പെടുത്താനുള്ള ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും വലിയ തുക ബയോടെക് കമ്പനിയായ നോവാ വാക്‌സിന്‍, വാക്‌സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും നല്‍കിയത്. ഇതു കൂടാതെ കോവിഡ് രോഗ ചികിത്സയ്ക്കായുള്ള മരുന്നിന് 45 കോടി ഡോളറിന്റെ ധനസഹായം റെജിനെറോണ്‍ കമ്പനിക്കും അമേരിക്ക നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പും പ്രതിരോധ വകുപ്പുമായുണ്ടാക്കിയ കരാര്‍ പ്രകാരം 10കോടി വാക്‌സിന്‍ ഡോസുകള്‍ ഈ വര്‍ഷമവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് നോവാവാക്‌സ് സമ്മതിച്ചിരിക്കുന്നത്. 
'രാജ്യത്തെ ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി ഓപ്പറേഷന് വാര്‍പ് സ്പീഡ് പദ്ധതിയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്' എന്നാണ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റാന്‍ലി എര്‍ക്ക് പറഞ്ഞത്. എന്‍വി എക്‌സ് കോവ് 2373 എന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് കമ്പനി.കോവിഡ് രോഗത്തിന് 2021ഓടെ ഫലപ്രദമായ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.
 

Latest News