Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ രാജ്യത്ത് പ്രവേശിക്കാം; അനുമതി നല്‍കി ചൈന

ബെയ്ജിംഗ്-കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാമെന്ന് അറിയിച്ച് ചൈന. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലടക്കം പരിശോധനയ്ക്കും പരീക്ഷണത്തിനുമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനീസ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കന്‍ തീരുമാനം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചൈനീസ് നീക്കം എന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് പറയുന്നത്.
അതേ സമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നീക്കം അന്താരാഷ്ട്രതലത്തിലെ മഹാമാരിക്കെതിരായ നീക്കങ്ങളെ പിന്നോട്ടടിക്കുമെന്നും, ഇപ്പോള്‍ ആഗോള സമൂഹം ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാലോ ലീജിയന്‍ ബീയജിംഗില്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയെ പുകഴ്ത്തിയ ചൈനീസ് വക്താവ് ലോകത്തിലെ പൊതുജനാരോഗ്യ രംഗത്ത് ഇപ്പോള്‍ നിലവിലുള്ള കെട്ടുറപ്പും പ്രഫഷണലിസവും ഉള്ള ഏക സംവിധാനം ലോകാരോഗ്യ സംഘടനയാണ് എന്നും അഭിപ്രായപ്പെട്ടു.
ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പുറത്തേക്ക് എന്നത് പ്രഖ്യാപിച്ചത്. തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്നാണ് ചട്ടം. അതിനാല്‍ അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.


 

Latest News