അവിവാഹിത പ്രസവിച്ച ശിശു മരിച്ചു; കുഞ്ഞിനെ കണ്ടെത്തിയത് ബാഗില്‍

തൃശൂര്‍- അവിവാഹിതയായ യുവതി പ്രസവിച്ച ശിശു മരിച്ചു. കുഞ്ഞിനെ പോലീസ് കണ്ടെത്തിയത് ബാഗില്‍ പൊതിഞ്ഞ നിലയില്‍. യുവതിക്കെതിരെ പോലീസ് കേസെടുത്തു.
ചേലക്കര മുളളൂര്‍ക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. ചാലക്കുടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക്ഡൗണിനെ തുടര്‍ന്ന് നാലു മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടര്‍ന്ന്  യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ യുവതി പ്രസവിച്ചതായി മനസിലായ ഡോക്ടര്‍ കുഞ്ഞിനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ തന്നെ വിവരം പോലീസിലും അറിയിച്ചു.
പോലീസ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവായ ആണ്‍കുട്ടിയെ കണ്ടെത്തി. കുഞ്ഞ് മരിച്ച നിലയിലായിരുന്നു. വീട്ടിലെ കുളിമുറിയിലാണ് യുവതി പ്രസവിച്ചതത്രെ. പ്രസവ വിവരം മറച്ചുവെച്ചതിനും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാതെ ഒളിപ്പിച്ചതിനും 22 കാരിയായ യുവതിക്കെതിരെ കേസെടുത്തു. നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു. പ്രസവത്തിനിടെ വന്ന അപാകം മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Latest News