Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് പാൽപ്പൊടി  ഫാക്ടറിയില്ല എന്നത്  രാഷ്ട്രീയചോദ്യമാണ്

ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ നിർമ്മിച്ച് മലയാളചാനലുകൾ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്ന നാം മുന്നോട്ട് എന്ന പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞ ഒരു വാചകം സൂക്ഷ്മമായ രാഷ്ട്രീയ പരിശോധന അർഹിക്കുന്നതാണ്.  കേരളത്തിൽ ഇത്രമാത്രം പാൽ ഉൽപാദിപ്പിച്ചിട്ടും ഇവിടെ പാൽപ്പൊടി ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറി ഇല്ല എന്ന് നമ്മൾ അറിയുന്നത് ഈ കോവിഡ് കാലത്താണ് എന്നതാണ് ആ പരാമർശം. നാം മുന്നോട്ട് എന്ന പരിപാടി അസുഖകരമായ ഒരു ചോദ്യവും മുഖ്യമന്ത്രിയോട് ഉന്നയിക്കില്ല എന്നുറപ്പു വരുത്തുന്ന ഒന്നാണല്ലോ. അഥവാ ചോദിച്ചാൽ തന്നെ  ലൈവ് അല്ലാത്തതിനാൽ എഡിറ്റ് ചെയ്തു കളയുകയുമാകാം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെയാണല്ലോ പരിപാടിയുടെ അവതാരകൻ.


തീർത്തും തെറ്റായ ഒരു പരാമർശമാണ് മുഖ്യമന്ത്രിയുടേത്. ഒരുപക്ഷെ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ മറ്റു പാർട്ടികൾക്കോ അതറിയില്ലായിരുന്നിരിക്കാം. എന്നാൽ അദ്ദേഹം ഉപയോഗിച്ചത് നമ്മൾ എന്ന വാക്കാണ്. അതായത് മലയാളികൾ എന്നർത്ഥം. അതൊരിക്കലും ശരിയല്ല. എത്രയോ സാമ്പത്തിക വിദഗ്ധരും ചെറിയ രാഷ്ട്രീയ - യുവജന പ്രസ്ഥാനങ്ങളുമൊക്ക ഈ വിഷയം എന്നേ ഉന്നയിച്ചിരുന്നു. എന്നാലത് മുഖവിലക്കെടുക്കാൻ മാറി മാറി ഭരിച്ച മുഖ്യധാരാപ്രസ്ഥാനങ്ങളും നേതാക്കളും തയ്യാറായില്ല എന്നതല്ലേ വാസ്തവം.
ഈ വിഷയത്തെ സമഗ്രമായി ഉന്നയിച്ച് നിരവധി സമരങ്ങൾ നടന്ന കാലം കേരളത്തിലുണ്ടായിരുന്നു. 1980കളുടെ അവസാനം സി ആർ സി സിപിഐ ഐംഎൽ എന്ന നക്‌സലൈറ്റ് വിഭാഗവും അവരുടെ യുവജനവിഭാഗമായിരുന്ന കേരളീയ യുവജനവേദിയുമായിരുന്നു ഈ വിഷയം രാഷ്ട്രീയമായി ഉന്നയിച്ചത്. പാലിന്റെ വിഷയം മാറ്റമല്ല, റബ്ബർ, വെളിച്ചെണ്ണ തുടങ്ങി ഇവിടെ ഉൽപാദിപ്പിക്കുന്ന പല അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ട മൂല്യവർദ്ധനാ വ്യവസായങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന വിഷയം തന്നെയായിരുന്നു അന്ന് ചർച്ച ചെയ്തത്. ചെറിയ പ്രസ്ഥാനങ്ങൾ ഉന്നയിച്ചതായതിനാൽ ശ്രദ്ധയിൽ പെട്ടില്ല എന്നുപോലും പറയാനാകില്ല. കാരണം കേരളം ഏറെ ചർച്ച ചെയ്യുകയും രാജ്യം ശ്രദ്ധിക്കുകയും ചെയ്ത കൊച്ചി സ്റ്റോക് എക്‌സ്‌ചേഞ്ച് ഉപരോധവും റിസർവ്വ് ബാങ്ക് ഉപരോധവും  പോലുള്ള സമരങ്ങൾ ഈ കാമ്പയിനിന്റെ ഭാഗമായി നടന്നിരുന്നു.


ഇത്രയധികം റബ്ബർ ഉൽപാദിപ്പിച്ചിട്ടും എന്തുകൊണ്ട് ടയർ കമ്പനികളോ ബലൂൺ കമ്പനികളോ പോലും ഇവിടെയുണ്ടാകുന്നില്ല, എന്തുകൊണ്ട് റബ്ബർ, വെറും ഷീറ്റുകളായി പുറത്തുപോയി, ടയറും ബലൂണുമടക്കമുള്ള വിവിധ ഉൽപന്നങ്ങളായി നമ്മുടെ മാർക്കറ്റിൽ തിരിച്ചെത്തുന്നു, എന്തുകൊണ്ട് കൊപ്രയുടെ രൂപത്തിൽ നാളികേരം പുറത്തുപോയി സോപ്പും മറ്റു ഉൽപന്നങ്ങളുമായി തിരിച്ചെത്തുന്നു, എന്തുകൊണ്ട് പാൽ പുറത്തുപോയി പാൽപ്പൊടിയായി മാർക്കറ്റിലെത്തുന്നു തുടങ്ങിയ ചോദ്യങ്ങൾ തന്നെയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. ഈ എല്ലാ ഉൽപന്നങ്ങളുടേയും വലിയ മാർക്കറ്റ് തന്നെയാണ് കേരളം. എന്നിട്ടും മൂല്യവർദ്ധന പ്രക്രിയ ഇവിടെ നടക്കുന്നില്ല, അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ നമുക്കു കിട്ടുന്നില്ല. അസംസ്‌കൃതവസ്തുക്കൾ മാത്രമല്ല,  ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ ഇവിടെ മൂലധനമായി മാറേണ്ട നമ്മുടെ സമ്പത്തും പുറത്തേക്കൊഴുകുന്നു.


വാസ്തവത്തിൽ വ്യവസായവൽക്കരണത്തിനുള്ള എല്ലാ അന്തരീക്ഷവും ഇവിടെയുണ്ടായിരുന്നു. എന്നിട്ടും കാര്യമായ വ്യവസായമൊന്നും കേരളരൂപീകരണത്തിനുശേഷം ഉണ്ടായില്ല. അതിനുമുമ്പും ശേഷവും ഉണ്ടായവയാകട്ടെ മിക്കവാറും ധാരാളം വൈദ്യുതി ആവശ്യമായ, അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന, തൊഴിലവസരങ്ങൾ കുറഞ്ഞ രാസവ്യവസായങ്ങൾ. കേരളത്തിനു വ്യവസായവൽക്കരണ സ്വപ്‌നങ്ങൾ സമ്മാനിച്ച് ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ ആദിത്യബിർളയെ കൊണ്ടുവന്ന് ആരംഭിച്ച മാവൂർ റയോൺസിനെപോലുള്ളവ നമ്മുടെ കാടും പുഴയുമെല്ലാം നശിപ്പിക്കുകയും ജനങ്ങൾക്ക് കാൻസർ വിതക്കുകയും ചെയ്ത അനുഭവങ്ങൾ വേറെ. നമ്മുടെ വിഭവങ്ങളും ലഭ്യമായ ഊർജ്ജവും മനുഷ്യശേഷിയും മാർക്കറ്റുമുപയോഗിച്ച് വ്യവസായവൽക്കരണത്തിനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച വ്യവസായങ്ങൾ ആ ദിശയിലുണ്ടായിരുന്നു. എന്നാലതു സംഭവിച്ചില്ല. അസംസ്‌കൃത വസ്തുക്കൾ പുറത്തുപോയി. അധ്വാനശേഷിയായ ചെറുപ്പക്കാർ തൊഴിലിനായി പുറത്തുപോയി. അവരയക്കുന്ന പണമാകട്ടെ മാർക്കറ്റിലൂടേയും പുറത്തുപോയി. അങ്ങനെയായിരുന്നു കേരളത്തിൽ വ്യവസായവൽക്കരണം തടയപ്പെട്ടത്. 


ഇതൊരു രാഷ്ട്രീയവിഷയമാണെന്നായിരുന്നു അന്ന് സിപിഐഎംഎൽ നിലപാടെടുത്തത്. ദേശീയ, സാർവ്വദേശീയ കുത്തകകളാണ് നമ്മുടെ അസംസ്‌കൃതവസ്തുക്കൾ കടത്തിയിരുന്നത്. അവരുടെ ഉൽപന്നങ്ങളാണ് മാർക്കറ്റുകൾ നിയന്ത്രിച്ചത്. നമ്മുടെ ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചുമൊക്കെ കുത്തകകൾക്ക് കേരളത്തിൽ നിന്നുള്ള പണം ഒഴുക്കുന്ന ഏജൻസികളായി മാറി. ഈ കുത്തകകളെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ അധികാരം സംസ്ഥാനങ്ങൾക്കില്ല. 


ഫെഡറൽ എന്നു വിശേഷിപ്പിക്കുമ്പോഴും അത്യന്തം കേന്ദ്രീകൃതമായ ഈ സംവിധാനത്തിൽ സ്വന്തം മാർക്കറ്റിനെ പോലും നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല. അത്തരമൊരു സംവിധാനത്തെ ഉടച്ചുവാർക്കുകയും യഥാർത്ഥ ഫെഡറൽ സംവിധാനം സ്ഥാപിക്കുകയും വേണം എന്നായിരുന്നു സംഘടന മുന്നോട്ടുവെച്ചത്. അസമിലും പഞ്ചാബിലും കശ്മീരിലുമൊക്കെ സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരങ്ങൾ നടന്നിരുന്ന കാലമായിരുന്നു അത്. ഒരു ഘട്ടത്തിൽ സ്വതന്ത്രകേരളം എന്ന മുദ്രാവാക്യം പോലും അന്നുയരുകയുണ്ടായി.
കുത്തകകളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനും കേരളീയ ഉൽപന്നങ്ങൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടുള്ള കാമ്പയിൻ, കുത്തകകളുടെ പരസ്യങ്ങളും വാഹനങ്ങളും നശിപ്പിക്കൽ തുടങ്ങി  റിസർവ്വ് ബാങ്കും സ്റ്റോക് എക്‌സ്‌ചേഞ്ചും ഉപരോധിക്കുന്നതുവരെ ആ സമരം വളർന്നിരുന്നു. ഒരു ഘട്ടത്തിൽ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്സും ചെറിയാൻ ഫിലിപ്പിന്റെ കേരള ദേശീയവേദിയുമൊക്കെ ഇതുമായി സഹകരിച്ചിരുന്നു. പഞ്ചാബ് മോഡൽ സമരത്തെ കുറിച്ച് ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയും പിന്നീട് വന്നിരുന്നു. സാമ്പത്തിക രംഗത്തുമാത്രമല്ല, മറ്റുമേഖലകളിലും സമാന സമരങ്ങൾ നടന്നു. മലയാള സർവ്വകലാശാലക്കായി വൻ പ്രചാരണമാണ് അന്നു നടന്നത്. 


വാസ്തവത്തിൽ ഈ രാഷ്ട്രീയപ്രശ്‌നം ഇന്ത്യയിൽ ആദ്യമുന്നയിച്ചത്  കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യ വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നും ആ ദേശീയതകൾക്കെല്ലാം സ്വയംനിർണയാവകാശം വേണമെന്നും സ്വാതന്ത്ര്യസമരകാലത്തുതന്നെ അവർ നിലപാടെടുത്തിരുന്നു. അങ്ങനെയാണ് ഇ എം എസ് , കേരളം, മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥം രചിച്ചത്. പിന്നീട് അവരാ നിലപാട് കയ്യൊഴിയുകയായിരുന്നു. ഒരു ഘട്ടത്തിൽ മത്തായി മാഞ്ഞൂരാനും ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചിരുന്നു. 
ഇപ്പോൾ പിണറായി വിജയൻ ഉന്നയിച്ചത് പാൽപ്പൊടിയുടെ വിഷയമായിരിക്കാം. എന്നാൽ അദ്ദേഹത്തിനറിഞ്ഞാലും അറിയില്ലെങ്കിലും അതിനു പുറകിൽ വലിയൊരു രാഷ്ട്രീയമുണ്ട്. ആഗോളീകരണത്തിന്റെ കാലത്തിനനുസരിച്ച മാറ്റങ്ങളോടെയാണെങ്കിലും ഇന്നും പ്രസക്തമാണ് ആ രാഷ്ട്രീയം. കൃത്യമായ ഫെഡറൽ സംവിധാനത്തിലൂടെയല്ലാതെ സ്വന്തം വിഭവങ്ങളും മൂലധനവും അധ്വാനശേഷിയും മാർക്കറ്റുമൊന്നും നിയന്ത്രിക്കാൻ നമുക്കാവില്ല. അത്തരമൊരു സംവിധാനത്തിനായാണ് പോരാടേണ്ടത്. 


എന്നാൽ രാജ്യത്ത് സംഭവിക്കുന്നത് കടകവിരുദ്ധമായ കാര്യങ്ങളാണല്ലോ. എല്ലാ വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഹിന്ദുത്വത്തിലധിഷ്ഠിതമായി, കോർപ്പറേറ്റ് താൽപ്പര്യപ്രകാരം കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കാനാണല്ലോ സംഘപരിവാർ നീക്കം. നിർഭാഗ്യവശാൽ, സംഘപരിവാറിനെ എതിർക്കുന്നവർ പോലും ഇതിനു ബദലായി വൈവിധ്യങ്ങളുടേതായ ഫെഡറൽ സംവിധാനത്തിന്റെ രാഷ്ട്രീയം ശക്തമായി ഉന്നയിക്കുന്നില്ല.  
ഇടതുപക്ഷമടക്കം അഖണ്ഡതയുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് പാൽപ്പൊടി ഫാക്ടറി ഇവിടെ ഇല്ലാത്തത് എന്നു നമുക്ക് ചോദിക്കാം. പക്ഷെ കൃത്യമായ രാഷ്ട്രീയനിലപാടില്ലാതെ ആ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകില്ല എന്നുമാത്രം. 

Latest News