Sorry, you need to enable JavaScript to visit this website.

നഗരജീവിതത്തിന്റെ കഥാകാരൻ

കെ.എൽ. മോഹനവർമ

കെ.എൽ. മോഹനവർമ ഇന്ന് ശതാഭിഷിക്തനാകുന്നു


നാലുപതിറ്റാണ്ട് മുമ്പ് കുവൈത്തിലെ ഒരു സാംസ്‌കാരിക സന്ധ്യയിൽ പ്രശസ്ത സാഹിത്യകാരൻ കെ. എൽ. മോഹനവർമ്മ പങ്കെടുത്തിരുന്നു. നർമം കലർന്ന ഉജ്വല പ്രസംഗത്തിനു ശേഷമാണ് നേരിൽ പരിചയപ്പെട്ടത്.
വിദേശ മലയാളികളിലെ കുട്ടികളിൽ മരിച്ചു കൊണ്ടിരിക്കുന്ന മലയാള ഭാഷയെ കുറിച്ചായിരുന്നു വർമ്മയുടെ പരാമർശം. പുതിയ തലമുറയിൽ മലയാള ഭാഷയോട് അയിത്തം കൽപ്പിക്കുന്ന അച്ഛനമ്മമാർ കുട്ടികളോട്  വീട്ടിൽ നിന്നുപോലും ഇംഗ്ലീഷ് സംസാരിക്കാൻ നിർബന്ധിക്കുന്നത് ഒരു സ്റ്റാറ്റസ് ആയിട്ടാണു കാണുന്നത്. അവരോടായിരുന്നു  വർമ്മ തന്റെ അനുഭവം പറഞ്ഞു തുടങ്ങിയത്. വടക്കേ ഇന്ത്യയിൽ ജോലിചെയ്യുന്ന കാലത്ത് ചമ്പൽകാടുകളിലായിരുന്നു അദ്ദേഹത്തിന്  ജോലി. അവിടെ വെച്ചാണ് അദ്ദേഹം ''ചമ്പൽ'' എന്ന നോവൽ മലയാളികൾക്കു സമ്മാനിച്ചത്.

അധികമാരും കടന്നു ചെല്ലാത്ത ഒരു നിഗൂഢ വനത്തിന്റെ  കഥ അങ്ങനെ വായനക്കാർക്കു  സുപരിചിതമായി.  അവിടെ മലയാളികളെ കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു ഹിന്ദിക്കാരനായ സഹപാഠിയോടൊപ്പം നടക്കാനിറങ്ങി. ഘോരവനത്തിൽ ഗൂഢമായ ഇരുട്ട്. കുറെ ദൂരം നടന്നപ്പോൾ അകലെ ഒരു വെട്ടം കണ്ടു. ഈ കാട്ടിൽ ആരാണാവോ കുടില് കെട്ടി താമസിക്കുന്നതെന്ന് സഹപ്രവർത്തകനോട്  ചോദിച്ചു. അവനും ആദ്യമായാണ് ഈ കാട്ടിൽ വെളിച്ചം കാണുന്നത്. അവർ വെളിച്ചത്തെ ലക്ഷ്യം വെച്ചു പതുക്കെ നടന്നു. അടുത്തെത്തിയപ്പോൾ ഉച്ചത്തിൽ  പരസ്പരം കലഹിക്കുകയായിരുന്നു. ഏതോ ആദിവാസികളായിരിക്കുമെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ വർമ്മ ആ ശബ്ദം കാതോർത്ത്‌കൊണ്ട് നടന്നു. ഏകദേശം അടുത്തെത്തിയപ്പോൾ അവർ പറയുന്നതു മലയാളം ആണെന്ന് തിരിച്ചറിഞ്ഞു. ദൈവമേ ഈ കാട്ടിൽ ആരാണ് മലയാളികൾ ഇത്ര ഉറക്കെ കലഹിക്കുന്നത്. അതും തനി നാടൻ അസഭ്യവാക്കുകളിൽ. കൊടുങ്ങല്ലൂർ ഉത്സവത്തിന് കേൾക്കാറുള്ള നല്ല തെറി.    മലയാളികൾ കേരളം വിട്ടാൽ അവരുടെ സംസാരഭാഷ പലപ്പോഴും അവർ ജീവിക്കുന്ന നാടുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതായിരിക്കും. വടക്കേ ഇന്ത്യയിലേക്ക് പോയവർ ഹിന്ദിയും, മദിരാശിയിൽ പോകുന്നവർ തമിഴും അനായാസേന  കൈകാര്യം ചെയ്യുന്നു. 


വർമ്മയും കൂട്ടുകാരനും  ശബ്ദം കേട്ടിടത്തേക്ക് വേഗത്തിൽ നടന്നു. ഇപ്പോൾ സംസാരത്തിന് സ്ഫുടത ഏറി വന്നു. വാക്ക് മൂത്ത് അടിയിലേക്കും, മൽപിടുത്തത്തിലേക്കും കാര്യങ്ങൾ നീങ്ങുമെന്ന് വർമ്മക്കു തോന്നി. സഹപ്രവർത്തകൻ വർമയെ തടയാൻ ശ്രമിച്ചു. അവരുടെ കൈയിൽ  ഏതൊമാരകായുധങ്ങൾ ഉണ്ടാവുമെന്ന് ഓർമ്മപ്പെടുത്തി. അവർ ജീവിക്കുന്നത് കാട്ടിലായതുകൊണ്ട് വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ എപ്പോഴും ആയുധങ്ങൾ കൈവശം വെക്കും. പരിചയമില്ലാത്തവരെ  കാണുമ്പോൾ ഇരുട്ടിൽ അവർ അത് നമുക്ക് നേരെ ഉപയോഗിക്കും. വർമ്മ ഓപ്പമുണ്ടായിരുന്ന ആളിനോട് പറഞ്ഞു. ''അവർ എന്റെ നാട്ടുകാരാണ്, അവർ പറയുന്ന  ഭാഷ എനിക്കറിയാം..അവർ തമ്മിൽ എന്തോ പ്രശ്‌നം ഉണ്ട്.. നമുക്കത് ചോദിക്കാം'' കൂട്ടുകാരൻ വർമ്മയെ തടഞ്ഞെങ്കിലും  വർമ്മ വകവെക്കാതെ അവിടേക്കു നടന്നടുത്തു. അവരെ കണ്ടപാടെ കലഹം  നിർത്തി. അവർ ഹിന്ദിയിൽ സ്വരം താഴ്ത്തി പേടിയോടെ ചോദിച്ചു: 


''തുംലോഗ് കോൻഹേ..''
വർമ്മ മലയാളത്തിൽ പറഞ്ഞു: ''ഞാൻ നിങ്ങളുടെ നാട്ടുകാരനാണ്, ഇവിടെ അടുത്താണ് താമസം.. നടക്കാൻ ഇറങ്ങിയതാണ്..''
അവർ സന്തോഷത്തോടെ വർമയെ സ്വീകരിച്ചുകൊണ്ട് ചോദിച്ചു:
''ഞങ്ങൾ പറഞ്ഞതൊന്നും സാർ കേട്ടിട്ടില്ലല്ലോ..''
വർമ്മ: ''ഞാൻ എല്ലാം കേട്ടു.. നിങ്ങൾ അടികൂടുമെന്ന് തോന്നിയതുകൊണ്ടാണ് ഇവിടേക്ക് വേഗം വന്നത്..'' 
''അയ്യോ.. സാർ എല്ലാം കേട്ടോ..'' നാണം കൊണ്ട് അവർ പരസ്പരം നോക്കി. 
വർമ്മ: ''നിങ്ങൾ എന്തിനാ ഇത്ര ഉച്ചത്തിൽ കലഹിച്ചത്..''
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു:
''പൊന്നു സാറേ, ഞങ്ങൾ കലഹിച്ചതല്ല.. ജോലികഴിഞ്ഞു വന്നാൽ എല്ലാ  വൈകുന്നേരങ്ങളിലും കുറെ തെറികളും തമാശകളും മലയാളത്തിൽ ഉച്ചത്തിൽ പരസ്പരം പറയും.....ഇവിടെ വർഷങ്ങളായി മലയാളം പറയാതെ ജീവിക്കുന്നതല്ലേ, എല്ലാം ഹിന്ദിക്കാരാണ്.. വായിക്കാൻ പോലും ഒരു പത്രം ഇവിടെ കിട്ടില്ല. അപ്പോൾ ഒരു നേരമ്പോക്കിന് മലയാളം മറക്കാതിരിക്കാൻ ഞങ്ങൾ കുറെ നേരം തെറിയും പാട്ടും പാടി കഴിയും..അതാണ് ഞങ്ങളുടെ ആത്മസംതൃപ്തി '
വർമ്മ ചിരിച്ചു.. മലയാള ഭാഷ മറക്കാതിരിക്കാൻ പരസ്പരം തെറിപ്പാട്ടും  തെറിയും പറയുന്ന കാട്ടിലെ മലയാളികൾ. അവരുടെ ആ തമാശ കൂട്ടുകാരന് ഹിന്ദിയിൽ വിവരിച്ചു കൊടുത്തപ്പോൾ അയാളും ചിരിച്ചു. 


കുവൈറ്റിലെ മലയാളി കുടുംബത്തോട്  ആ കഥപറച്ചിലൂടെ മലയാളത്തെ മറക്കുന്ന പ്രവാസിയോടുള്ള ഏറ്റവും കനപ്പെട്ട ഉപദേശം കൂടിയായിരുന്നു അത്. ''മാതൃഭാഷ മറക്കാതിരിക്കാൻ വല്ലപ്പോഴും ഇത്തിരി തെറിയെങ്കിലും പറയണം'' വർമ്മ നർമ്മത്തോടെ അവസാനിപ്പിച്ചു.  
അന്നുമുതൽ ഞാൻ വർമ്മയെ മിക്ക ദിവസങ്ങളിലും കാണുകയോ സംസാരിക്കുകയോ ചെയ്യും.  സാഹിത്യകാരനായ കെ. ആർ. പ്രസാദ്, മേതിൽ രാധാകൃഷ്ണൻ, പത്രപ്രവർത്തകനായ കെ. പി. മോഹനൻ എന്നിവരേയും പരിചയപ്പെടുത്തി. അവധി ദിവസങ്ങളിൽ എല്ലാവരും ഒത്തുകൂടുക പതിവായി. ആനുകാലിക സാഹിത്യത്തെകുറിച്ചും എഴുത്തിന്റെ വിഴിത്തിരുവുകളെകുറിച്ചുമായിരുന്നു ഞങ്ങൾ അധികവും സംസാരിച്ചത്. ഒഴിവു ദിവസങ്ങളിലെ വൈകുന്നേരങ്ങൾ ഞങ്ങൾ പാതയോരത്തുകൂടെ നടക്കുമ്പോൾ വർമ്മ പറയുമായിരുന്നു: ''ഹസൻ , നോക്കൂ ഈ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്.. സാഹിത്യവും സംസ്‌കാരവും ഒത്തുകൂടിയതാണീ സായാഹ്നം, എന്നാൽ  കാറിൽ പോകുന്നവരെ ശ്രദ്ധിച്ചുനോക്കൂ അവരിൽ സാഹിത്യമോ സാംസ്‌കാരിക ചർച്ചയോ ഉണ്ടാവില്ല, അവർ കേൾക്കുന്ന സംഗീതത്തിനുപോലും കുവൈറ്റിലെ ദിനാറുകളുടെ ഈരടികളായിരിക്കും. അവരെ ഓർമ്മപ്പെടുത്തുന്നത് നാളത്തെ കച്ചവടത്തെ കുറിച്ചായിരിക്കും.'' ചിലപ്പോൾ ഞങ്ങൾ കടകളിൽ കയറിയാൽ അവിടെയുള്ള മലയാളികളോട് സംസാരിക്കും. അവർ  കാസർകോടോ, കോഴിക്കോട്ടൊ, എറണാകുളത്തോ  ഉള്ളവരായിരിക്കാം, പക്ഷേ അവർ തരുന്ന സ്‌നേഹം മലയാളത്തിന്റെതായിരുന്നു. ഹൃദ്യമായ അവരുടെ പെരുമാറ്റവും ഞങ്ങളോടുള്ള ബഹുമാനവും അനിർവചനീയമാണ്. ഞങ്ങളറിയാതെ അവർ ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി മാറുന്നതു പ്രവാസജീവിതത്തിന്റെ പ്രത്യേകതയാണ്. ആ തെരുവിൽ പാക്കിസ്ഥാനിയും ഫലസ്തീനിയുമുണ്ട്. അവരുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ പണ്ടുമുതലേ സൂക്ഷിച്ച ശത്രുത എവിടെയോ പോയൊളിച്ചിരുന്നു. അവർക്ക് ഞങ്ങൾ കൊടുക്കലിന്റെയും വാങ്ങലിന്റെയും ഒരു ഉപകരണം മാത്രമായിരുന്നു.     


കടലേ ശാന്തമാകൂ: 
അക്കാലത്തായിരുന്നു ''ബാസ് യാ ബഹാർ'' എന്ന ആദ്യ കുവൈത്തി സിനിമ പുറത്തിറങ്ങിയത്. അത് വളരെ വലിയ വാർത്തയായി. ''കടലേ ശാന്തമാവൂ'' എന്ന ആദ്യ കുവൈറ്റി പടത്തിന്റെ കഥയും സംവിധാനവും  നിർമ്മാണവും ഒരു കുവൈറ്റി ആയതിനാൽ ആ പടത്തിന് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയായി. അതിന്റെ സംവിധായകൻ ഖാലിദ് അൽ-സിദ്ധീഖിയെ നേരിൽ കാണാനും അദ്ദേഹവുമായി ഒരു ഇൻറർവ്യു ചെയ്യാനും ഞാൻ തീരുമാനിച്ചു. പോകുമ്പോൾ കൂടെ വർമയും ഉണ്ടായിരുന്നു. കുവൈറ്റി സമൂഹത്തിലെ ആദ്യ സംവിധായകൻ ഖാലിദ് അൽസിദ്ധീഖിയിലൂടെ ജനിക്കുകയായിരുന്നു. സിനിമാ പഠനം പൂനെയിലായിരുന്നു എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് അതിശയമായി. ഞാൻ ചോദിച്ചു:
 ''ഹിന്ദി അറിയാമോ?'' അദ്ദേഹം ഉവ്വെന്നു പറഞ്ഞുകൊണ്ട് പിന്നീട് ഞങ്ങളോടു ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. ആദ്യത്തെ സിനിമയുടെ വിജയം കുവൈറ്റിന്റെ അഭിമാനമായിരുന്നു. ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനുള്ള അവാർഡ് കൂടി കിട്ടിയതോടെ ഖാലിദ് സിദ്ധീഖി  അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ''ദ വെഡ്ഡിംഗ് ഓഫ് സൈൻ'' എന്ന  സിനിമയും നിർമ്മിച്ചു. രണ്ടാമത്തെ ചിത്രത്തിനു കൈറോ ഫിലിം ഫെസ്റ്റിൽ അവാർഡ് കരസ്ഥമാക്കി. ഇന്റർവ്യു ഞാൻ നാട്ടിലെ ഒരു പത്രത്തിന് അയച്ചുകൊടുത്തു. 


വർമ്മ കുവൈറ്റിൽ ഉണ്ടായിരുന്ന കാലത്തായിരുന്നു  ''കുവൈറ്റ് ടൈംസ്'' എന്ന ഇംഗ്ലീഷ് ദിനപത്രത്തോടൊപ്പം രണ്ടു പേജ് മലയാളം പത്രം തുടങ്ങിയത്. അന്നു കെ. പി. മോഹനൻ കുവൈറ്റ് ടൈംസിന്റെ ബസിനസ്സ് എഡിറ്ററായിരുന്നു ആദ്യമൊക്കെ കൈകൊണ്ട് എഴുതി അച്ചടിക്കുകയായിരുന്നു. മേതിൽ രാധാകൃഷ്ണന്റെ കൈയ്യക്ഷങ്ങൾ തുടക്കത്തിൽ മലയാള പത്രത്തിന് മാറ്റുകൂട്ടി. 
മരുഭൂമിയിലെ അനുഭവങ്ങൾ അധികമൊന്നും വർമ്മ എന്ന എഴുത്തുകാരനെ സ്വാധീനിച്ചിരുന്നില്ല. പുനത്തിലിന്റെ ''കന്യാവനങ്ങൾ'' പോലെ ഒരു കൃതി ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചു. അറബികളുടെ ജീവിതം വരച്ചു കാണിക്കാൻ അദ്ദേഹം എന്തുകൊണ്ടോ മിനക്കെട്ടില്ല. ''ചമ്പലോ''  ''ഓഹരിയോ'' പോലെ ഒരു മഹത്തായ മരുഭൂമി നോവൽ മലയാളികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം ഒന്നോ രണ്ടോ ചെറുകഥകളിൽ തന്റെ മരുഭൂമികഥകൾ ഒതുക്കിയത് മലയാളികളെ നിരാശരാക്കിയിരുന്നു. 
വർമ്മ ഇന്നും സാഹിത്യത്തിൽ സജീവ സാന്നിധ്യമാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ''കേരള സാഹിത്യ മണ്ഡലം'' കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്.

Latest News