പിണറായി വിജയൻ കള്ളക്കടത്തുകാരുടെ ഡോൺ-കെ.എം ഷാജി

കണ്ണൂർ- സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണവുമായി മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. സ്വർണക്കടത്തിലെ ഡോൺ ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാജി ആരോപിച്ചു. വെടിയുണ്ട കടത്തിയ മുഖ്യമന്ത്രിയുടെ നാട്ടിൽ സ്വർണം കടത്തുന്നുവെന്നത് അതിശയമല്ല. മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണ് ഇത്. ജോൺ ബ്രിട്ടാസ്, ശിവശങ്കരൻ, സമ്പത്ത്, രവീന്ദ്രൻ തുടങ്ങിയവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവരുടെ ഫോൺ കോളുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണും പരിശോധിച്ചാൽ സ്വപ്‌ന എവിടെയാണ് എന്ന് കണ്ടെത്താനാകും. ബ്രിട്ടാസാണ് ഇതിലെ മുഖ്യകണ്ണിയെന്നും ഷാജി ആരോപിച്ചു.

നോർത്ത് ഇന്ത്യയിൽ നടക്കുന്ന വലിയ കള്ളക്കടത്ത് സംഘത്തിന്റെ രാഷ്ട്രീയ പതിപ്പാണ് മുഖ്യമന്ത്രി. പിണറായി വിജയനെ മുഖ്യമന്ത്രി എന്നല്ല വിളിക്കേണ്ടത്. ഡോൺ എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. രാഷ്ട്രീയാതീത സൗഹൃദങ്ങളാണ് എല്ലാ തട്ടിപ്പുകളുടെയും കവചമെന്ന് ഷാജി ആരോപിച്ചു. ഈ കേസിലും എന്താകുമെന്ന് കണ്ടറിയണം. കൊടുക്കൽ വാങ്ങലുകളുടെ രാഷ്ട്രീയം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് റിയാസിന്റെ കുടുംബത്തിനും ഇതിൽ പങ്കുണ്ട്. കേരളത്തിലെ ഗവൺമെന്റ് തന്നെ കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് യു.എ.ഇ സർക്കാർ അറിഞ്ഞാൽ എന്തായിരിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഇക്കാര്യത്തിൽ പങ്കുണ്ട്. നിഷ്‌കളങ്കതയുടെ മുഖംമൂടി അണിഞ്ഞാണ് ശ്രീരാമകൃഷ്ണൻ പ്രവർത്തിക്കുന്നത്. ലോക കേരള സഭയുടെ മറവിൽ വൻ അഴിമതിയാണ് നടത്തിയത്.  
സ്വപ്‌ന സുരേഷ് സർക്കാറിന്റെ സംരക്ഷണയിലാണ് ഒളിച്ചുകഴിയുന്നത്. സകല തെളിവുകളും നശിപ്പിച്ച ശേഷമായിരിക്കും സ്വപ്നയെ അറസ്റ്റ് ചെയ്യുകയെന്നും ഷാജി പറഞ്ഞു.

 

Latest News