Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്: മുഖ്യമന്ത്രിയെ പ്രതിയാക്കണം -മുല്ലപ്പള്ളി

തിരുവനന്തപുരം- സ്വർണക്കടത്ത് കേസ് സി.ബി.ഐക്ക് വിടുന്നതോടൊപ്പം മുഖ്യമന്ത്രിയെ കേസിന്റെ പരിധിയിൽ കൊണ്ടുവരികയും പ്രതിയാക്കുകയും ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. 
1976 കൊഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആന്റ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ട്) നിയമ പ്രകാരം കേസെടുക്കുകയും മുഖ്യമന്ത്രിയെ കേസിന്റെ പരിധിയിൽ കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പിയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. ക്ലിഫ് ഹൗസിനുള്ളിൽ ചാടിക്കടന്ന് യുവമോർച്ച പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അഖിൽ, ഹരിപ്രസാദ് എന്നിവരാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിൽ ചാടിക്കടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് ബി.ജെ.പി തീരുമാനം. ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ നടക്കും. 


തദ്ദേശ തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തിൽ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പ്രചാരണ വിഷയമായി മാറുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തു നടന്ന സോളാർ അഴിമതിക്കേസു പോലെ സ്വർണക്കടത്തും തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴിപ്പിക്കുമെന്നുറപ്പായി. ഇന്നലെ സംസ്ഥാനത്തിന്റ പല ഭാഗത്തും പ്രതിപക്ഷം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സർക്കാരിനെതിരെ തെരുവിലിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിആവശ്യപ്പെട്ടും അദ്ദേഹത്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം.


ലോക്ഡൗൺ മൂലം സമരങ്ങൾക്കിടം കിട്ടാതെ പ്രതിസന്ധിയിലായിരുന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് ജീവവായു നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടിയുടെ പൂർണ ചുമതലയുള്ള സെക്രട്ടറിയുമായ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശിവശങ്കറിനെ ഒഴിവാക്കിയതു കൊണ്ടോ കേസുമായി നേരിട്ട് ബന്ധമുള്ള സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കൊണ്ടോ പ്രതിപക്ഷ സമരം അവസാനിക്കില്ലെന്നാണ് സൂചന. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ടിംഗ് നിലയിലെ വ്യത്യാസം ഒന്നര ശതമാനം മുതൽ മൂന്ന് ശതമാനം വരെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലിത് അഞ്ചു ശതമാനം വരെയായി ഉയർന്നിരുന്നു.

 

Latest News