Sorry, you need to enable JavaScript to visit this website.

നയതന്ത്ര പ്രശ്‌നമായി സ്വർണക്കടത്ത്; പങ്കില്ലെന്ന് യു.എ.ഇ കോൺസുലേറ്റ്‌

കൊച്ചി- സ്വർണക്കടത്ത് കേസ് ഇന്ത്യ-യു.എ.ഇ നയതന്ത്ര പ്രശ്‌നമായി വളരുന്നു. സ്വർണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഇതിൽ പങ്കില്ലെന്നും യു.എ.ഇ കോൺസുലേറ്റ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയം കൂടിയായതിനാൽ പിഴവില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. 
വിദേശത്ത് നിന്ന് സ്വർണം കടത്താൻ സ്വപ്നയ്ക്ക് ആരാണ് സഹായം ചെയ്തതെന്ന് കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം, യു.എ.ഇ കോൺസുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇവർക്ക് സഹായം നൽകിയതായും സൂചനയുണ്ട്. 30 കിലോ സ്വർണം പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണ്.


പിടിച്ചെടുത്ത സ്വർണത്തിൽ തനിക്കോ യു.എ.ഇ സർക്കാരിനോ ഒരു വിധത്തിലുമുള്ള അവകാശവാദവുമില്ലെന്നും ഇന്ത്യൻ സർക്കാരിന് നിയമ നടപടിയെടുക്കാമെന്നും യു.എ.ഇ കോൺസുലേറ്റ് വ്യക്തമാക്കി. കാർഗോ ചാർജ് കോൺസുലേറ്റാണ് അടച്ചത്. എന്നാൽ ബാഗേജിന്റെ പണം നൽകിയത് സരിത്താണ്. നയതന്ത്ര ബാഗേജ് കൊണ്ടുപോകേണ്ടത് കോൺസുലേറ്റിന്റെ വാഹനത്തിലാണ്. എന്നാൽ സരിത്തിന്റെ സ്വന്തം വാഹനത്തിലാണ് സ്വർണമടങ്ങിയ ബാഗ് കൊണ്ടുപോയത്. റിമാൻഡ് ചെയ്ത സരിത്തിനെ അന്വേഷണത്തിനായി വിട്ടുകിട്ടാൻ കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. 
സ്വർണക്കടത്ത് പിടികൂടിയതോടെ സരിത്ത് തന്റെ ഫോൺ ഫോർമാറ്റ് ചെയ്ത് പ്രധാന തെളിവുകൾ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിന്റെ പേരിൽ വന്ന സ്വർണമടങ്ങിയ ബാഗേജ് ഒപ്പിട്ട് വാങ്ങിയത് സരിത്താണ്. യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്ത് നിന്ന് സ്വർണം ആരാണ് അയച്ചത്, ആർക്കുവേണ്ടി, കൂട്ടാളികൾ ആരൊക്കെ എന്നുള്ള ചോദ്യങ്ങൾക്ക് സരിത്ത് വ്യക്തമായ മറുപടി നൽകിയിട്ടില്ല.


നയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽ വിദേശത്ത് നിന്ന് വൻതോതിൽ സ്വർണം കടത്തിയതിൽ സ്വപ്ന സുരേഷിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. യു.എ.ഇ കോൺസുലേറ്റിലെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഇവരുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ പിടിയിലായ പി.എസ് സരിത്താണ് സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്.
യു.എ.ഇയിൽ പലചരക്ക് കട നടത്തുന്ന ഫാസിൽ വഴിയാണ് ബാഗേജ് അയച്ചത്. കോൺസുലേറ്റിലേക്കുള്ള ഭക്ഷ്യ സാധനങ്ങളാണ് ഇതിൽ നിറച്ചതെന്നാണ് കാണിച്ചിട്ടുള്ളത്. ഈന്തപ്പഴം, പാൽപ്പൊടി, മാഗി കറി പായ്ക്കറ്റ്, ബട്ടർ കുക്കീസ്, നൂഡിൽസ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോൺസുലേറ്റ് ഓർഡർ നൽകിയിരുന്നത്. എന്നാൽ ബാഗേജിൽ 14.82 കോടി രൂപയുടെ 30,244.900 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. 

 

Latest News