Sorry, you need to enable JavaScript to visit this website.

ധന്യമായ ഓർമകളുമായി കലാം മഞ്ഞപ്പാറ മടങ്ങുന്നു 

ജിദ്ദ - മുപ്പത്തഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൊല്ലം മഞ്ഞപ്പാറ സ്വദേശി അബ്ദുൽ കലാം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ജോൺസൺ കൺട്രോൾസ് യോർക് കമ്പനിയിലെ ഉദ്യോഗം അവസാനിപ്പിച്ചാണ് ഇന്ന് ഉച്ചക്ക് രണ്ടേകാലിനുള്ള വന്ദേഭാരത് വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. 
1985 മുതൽ സൗദിയിലുള്ള അബ്ദുൽ കലാം ജിദ്ദയിലാണ് കൂടുതൽ കാലം ജോലി ചെയ്തത്. 1985 ൽ ആദ്യമായി എത്തിയത് ഖമീസ് മുഷൈത്തിലായിരുന്നു. പിന്നീട് റിയാദിലും കുറച്ചുകാലം ജോലി ചെയ്തു. അഞ്ചു വർഷം സൗദി കേബിൾസിലും മൂന്നുവർഷം സൗദി ബ്രദേഴ്‌സ് ഷെറാട്ടൻ ഗ്രൂപ്പിലും ജോലി ചെയ്തു. ഇടക്കാലത്ത് ഇരുപത് മാസത്തോളം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് സെക്ഷനിലും താൽക്കാലികമായി ജോലി നോക്കി. 18 വർഷമായി യോർക്കിൽ ജോലി ചെയ്ത അദ്ദേഹം കസ്റ്റമർ സർവീസ് ടീം ലീഡറായാണ് വിരമിച്ചത്.


ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചാണ് 59 കാരനായ അബ്ദുൽ കലാമിന്റെ മടക്കം. ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം (കെ.പി.എസ്.ജെ) രൂപീകരിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു. സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. ഒമ്പതു വർഷത്തോളം ആ സ്ഥാനത്തു തുടർന്നു. 
കൊല്ലം നിവാസികളുടെ പരമാവധി പ്രാതിനിധ്യം സംഘടനയിൽ ഉറപ്പാക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകാനും ഇക്കാലയളവിൽ കഴിഞ്ഞത് മങ്ങാത്ത ഓർമയായി നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രത്യേക അഭിനന്ദനത്തിന് സംഘടന പാത്രമായത് അദ്ദേഹം ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ്. സംഘടനയിലെ കുട്ടികളുടേയും വനിതകളുടെയും കലാ-സാംസ്‌കാരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളിലും വാർഷിക സംഗമങ്ങളിലും നേതൃത്വമേകി. 


ഭാര്യ ലീന കലാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്നു. ജോലി രാജിവെച്ച് അവർ ഏതാനും ആഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മകൾ നിദ ഫാത്തിമയും മരുമകൻ മുഹമ്മദ് അസ്‌ലവും അദ്ദേഹത്തോടൊപ്പം ഇന്ന് മടങ്ങുന്നുണ്ട്. ബിരുദ വിദ്യാർഥിയായ നാദിയ ഫാത്തിമ, ഐ.ഐ.എസ്.ജെയിൽ പത്താം ക്ലാസ് പൂർത്തിയാക്കി മടങ്ങുന്ന നൈറ ഫാത്തിമ എന്നിവരാണ് മറ്റ് മക്കൾ.
പ്രവാസ ജീവിതത്തിന്റെ ധന്യമായ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ കലാമിന്റെ സങ്കടം ഒന്നുമാത്രം. അവസാനമായി മക്കയും മദീനയും സന്ദർശിച്ച് യാത്ര പറയാനായില്ല. മഹാമാരിയുടെ കാലം കഴിയുമ്പോൾ അതിനായി ഒരിക്കൽ കൂടി വരാമെന്ന പ്രത്യാശയോടെയാണ് അദ്ദേഹത്തിന്റെ മടക്കം. സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേരുകയും ഭാവി ജീവിതത്തിന് ശുഭാശംസ നേരുകയും ചെയ്തു. 

 

Latest News