മടങ്ങാനാവാത്ത പ്രവാസിയുടെ പ്രതീകം; അശ്‌റഫ് തെങ്ങുകയറുന്നു

വടകര- മഹാമാരിയെ തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിദേശയാത്ര മുടങ്ങിയ ആയിരങ്ങളില്‍ ഒരാളാണ് വേളം ചേരാപുരം നമ്പാംവയലിലൈ കേയത്ത് കുനിയില്‍ അശ്‌റഫ്. മണലാരണ്യത്തിലേക്കുള്ള യാത്ര തടസമായെങ്കിലും തോറ്റ് കൊടുക്കാന്‍ അശ്‌റഫ് തയാറായില്ല. ജീവിക്കാന്‍ പൊരുതുക എന്ന തീരുമാനവുമായി തെങ്ങ് കയറുകയാണ് അശ്‌റഫ്.
2019 ഡിസംബര്‍ അഞ്ചിന് നാട്ടിലെത്തിയ അശ്‌റഫ് മാര്‍ച്ചില്‍ തിരിച്ചുപോകേണ്ടതായിരുന്നു. ഖത്തറിലെ ഉസാന്‍ അലിയിലെ മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്നു. കൊറോണ വൈറസ് വ്യാപകമായതോടെ നിലവില്‍ വന്ന ലോക്ഡൗണ്‍ അശ്‌റഫിന്റേയും യാത്ര മുടക്കി.

കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ എങ്ങിനെ തുടര്‍ ജീവിതം എന്ന ചോദ്യം അശ്‌റഫിനെ അലട്ടുകയായിരുന്നു. അതിനിടയിലാണ് ഒരു ദിവസം വീട്ടില്‍ തെങ്ങ് കയറാന്‍ വന്ന തൊഴിലാളി യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി ഇറങ്ങാനാകാതെ വിഷമിച്ചത്. തെങ്ങില്‍ ഇതുവരെ കയറിയിട്ടില്ലാത്ത അശ്‌റഫ്  തെങ്ങില്‍ കയറി യുവാവിനെ രക്ഷപ്പെടുത്തി.  ഒരു തൊഴിലും വശമില്ലാത്ത അശ്‌റഫിന് ഇതൊരു നിമിത്തമായി. തുടര്‍ന്നാണ് തനിക്ക് തെങ്ങില്‍ കയറാമെന്ന ഉറച്ച വിശ്വാസമുണ്ടായത്. പിന്നീട്  യന്ത്രം വാങ്ങി തെങ്ങില്‍ കയറി തുടങ്ങിയത്.

ഇപ്പോള്‍ ദിനേനെ അമ്പതോളം തെങ്ങില്‍ കയറി ലഭിക്കുന്ന വരുമാനമാണ് അശ്‌റഫിന്റെ കുടുംബത്തിന്റെ നിത്യ ചെലവിനുള്ള വഴി. ഉമ്മയും ഭാര്യയും ഒരു മകളും നാല് സഹോദരങ്ങളും അടങ്ങുന്നതാണ്  കുടുംബം. ഇപ്പോള്‍ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിളി വരും. ഒരു മടിയും കൂടാതെ അവിടെ പോയി തേങ്ങയിടുകയാണ് അശ്‌റഫ്. എല്ലാം നേരെയായാല്‍ ചെറിയ ശമ്പളമാണെങ്കിലും വിദേശത്ത് പോയി ജോലി ചെയ്യണമെന്ന ആഗ്രഹം അശറഫിന്റെ മനസിലിപ്പോഴുമുണ്ട്. അതിന് കഴിയുമെന്നാണ് ഉറച്ച വിശ്വസം.

 

 

Latest News