കൊച്ചി- തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണം പിടിച്ചയുടന്‍ ശുപാര്‍ശക്കായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടെ എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് കസ്റ്റംസ് അധികൃതര്‍.
പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ദല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.
മൂന്നുമാസത്തിനിടെ യു.എ.ഇ. കോണ്‍സുലര്‍ ജനറലിന്റെ പേരില്‍ എട്ട് പാര്‍സലുകള്‍ വന്നതാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. കൂടുതലും അദ്ദേഹത്തിന്‍ ഭാര്യയുടെ മേല്‍വിലാസത്തിലായിരുന്നു. ടിഷ്യു പേപ്പര്‍, ടൈല്‍സ്, ഫോട്ടോകോപ്പി മെഷീന്‍ എന്നിവയാണെന്നാണ് അറിയിച്ചിരുന്നത്.
നയതന്ത്ര ബാഗേജുകള്‍ തുറന്നുപരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എന്നാല്‍ ഇക്കുറി ടവ്വല്‍ തൂക്കിയിടാനുള്ള കമ്പികള്‍, ഡോര്‍ സ്‌റ്റോപ്പര്‍, ബാത്ത്‌റൂം ഫിറ്റിങ്‌സ് എന്നപേരില്‍ വന്ന പാര്‍സലില്‍ കോണ്‍സുലേറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. പാർസല്‍ തുറക്കണമെങ്കില്‍ യു.എ.ഇ. അംബാസഡര്‍ അനുമതി നല്‍കുകയോ പാർസലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണമായിരുന്നു.
ദല്‍ഹിയിലെ യു.എ.ഇ. അംബാസഡർ പാർസലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചതോടെയാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.